- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിൽ നീലച്ചിത്ര നിർമ്മാണത്തിൽ പങ്കില്ലെന്ന് ക്രൈംബ്രാഞ്ചിനോട് ശിൽപ ഷെട്ടി; ഭർത്താവ് നിർമ്മിച്ചത് ലൈംഗികത ഉണർത്തുന്ന വീഡിയോകൾ, അശ്ലീലമല്ലെന്നും വിശദീകരണം; ഹോട്ട്ഷോട്ട്സിലെ യഥാർഥ ഉള്ളടക്കത്തിൽ അറിവുണ്ടായിരുന്നില്ലെന്നും ബോളിവുഡ് നടി
മുംബൈ: രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തത് ആറു മണിക്കൂറിലേറെയാണ്. ഈ ചോദ്യം ചെയ്യലിൽ ഉടനീളം ഭർത്താവിനെ സംരക്ഷിച്ചു കൊണ്ടാണ് അവർ സംസാരിച്ചത്. ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമ്മാണത്തിൽ തനിക്ക് പങ്കില്ലെന്നായിരുന്നു നടിയുടെ മറുപടി.
രാജ് കുന്ദ്രയുടെ 'ഹോട്ട്ഷോട്ട്സ്' ആപ്പിലോ നീലച്ചിത്ര നിർമ്മാണത്തിലോ താൻ ഇടപെട്ടിട്ടില്ലെന്നാണ് ശിൽപ ഷെട്ടി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഈ ആപ്പുകളിൽനിന്ന് തനിക്ക് ആദായമൊന്നും ലഭിച്ചിട്ടില്ല. ഹോട്ട്ഷോട്ട്സ് ആപ്പിലെ യഥാർഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മറ്റ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങൾ കൂടുതൽ അശ്ലീലസ്വഭാവമുള്ളതാണെന്നും ശിൽപ ഷെട്ടി പൊലീസിനോട് പറഞ്ഞു.
പൊലീസിന് മുന്നിൽ രാജ് കുന്ദ്രയെ നടി ന്യായീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. കുന്ദ്ര നേരത്തെ പൊലീസിനോട് പറഞ്ഞത് തന്നെയാണ് ശിൽപയും ആവർത്തിച്ചത്. തന്റെ ഭർത്താവ് ചെയ്തത് നീലച്ചിത്ര നിർമ്മാണമല്ലെന്നും വെറും ഇറോട്ടിക്ക(കാമകല)യാണെന്നുമായിരുന്നു ശിൽപയുടെ അവകാശവാദം. ഇവ തമ്മിലുള്ള വ്യത്യാസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിക്കുകയും ചെയ്തു.
ലൈംഗികതയെ ഉത്തേജപ്പിക്കുന്ന തരത്തിലുള്ള സിനിമകളാണ് രാജ് കുന്ദ്ര നിർമ്മിച്ചിരുന്നത്. അത് അശ്ലീല വീഡിയോ അല്ല. രണ്ടും വ്യത്യസ്തമാണെന്നും അവർ വ്യക്തമാക്കി. അതിനിടെ, നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാജ്കുന്ദ്രയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം നീട്ടിനൽകിയിരുന്നു. കുന്ദ്രയെ കൂടുതൽ ചോദ്യംചെയ്യണമെന്ന പൊലീസിന്റെ വാദം അംഗീകരിച്ചാണ് ജൂലായ് 27 വരെ കസ്റ്റഡി നീട്ടിയത്. നീലച്ചിത്ര നിർമ്മാണത്തിൽനിന്നുള്ള വരുമാനം കുന്ദ്ര ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.
അശ്ലീല വീഡിയോ റാക്കറ്റുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് തിങ്കളാഴ്ചയാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. റാക്കറ്റിലെ പ്രധാന കണ്ണി രാജ്കുന്ദ്രയാണെന്നതിന് തെളിവുകൾ ലഭിച്ചതായി മുംബൈ പൊലീസ് അവകാശപ്പെടുന്നുണ്ട്. പുതുമുഖ താരങ്ങളെ ഉപയോഗിച്ചാണ് ഇവർ വീഡിയോ നിർമ്മിച്ചിരുന്നത്. വെബ്സീരിസുകളിലേക്കും ഷോർട്ട്ഫിലിമുകളിലേക്കും വേണ്ടിയാണെന്ന് പറഞ്ഞ് യുവതികളെ ഓഡിഷനുകളിൽ പങ്കെടുപ്പിക്കും. ഓഡിഷന്റെ ഭാഗമായി അർദ്ധനഗ്നതയും നഗ്നതയും പ്രദർശിപ്പിച്ച് ചിത്രീകരിക്കും. ഇത്തരത്തിൽ ചതിയിൽപ്പെട്ട നിരവധി പേർ പൊലീസിനെ സമീപിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.
മുംബൈ അന്ധേരി വെസ്റ്റിലുള്ള രാജ് കുന്ദ്രയുടെ ഓഫീസിൽനിന്ന് അശ്ലീല സിനിമകളുടേയും വീഡിയോകളുടേയും വൻശേഖരമാണ് പൊലീസ് അടുത്തിടെ പിടിച്ചെടുത്തത്. 20 ടെറാബൈറ്റ് ഡാറ്റയും ഇത് സംഭരിച്ച ഏഴ് സെർവറുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഒരു ടി.ബി.ഡാറ്റ ഇല്ലാതാക്കിയിട്ടുണ്ട്. ഇത് വീണ്ടെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷമാണ് ഈ ഡാറ്റ ഇല്ലാതാക്കിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചയാൾക്കായി തിരച്ചിലിലാണ് പൊലീസ്.
മറുനാടന് ഡെസ്ക്