വിശ്വാസത്തിന്റെ പേരിൽ നരബലി നടത്തിയിരുന്ന വിഭാഗങ്ങൾ ലോകത്ത് പലയിടത്തുമുണ്ടായിരുന്നു. ലോകം വികസിക്കുകയും മനുഷ്യർ അറിവ് നേടുകയും ചെയ്തതോടെ അത്തരം അനാചാരങ്ങളും ക്രൂരതകളും പലതുമില്ലാതായി. ഇപ്പോഴും ചിലയിടങ്ങളിൽ രഹസ്യമായി നരബലിപോലത്തെ ദുഷ്‌കർമങ്ങൾ തുടരുന്നതായി റിപ്പോർട്ടുണ്ടെങ്കിലും, ലോകം അതിനെതിരാണ്. പ്രവാചകന്റെ പേരക്കുട്ടിയുടെ മരണം ഓർമിക്കുന്നതിന് ഷിയ മുസ്ലീങ്ങൾ ശരീരം കീറിപ്പൊളിച്ച് നടത്തുന്ന ഈ ആചാരത്തെയും പരിഷ്‌കൃത ലോകത്തിന് അംഗീകരിക്കാനാവില്ല.

ഇറാഖിലെ ഷിയ മുസ്ലീങ്ങളാണ് ഇത്തരത്തിൽ വിശ്വാസം പിന്തുടരുന്നത്. മുൻകാലങ്ങളിൽ ഷിയാകളുടെ ആഘോഷങ്ങൾക്കുനേരെ സുന്നികളായ ഐസിസ് ഭീകരരുടെ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിൽ, ഇറാഖിലെ ഷിയ നഗരമായ കർബലയിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കാൽലക്ഷത്തോളം ഇറാഖി സൈനികരാണ് കർബലയിൽ സുരക്ഷ കാക്കുന്നത്.

കത്തിയും കൊടുവാളുമുപയോഗിച്ച് തല വെട്ടിപ്പൊളിച്ചുകൊണ്ടാണ് ഷിയാകൾ പ്രവാചക പുത്രന്റെ മരണത്തെ ഓർമിക്കുന്നത്. കുട്ടികളുടെ പോലും തല വെട്ടിപ്പൊളിക്കുന്ന ആചാരത്തിന്റെ ദൃശ്യങ്ങൾ മനസ്സാക്ഷിയുള്ളവർക്ക് കാണാനാവില്ല. വർഷം തോറും നടക്കുന്ന അഷുറ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ സ്വയം പീഡനം. മുള്ളുനിറച്ച ചാട്ടകൾ ഉപയോഗിച്ച് ശരീരത്തിൽ തുടർച്ചയായി അടിച്ച് പൊട്ടിക്കുന്നതും ഇതിന്റെ ഭാഗമാണ്.

ഇറാഖിൽ മാത്രമല്ല ഈ ചോരക്കളി. ലോകമെമ്പാടും ഷിയാകൾ ഈ തരത്തിലാണ് അഷുര ആഘോഷിക്കുന്നത്. ലെബനനിലും ഇറാനിലും ഗ്രീസിലും അഫ്ഗാനിസ്താനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള ആചാരങ്ങൾ അരങ്ങേറാറുണ്ട്. കർണാടകത്തിലെ വിദൂര ഗ്രാമത്തിൽ, പിഞ്ചുകുട്ടികളെ തീക്കനലിൽ കിടത്തിക്കൊണ്ടുള്ള ആചാരവും ഇതിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ദിവസമാണ് വിശ്വാസത്തിന്റെ പേരിലുള്ള ആ ക്രൂരത വെളിയിൽവന്നത്.

ഏഴാം നൂറ്റാണ്ടിൽ കർബല ഹുസൈൻ എന്ന ഇമാം ഹുസൈന്റെ ജീവത്യാഗത്തെ സ്മരിക്കുന്നതിനാണ് അഷുറ ആഘോഷിക്കുന്നത്. ഹുസൈന്റെ തലവെട്ടിയതോടെയാണ് ഇസ്ലാം ഷിയാകളെന്നും സുന്നികളെന്നും രണ്ടായി വേർപിരിഞ്ഞതെന്നാണ് കരുതുന്നത്.