- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാനൽ ചർച്ചയ്ക്കെത്തിയ വനിതകളടക്കമുള്ളവരുടെ ദൃശ്യങ്ങൾ കുളിമുറിയിലെ ഒളിക്യാമറയിലൂടെ പകർത്തി; ശുചിമുറിയിൽ ക്യാമറ വച്ച പോത്തൻകോട് സ്വദേശി ഷിജു അറസ്റ്റിൽ; ജീവനക്കാരന്റെ ഉന്നത ബന്ധങ്ങൾ സമ്മാനിച്ചത് ജാമ്യമുള്ള വകുപ്പുകൾ; ബന്ധു ബലത്തിൽ റിമാൻഡും ജയിൽവാസവും ഒഴിവാക്കിയത് ദൂരദർശൻ ഫ്ളോറിലെ ജീവനക്കാരൻ
തിരുവനന്തപുരം: കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലെ ശുചിമുറിയിൽ ക്യാമറ വച്ചത് പോത്തൻകോട് സ്വദേശി ഷിജു. ദൂരദർശൻ അധികൃതരുടെ പരാതിയിൽ പേരൂർക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബന്ധുവായ ഇയാൾ അദ്ദേഹത്തിന്റെ ശുപാർശയിലാണ് ദൂരദർശനിൽ ജോലിക്ക് പ്രവേശിച്ചത്. ഏതാനും വർഷങ്ങളായി ഇവിടത്തെ കോൺട്രാക്ട് ജീവനക്കാരനാണ് ഷിജു. ഇയാളെ അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് ഇയാൾ. ദുരദർശൻ ഫ്ളോറിലെ ജീവനക്കാരനായിരുന്നു ഇയാൾ.
സംഭവം നടന്നിട്ട് ഒന്നര ആഴ്ച്ചയോളമായെങ്കിലും ദൂരദർശൻ അധികൃതർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകാതിരുന്നത് ഏറെ വിവാദമായിരുന്നു. ഒടുവിൽ വാർത്ത പുറത്തേയ്ക്ക് ചോരുകയും പരാതി നൽകാത്തതിനെ ജീവനക്കാർ ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ കേസ് കൊടുക്കാൻ അവർ തയ്യാറായത്. ജീവനക്കാരന്റെ ഉന്നതബന്ധങ്ങൾ മൂലമാണ് പരാതി നൽകാൻ അധികൃതർ വൈകിയതെന്ന ആക്ഷേപം വ്യാപകമാണ്. ഒടുവിൽ ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് അപ്പോൾ തന്നെ ജാമ്യത്തിലും വിട്ടു.
ഒളിക്യാമറയിൽ അതിഥികളായ വിഐപികളും ജീവനക്കാരും കുടുങ്ങിയോയെന്ന ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ദുർബല വകുപ്പുകൾ ചുമത്തിയുള്ള കേസെടുക്കൽ. യുപിഎ സർക്കാരിന്റെ കാലത്ത് നിർണായകസ്വാധീനമുണ്ടായിരുന്ന പ്രതിപക്ഷ നേതാവിന്റെ ശുപാർശയിലാണ് ബന്ധുവായ ഇയാൾ ദൂരദർശൻ കേന്ദ്രത്തിൽ ജോലിക്ക് പ്രവേശിച്ചത്. അതുകൊണ്ടാണ് സംഭവം കഴിഞ്ഞ് ഒരാഴ്ച്ചയായിട്ടും വാർത്ത പുറത്താകാതെ ഒത്തുതീർപ്പാക്കാൻ അധികൃതർ ശ്രമിച്ചത്. ഈ നേതാവ് ഈ ഘട്ടത്തിൽ പ്രതിക്കായി ഇടപെട്ടില്ല. എന്നാലും ബന്ധുബലം ഉയർത്തിയാണ് ഷിജു കേസിൽ റിമാൻഡും ജയിൽ വാസവും ഒഴിവാക്കിയത്.
വളരെ ഗുരുതരമായ ഈ സംഭവം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് പൊലീസിൽ പരാതിപ്പെടാൻ പോലും അധികൃതർ തയ്യാറായത്. വാർത്ത പുറത്തറിയാതെ കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നിരുന്നു. പേരൂർക്കട പൊലീസ് കേസെടുത്ത് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. വിഐപികളും ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ പതിവായി എത്തുന്ന സ്ഥാപനമായ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ഈ സംഭവത്തിൽ ജീവനക്കാരിൽ കടുത്ത അതൃപ്തിയാണുള്ളത്.
കലാരംഗത്തും രാഷ്ട്രീയത്തിലും ഉൾപ്പെടെ വിവിധ മേഖലകളിലുള്ള പ്രമുഖവ്യക്തികൾ പ്രത്യേക ക്ഷണിതാക്കളായി എത്താറുള്ള സ്ഥാപനമാണ് തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം. സിനിമാ താരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ, രാഷ്ട്രീയ- സാഹിത്യ- സാംസ്കാരികരംഗത്തുള്ള പ്രമുഖർ ഉൾപ്പെടെയള്ള നിരവധിപേർ ദൂരദർശനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി സ്റ്റുഡിയോയിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അവിടെ എത്തിയവരെ ആശങ്കയിലാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒളിക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണം ദൂരദർശനിൽ തന്നെയുള്ള വനിതാ സമിതിയും അച്ചടക്ക കമ്മിറ്റിയുമാണ് ആദ്യം കൈകാര്യം ചെയ്തത്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് ഈ സമിതി. ഇതിൽ ഒട്ടേറെ ജീവനക്കാർ പരാതിയും ആശങ്കയും അറിയിച്ചതായാണ് വിവരം. സംഭവം നടന്ന സ്ഥലത്തെ വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയും നടത്തേണ്ടതുണ്ട്.
ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതായി സ്ഥാപനത്തിലെ വനിതകൾ തന്നെയാണ് കണ്ടെത്തിയത്. ക്യാമറയിലെ ദൃശ്യങ്ങൾ അച്ചടക്കസമിതി പിടിച്ചെടുത്തിരുന്നു. അത് പേരൂർക്കട പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ 'ഒളിക്യാമറാമാൻ' ദൂരദർശനിലെ തന്നെ ജീവനക്കാരനാണെന്നു കണ്ടെത്തിയതാണ് അതിലേറെ ഗുരുതരം. വാർത്ത പരന്നതോടെ ദൂരദർശനിൽ ജോലി ചെയ്യുന്ന വനിതകളും അവിടെ അതിഥികളായെത്തിവരും ആശങ്കയിലാണ്. സ്വകാര്യതയ്ക്കു ഭീഷണിയുയർത്തുന്ന സംഭവങ്ങളാണ് ഉത്തരവാദിത്തപ്പെട്ട ഈ സ്ഥാപനത്തിൽ ഉണ്ടായിരിക്കുന്നത്.