തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈൻ എ ഹക്കിന് നോട്ടിസ് നൽകി. നയതന്ത്ര പ്രതിനിധികളല്ലാത്തവർക്ക് ഷൈൻ തിരിച്ചറിയിൽ കാർഡ് നൽകിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കേസിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്തിരുന്നു.

കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളുടെ അടിസ്ഥാനത്തിലാണ് ഷൈൻ എ ഹക്കിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്. ഈ കേസിലെ പ്രധാന പ്രതിയായ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര തിരിച്ചറിയൽ കാർഡ് നൽകിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. നേരത്തെ ചോദ്യം ചെയ്ത അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനും ഷൈൻ ഹഖിനെതിരെ മൊഴി കൊടുത്തതായി സൂചനയുണ്ട്.

കാസർഗോട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസറായിരുന്ന കോളെജ് പ്രൊഫസറുടെ കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ഇടതുപക്ഷം തിരുവനന്തപുരത്ത് അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണറുടെ കൈയെടുക്കുമെന്നു ഭീഷണിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. സ്വർണക്കടത്തിലും റിവേഴ്‌സ് ഹവാലയിലും പ്രതിസ്ഥാനത്തു നിൽക്കുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുമെന്ന കസ്റ്റംസ് മുന്നറിയിപ്പാണ് ഇടതു സംഘടനാ നേതാക്കളെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെയും ഷൈൻ ഹഖിനെ ചോദ്യം ചെയ്യുകയാണ് കസ്റ്റംസ്. തങ്ങൾക്കു നേര് ആരെങ്കിലും വിരൽ ചൂണ്ടിയാൽ ആ കൈകൾ അവിടെ കാണില്ലെന്നു സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മുന്നറിയിപ്പു നൽകി. സ്വർണക്കടത്തു കേസിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ കസ്റ്റസംസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സംഘടനയുടെ ഭീഷണി. നോട്ടീസിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ലാലുവിന്റെ പേരെടുത്തു പറഞ്ഞിട്ടുണ്ട്.

ജീവനക്കാർക്കെതിരെ അന്യായമായി ഉയരുന്ന കൈകൾ അവിടെ ഉണ്ടാകില്ലെന്ന് സംഘടന പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഭീഷണി നോട്ടീസ് പുറത്തിറക്കിയ സംഘടനാ നേതാക്കൾക്കെതിരേ കസ്റ്റംസ് പരാതി നൽകും. സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനു പങ്കുണ്ടെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ് ഹരികൃഷ്ണനെ ചോദ്യം ചെയ്തു. ഹരികൃഷ്ണനെ കൈയേറ്റം ചെയ്തുവെന്ന ആരോപണവുമായിട്ടായിരുന്നു ഭീഷണി. ഇതിന് പിന്നിൽ ഷൈൻ ഹഖാണെന്ന് കസ്റ്റംസ് വിലയിരുത്തുന്നുണ്ട്. ഇടത് സംഘടനയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ഷൈൻ ഹഖ്. ചോദ്യം ചെയ്യലിൽ പാളിയാൽ ഷൈൻ ഹഖിനെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം.

യുഎഇ കോൺസുലേറ്റിന്റെ മറവിൽ കള്ളക്കടത്തിന് ഒത്താശ ചെയ്തുകൊടുത്തത് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ, ഷൈൻ. എ.ഹഖാണെന്ന് ആരോപണം ബിജെപി ഉന്നയിച്ചിരുന്നു. നേരത്തെ ഇദ്ദേഹം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായിരുന്നു. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായിരിക്കെ പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു. ഷൈൻ ഹഖിന്റെ തീവ്രവാദബന്ധം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അഡ്വ എസ് സുരേഷ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുകയും കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം ചോദികയും ചെയ്തു. ഇതേ തുടർന്ന് അന്വേഷണമുണ്ടാവുകയും ഷൈനിനെ സ്റ്റേറ്റ് പ്രോട്ടോക്കോൾ പദവിയിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു.

എന്നാൽ, അധികം വൈകാതെ ഷൈൻ. എ.ഹഖ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കും മുകളിലുള്ള ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറായി മാറുന്ന കാഴ്ചയാണ് കണ്ടത്. ചീഫ് പ്രോട്ടോക്കോൾ ഓഫീസറായ ചീഫ് സെക്രട്ടറിക്ക് തൊട്ടുതാഴെയാണ് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ പോസ്റ്റ്. നയതന്ത്ര ബാഗിൽ എന്തെല്ലാം സാധനങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റിന്റെ അപേക്ഷയിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിടണം. 20 ലക്ഷത്തിന് മുകളിൽ വിലയുള്ള സാധനങ്ങളുള്ള പാഴ്‌സലുകൾ നയതന്ത്ര ചാനൽ വഴി നികുതി ഒഴിവാക്കി വിട്ടുനൽകണമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം പറയുന്നത്. 20 ലക്ഷത്തിൽ താഴെയുള്ളതാണെങ്കിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ നൽകിയാൽ മതിയാകും. യു എ ഇ കോൺസലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയപ്പോൾ മുതൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ആയ ഷൈൻ ഹഖ് ആണ് സാക്ഷ്യപ്പെടുത്തിയ രേഖകൾ ഒപ്പിട്ടു നൽകിയിരുന്നത്.

2018 ൽ പകരം വന്ന ഇപ്പോഴത്തെ ഓഫീസർ ബി.സുനിൽകുമാർ, കസ്റ്റംസിന് നൽകിയ മൊഴിയിൽ, തന്നോട് യുഎഇ കോൺസലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ എന്ന പദവി ഉപയോഗിച്ച് ഷൈൻ ഹഖ് തന്നെയാണ് രേഖകൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് എന്നാണ് സംശയം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് മുകളിൽ പദവി സൃഷ്ടിച്ച് ഷൈൻ ഹഖിനെ ഇരുത്തിയതുതന്നെ ദുരുദ്ദേശമായിരുന്നു എന്നാണ് ആരോപണം. പ്രളയ സമയത്ത് വാർ റൂമിലെ ഭക്ഷണത്തിന് ചെലവ് വരാവുന്ന ഒരു ലക്ഷം രൂപ സ്വന്തം പേരിൽ തുക മുൻകൂർ ആയി അനുവദിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയതുൾപ്പെടെ പല വിവാദങ്ങളിലും ഷൈൻ ഹഖ് ഉൾപ്പെട്ടിരുന്നു.

2018ൽ ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയ പ്രോട്ടോകോൾ ഓഫീസറെ ചീഫ് ജോ.പ്രോട്ടോകോൾ ഓഫീസറാക്കി നിയമിച്ചത് മുഖ്യമന്ത്രിയാണ്. ഷൈൻ ഹഖ് എന്ന സിപിഎമ്മിന്റെ സ്വന്തക്കാരനായ ഇയാളാണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെച്ചത്. പുതിയ ചീഫ് പ്രോട്ടോകോൾ ഓഫീസർ സുനിൽകുമാർ അല്ല ഹഖ് ആണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.