ഷിർദിയിലെ സായി ബാബ ക്ഷേത്രത്തിന് സ്വർണകിരീടം സമ്മാനിച്ച് ബോളിവുഡ് നടി ശിൽപ ഷെട്ടി. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ശിൽപ ഷിർദ്ദിയിലെ സായി ക്ഷേത്രം സന്ദർശിച്ചത്.

സായി ഭക്തയായ ശിൽപ ദർശനത്തിന് ശേഷം 800 ഗ്രാം തൂക്കമുള്ള സ്വർണ്ണകിരീടം ക്ഷേത്രത്തിന് സമ്മാനിക്കുകയായിരുന്നു. കിരീടം ക്ഷേത്ര പൂജാരിക്ക് കൈമാറുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു ഇക്കഴിഞ്ഞ 15നാണ് ഷിർദിയിലെ ക്ഷേത്രത്തിൽ കുടുംബസമേതം സന്ദർശനത്തിനായി ശിൽപയെത്തിയത്.

'നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സായിബാബക്ക് നന്ദി. വിശ്വാസവും ക്ഷമയുമാണ് അങ്ങെന്നെ പഠിപ്പിച്ച പാഠങ്ങളുടെ ഉള്ളടക്കം. ഞാനും എന്റെ കുടുംബവും എല്ലായ്പോഴും അങ്ങയുടെ അനുഗ്രഹത്താൽ സുരക്ഷിതരായിരുന്നു എന്നതോർക്കുമ്പോൾ തല കുമ്പിട്ട് നമസ്‌കരിക്കാനേ കഴിയൂ.'- ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഭർത്താവ് രാജ് കുന്ദ്ര, അമ്മ സുനന്ദ ഷെട്ടി, മകൻ വിയാൻ, സഹോദരി ഷമിതാ ഷെട്ടി എന്നിവർക്കൊപ്പമാണ് ശിൽപ ഷിർദിയിലെ സായി ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയത്.