മുംബൈ: രാഷ്ട്രീയത്തിലും സിനിമാ രംഗത്തും ഇപ്പോൾ വിവാദത്തിരി കൊളുത്തിയിരിക്കുന്ന ഒന്നാണ് ' മീ ടൂ' ക്യാംപയിൻ. തങ്ങൾ അനുഭവിച്ച ലൈംഗിക ചൂഷണം നാളുകൾക്കിപ്പുറം തുറന്നു പറയുന്ന ചുവട് വയ്‌പ്പിൽ ബോളിവുഡ് താരങ്ങൾ മുതൽ രാഷ്ട്രീയ പ്രമുഖർ വരെ ഭീഷണി നേരിടുന്നുണ്ട്. ഇതിനിടെയാണ് സീരിയൽ താരമായ ശിൽപ ഷിൻഡേ ' മീ ടു' ക്യാംപയിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. ബോളിവുഡിൽ പീഡനങ്ങൾ ഇല്ലെന്നും എല്ലാ കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണ് നടക്കുന്നതെന്നും ഷിൻഡേ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ശിൽപയുടെ പ്രസ്താവന വൻ വിവാദത്തിന് വഴി വച്ചിരിക്കുകയാണ്.

'ഇത് തികച്ചും അസംബന്ധമാണ്. നിങ്ങൾക്ക് എന്നാണ് ഇൻഡസ്ട്രിയിൽ നിന്ന് മോശമായ അനുഭവം നേരിട്ടത്. അന്ന് പ്രതികരിക്കേണ്ടിയിരുന്ന നിങ്ങൾ വർഷങ്ങൾക്ക് ശേഷം മുറവിളി കൂട്ടിയിട്ട് കാര്യമില്ല, അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. നിങ്ങൾ പറയുന്നത് കേൾക്കാൻ ആർക്കാണ് നേരം. ഇത്തരം തുറന്ന് പറച്ചിലുകൾ കൊണ്ട് കൂട്ടിന് വിവാദം മാത്രമേ ഉണ്ടാകുകയുള്ളു. ലൈംഗിക അതിക്രമം നേരിട്ട സമയത്ത് പ്രതികരിക്കുന്നതിന് ചങ്കുറപ്പ് വേണമെന്നും' ശിൽപ ഷിൻഡെ പറഞ്ഞു.

ബോളിവുഡ് മേഖല മോശമാണെന്നും നല്ലതാണെന്നും ഞാൻ പറയുന്നില്ല. സ്ത്രീകൾ തങ്ങളുടെ തൊഴിലിടങ്ങളിൽ ചൂഷണത്തിന് ഇരയാകുന്നുമുണ്ട്. എന്നാൽ, ബോളിവുഡിനെ എന്തിനാണ് ഇങ്ങനെ കളങ്കപ്പെടുത്തുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇവിടെയുള്ളവരെല്ലാം മോശം ആളുകളാണെന്നാണോ നിങ്ങൾ പറയുന്നത്. ഒരിക്കലുമല്ല, ഇതെല്ലാം ഒരാൾ നിങ്ങളോട് എങ്ങനെയാണോ പെരുമാറുന്നത് അതിന് നിങ്ങളുടെ ഭാഗത്തു നിന്നുള്ള സമീപനം എന്താണ് എന്നതിനനുസരിച്ചിരിക്കുമെന്നും ഷിൻഡെ പറയുന്നു.

ഇതിന് മുമ്പും ബോളിവുഡ് സിനിമ മേഖലയിൽ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെയെല്ലാം പരസ്പര സമ്മതത്തോടെയാണ് നടക്കുന്നത്. നിങ്ങൾക്ക് അതിനോട് താല്പര്യമില്ലെങ്കിൽ അതിൽ നിന്ന് മാറി നിന്നുടായിരുന്നോ? പക്ഷേ അത് നിങ്ങൾ ചെയ്തില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. തനുശ്രിയുടെ ആരോപണത്തോടെയാണ് ബോളിവുഡിൽ മി ടുവിന്റ അലയെലികൾ പടർന്ന് പന്തലിച്ചത്. തുടർന്ന് മുൻനിര സംവിധായകരുടെയും നടന്മാരുടെയും പേരിൽ നിരവധി ആരോപണങ്ങൾ ഉയർന്നുവരുകയും ചെയ്തു.