മുംബൈ: ശിക്കാരി ശംഭുവെന്ന അമർ ചിത്രകഥയുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചെന്ന കേസിൽ ശിക്കാരി ശംഭു സിനിമയുടെ നിർമ്മാതാവ് എസ്.കെ. ലോറൻസ്, നിർമ്മാണക്കമ്ബനി എന്നിവർ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി.

ശിക്കാരി ശംഭു എന്ന തങ്ങളുടെ പേടിത്തോണ്ടനായ കഥാപാത്രത്തിന്റെ പേര് അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണു പരാതി. ജസ്റ്റിസ് എസ്.കെ. കാത്വാലയുടെ ബെഞ്ചിൽ കേസ് പരിഗണനയ്ക്കും വന്നു. തങ്ങളുടെ കഥാപാത്രത്തിന്റെ പേര് സിനിമയ്ക്ക് നൽകിയതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി. എങ്കിലും വൈകിട്ടോടെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന നിർമ്മാതാവിന്റെ ഉറപ്പിന്മേൽ ഹർജി പിൻ വലിച്ചു.

അനുവാദമില്ലാതെ തങ്ങളുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിക്കരുതെന്നു സിനിമാ പ്രവർത്തകർക്കു മുന്നറിയിപ്പ് നൽകിയിരുന്നതായി അമർ ചിത്ര കഥ കമ്ബനി വ്യക്തമാക്കി.ഓർഡിനറി, ത്രീ ഡോട്‌സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കുശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിച്ച ചിത്രമാണു ശിക്കാരി ശംഭു.