മലപ്പുറം: മതസൗഹാർദ്ദത്തിന്റെ സന്ദേശം പകർന്നു മലപ്പുറം മിനി പമ്പയിലെ അന്നദാന പന്തലിലേക്ക് ആവശ്യമായ അരി സംഭാവന നൽകി മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി. അന്നദാനത്തിലേക്കാവശ്യമായ മുഴുവൻ അരിയും നൽകാമെന്ന് മലപ്പുറം മുസ്ലിം യൂത്ത് ലീഗിന്റെ ഉറപ്പ് നൽികിയിരുന്നു. അതിന്റെ ആദ്യ പടിയായാണ് സാദിഖലി ശിഹാബ് തങ്ങളെത്തി 40 ചാക്ക് അരി നൽകിയത്.

ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ മിനി പമ്പയിൽ തുടർച്ചയായി ഏഴാമത്തെ വർഷമാണ് അയ്യപ്പസേവാ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നദാനം നടത്തുന്നത്. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 40 ചാക്ക് അരിയാണ് അന്നദാന ക്യാമ്പിൽ സംഭാവനയായി നൽകിയത്. അന്യമതത്തിന്റെ വിശ്വാസങ്ങൾ ബഹുമാനിക്കുകയെന്നത് ഒരു വിശ്വാസിയുടെ കടമയാണെന്നും വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുകയെന്നതാണ് പ്രധാനമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുൻ എംഎൽഎ അബ്ദുർറഹ്മാൻ രണ്ടത്താണി, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അൻവർ മുള്ളമ്പാറ, ഫൈസൽ തങ്ങൾ പൊന്നാനി, ഐ പി ജലീൽ, കെ ടി അഷ്റഫ്, ഇബ്രാഹിം മൂതൂർ, സി എം അക്‌ബർ കുഞ്ഞു എന്നിവരുൾപ്പെട്ട മുസ്ലിംലീഗ് പ്രതിനിധി സംഘം ഇന്നലെ വൈകീട്ടാണ് അന്നദാന ക്യാംപിൽ അരിയുമായെത്തിയത്. ക്യാംപിൽ നിന്നു ഭക്ഷണവും കഴിച്ചാണ് തങ്ങളും സംഘവും മടങ്ങിയത്.

അന്നദാനത്തിലേക്കാവശ്യമായ മുഴുവൻ അരിയും നൽകാമെന്ന് മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആദ്യപടിയായി 40 ചാക്ക് അരി ലീഗ് നേതാക്കൾ അഖില ഭാരത അയ്യപ്പസേവാസംഘം ഭാരവാഹികൾക്ക് കൈമാറി. അയ്യപ്പ സേവാ സംഘം ജില്ലാ ഭാരവാഹികളായ കെ ഗോപാലകൃഷ്ണൻ നായർ, കോ-ഓഡിനേറ്റർ കണ്ണൻ പന്താവൂർ, ക്യാംപ് ഓഫിസർ ജയൻ മാന്തടം, ബാലചന്ദ്രൻ മുല്ലപ്പള്ളി, ഉണ്ണി കൂരട, മുസ്തഫ മദിരശ്ശേരി, മനോജ്, കെ വി ശ്രീനാരായണൻ, സുനിൽ എന്നിവർ ചേർന്ന് തങ്ങളേയും സംഘത്തേയും സ്വീകരിച്ചു.