മുംബൈ: ബോളിവുഡ് താരം ശിൽപാ ഷെട്ടിയുടെ പുതിയ യോഗാ-വെൽനസ് പരമ്പര സൂപ്പർ ഹിറ്റ്. ശിൽപാ ഷെട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലും വെബ്‌സൈറ്റിലുമാണ് വീഡിയോ കാണാനാവുക. വിഡിയോ വൈറലാവുകയാണ്.

ശിൽപാ ഷെട്ടിയുടേയും കുടുംബത്തിന്റെയുമൊപ്പം ബോളിവുഡ് നടനും ജാക്കി ഷറോഫിന്റെ മകനുമായ ടൈഗർ ഷറോഫും ചേർന്നാണ് പുതിയ വീഡിയോകൾ പുറത്തിറക്കിയത്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ അഞ്ചു ലക്ഷത്തിലധികം കാണികളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയിൽ ശിൽപയുടെ വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്ര തന്റെ ഭാര്യക്ക് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തു. യുടൂബിൽ ഒന്നാമതായി തുടരുന്ന എന്റെ പ്രിയപ്പെട്ടവളേയോർത്ത് അഭിമാനിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ശിൽപയുടെ വരും വീഡിയോ പരമ്പരകളിൽ യോഗ മാത്രമല്ല, ആരോഗ്യ സംബന്ധിയായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കും. ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്ന വീഡിയോയും ആരാധകർക്ക് പ്രതീക്ഷിക്കാം.

ശിൽപ ഇതാദ്യമായല്ല യോഗയിലും വ്യായാമ വീഡിയോകളിലും ശ്രദ്ധ നേടുന്നത്. നേരത്തേ ബാബാ രാംദേവുമൊത്തുള്ള യോഗാ ദൃശ്യങ്ങൾ ഏറെ വൈറലായിരുന്നു.