- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാൻ ഈ ജാതി ഒരെണ്ണം മതി; ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒറ്റപ്പെടുത്താനാവുന്നവരല്ല ജീവൻ തുലാസ്സിൽ വെച്ച് നിലവിളിച്ചോടുന്ന ആ വെളുത്ത വാഹനത്തിലെ ഡ്രൈവർമാർ'
കോഴിക്കോട്: ആറന്മുളയിൽ കോവിഡ് രോഗിയെ 108 ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മഞ്ചേരി മെഡിക്കൽ കോളേജിലൈ ഡോക്ടർ ഷിംന അസീസ്. സ്ത്രീത്വത്തിനെതിരെ മാത്രമല്ല ആംബുലൻസ് ഡ്രൈവറോടുള്ള ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടിയാണ് പ്രതിയുടെ പ്രവർത്തിയെന്ന് ഷിംന പറയുന്നു. ക്രിമിനലുകൾ കൃത്യമായ നേരത്തിന് കണിശമായി ശിക്ഷിക്കപ്പെടുകയും വേണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒറ്റപ്പെടുത്താനാവുന്നവരല്ല ജീവൻ തുലാസ്സിൽ വെച്ച് നിലവിളിച്ചോടുന്ന ആ വെളുത്ത വാഹനത്തിലെ ഡ്രൈവർമാർ. അവരോടൊപ്പം തന്നെയാണെന്നും ഷിംന കുറിക്കുന്നു.
ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
കോവിഡ് രോഗിയെ പീഡിപ്പിച്ച് 108 ആംബുലൻസ് ഡ്രൈവർ ആറന്മുളയിൽ അറസ്റ്റിലായി.രാവും പകലും ഒഴിവില്ലാതെ തെക്കും വടക്കും ഓടുന്ന, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും സഹിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി പലപ്പോഴും വേതനം പോലും കൃത്യസമയത്ത് ലഭിക്കാതെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാൻ ഈ ജാതി ഒരെണ്ണം മതി.
ആംബുലൻസ് ഡ്രൈവർമാർക്ക് വേണ്ടി കൂടി പറയുകയാണ്, കോവിഡ് രോഗിക്ക് പോലും മനസ്സമാധാനവും പരിഗണനയും കൊടുക്കാത്തവനെതിരെ ഏറ്റവും മാതൃകാപരമായ ശിക്ഷയുണ്ടാവണം. അവൻ തിരിഞ്ഞത് രോഗിയായ സ്ത്രീത്വത്തിനെതിരെ മാത്രമല്ല, ഏത് നേരത്തും വിശ്വാസത്തോടെ മനുഷ്യൻ കയറുന്ന ഒരു വാഹനത്തിന്റെ സാരഥികളോട് ഒന്നടങ്കമുള്ള വിശ്വാസത്തിനെതിരെ കൂടെയാണ്.
വീഴ്ചകൾ സംഭവിച്ച് കഴിഞ്ഞിട്ട് സൗകര്യം പോലെ എന്നെങ്കിലും എപ്പോഴെങ്കിലും അന്വേഷിക്കപ്പെട്ടാൽ പോര, അവയുണ്ടാവാതെ നോക്കണം, കാക്കണം, ആവർത്തിക്കാതിരിക്കണം. ഇത്തരം ക്രിമിനലുകൾ കൃത്യമായ നേരത്തിന് കണിശമായി ശിക്ഷിക്കപ്പെടുകയും വേണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒറ്റപ്പെടുത്താനാവുന്നവരല്ല ജീവൻ തുലാസ്സിൽ വെച്ച് നിലവിളിച്ചോടുന്ന ആ വെളുത്ത വാഹനത്തിലെ ഡ്രൈവർമാർ. അവരോടൊപ്പം തന്നെയാണ്, ഏറെ ആദരവോടെ, സ്നേഹത്തോടെ...