മസ്‌കത്ത്: ഒമാനിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തട്ടിയോട് കാണം വീട്ടിൽ കെ.വി. ബാലന്റെ മകൻ ഷിജിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 34 വയസായിരുന്നു പ്രായം.

അൽ ഹജിരി കമ്പനിയിൽ ഡ്രാഫ്റ്റ്മാനായി ഒരാഴ്‌ച്ച മുമ്പാണ് ഷിജിൽ ജോലിക്കെത്തിയത്. ലേബർ കാർഡ് എടുക്കുന്നതിനായി വരാൻ ആവശ്യപ്പെടുന്നതിന് വേണ്ടി കമ്പനിയിൽ നിന്ന് ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. താമസ സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

മൂന്ന് വർഷം മുമ്പ് മസ്‌കത്തിൽ ജോലി ചെയ്തിരുന്ന ഷിജിൽ രാജിവെച്ച് ദുബായിലേക്ക് മാറിയിരുന്നു. വീണ്ടും കഴിഞ്ഞ ദിവസമാണ് മസ്‌കത്തിൽ ജോലി നേടി എത്തിയത്.