ലണ്ടൻ: അവസരം കിട്ടിയപ്പോൾ ഇന്ത്യയെ കളിയാക്കാൻ ഇറങ്ങിയ ബ്രിട്ടീഷ് ടെലിവിഷൻ റിയാലിറ്റി അവതാരകൻ പിയേഴ്‌സ് മോർഗന് ഇത്തവണ കണക്കിന് പ്രഹരം ലഭിച്ചിരുന്നു. ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പ്രകടനത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്തതോടെയാണ് മോർഗന്റെ വിവരക്കേടിനു ഒപ്പം വംശീയതയും പുറത്തു ചാടിയത്. എന്നാൽ, ഇന്ത്യയെ കളിയാക്കിയ മോർഗ്ഗനെ ആദ്യം സേവാഗ് തന്നെ ട്വിറ്ററിൽ പഞ്ഞിക്കിട്ടിരുന്നു. സേവാഗിൽ നിന്നും പ്രഹരമേറ്റതിന് പിന്നാലെയാണ് ഒളിമ്പ്യൻ ഷൈനി വിൽസണും മറുപടിയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മലയാളികളുടെ അഭിമാന കായികതാരവും നാല് വട്ടം രാജ്യത്തെ ഒളിമ്പിക്‌സിൽ പ്രധിനിധികരിച്ച കായികതാരം ഷൈനി വിത്സൺ മോർഗന് മറുപടി നൽകിയത്. ഇതോടെ മറുപടി പറഞ്ഞതോടെ മോർഗാണ് സോഷ്യൽ മീഡിയയുടെ ചൂട് നന്നായി അറിയേണ്ടി വന്നു. മോർഗനെ നന്നാക്കാൻ ബ്രിട്ടീഷ് വംശജരും ട്വിറ്ററിൽ അണിനിരന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയമായത്.

നാസയിൽ എത്ര ഇന്ത്യക്കാർ ഉണ്ട്, അവരോടൊപ്പം മികവ് കാട്ടാൻ പറ്റിയ എത്ര ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഉണ്ട് എന്നൊക്കെ കൂടി അറിഞ്ഞിട്ടു മതിയായിരുന്നു ഇത്തരം പ്രകോപനപരമായ പരാമർശം നടത്താൻ എന്നാണ് ട്വിറ്ററിലൂടെ മോർഗാണ് കിട്ടിയ വിലയേറിയ ഉപദേശം. ഏതായാലും ഇന്ത്യക്കെതിരെ വംശീയ അധിക്ഷേപം നിറഞ്ഞ പരാമർശം നടത്തുന്ന മറ്റൊരു റിയാലിറ്റി ഷോ അവതാരകൻ ജെറെമി ക്ലർക്കാസനെ പോലെ മോർഗനും വിടുവായത്തം പറയുമ്പോൾ ഇനി രണ്ടു വട്ടം ആലോചിക്കാൻ തയ്യാറാകും എന്നതാണ് സോഷ്യൽ മീഡിയയുടെ ഇടപെടലിലൂടെ തെളിഞ്ഞിരിക്കുന്നത്.

ഒളിപിക്സിൽ കേവലം രണ്ടു മെഡൽ നേടിയ ശേഷം ഇന്ത്യ നടത്തിയ ആഹ്ലാദമാണ് പിയേഴ്‌സ് മോർഗനെ ചൊടിപ്പിച്ചത്. ഒരു ബില്യണിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഇതത്ര ആഹ്ലാദിക്കാൻ ഉള്ള വകയാണോ എന്നാണ് മോർഗന്റെ അന്വേഷണം. രാജ്യമെങ്ങും ഇതിന്റെ പേരിൽ ആഘോഷം സംഘടിപ്പിച്ചത് എത്ര നാണക്കേട് ആണെന്ന് ആലോചിക്കണം എന്നും മോർഗൻ പറയുന്നു. അദ്ദേഹം ട്വീറ്റ് നടത്തിയ ഉടൻ തന്നെ ഇന്ത്യൻ കായിക പ്രേമികൾ ദേശീയ വികാരം ഏറ്റെടുത്തു മറുപടി നൽകി രംഗത്തെത്തി.

ഇന്ത്യയുടെ പ്രകടനം അത്ര മെച്ചമായില്ല എന്നത് സത്യം ആയിരിക്കെ തന്നെ പ്രചോദനം നൽകാൻ കഴിഞ്ഞ താരങ്ങളെ ആദരിച്ചതും അത് വഴി കായിക ലോകത്തിനു കൂടുതൽ ആത്മവിശ്വാസം നൽകാൻ നടത്തിയ ശ്രമവും ഏതു തരത്തിലാണ് നാണക്കേട് ആയി കണക്കാക്കേണ്ടത് എന്നാണ് ഇന്ത്യൻ താരങ്ങളും കായിക പ്രേമികളും മോർഗാനോട് ചോദിക്കുന്നത്. കായിക രംഗത്തെ നേട്ടങ്ങളും ജനസംഖ്യയും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുന്നു എന്ന ചോദ്യവും ഇപ്പോൾ മോർഗൻ നേരിടുകയാണ്. ഈ കണക്കിൽ ബ്രിട്ടനേക്കാൾ കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങൾ നേടിയ നേട്ടവും താരതമ്യം ചെയ്യേണ്ടതല്ലേ എന്ന ചൂടൻ മറുപടിയും മോർഗനെ തേടി എത്തിയിട്ടുണ്ട്.

എന്നാൽ മലയാളി എന്ന നിലയിലും തുടർച്ചയായി നാല് വട്ടം ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞു നാടിന്റെ അഭിമാനമായ ഷൈനി വിത്സൺ നൽകുന്ന മറുപടിയാണ് ഏറെ ശ്രദ്ധ നേടിയത്. കായിക രംഗത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത മോർഗൻ ഇത്തരം ഒരു പ്രസ്താവം നടത്തരുത് എന്നതായിരുന്നു ഷൈനി നൽകിയ മറുപടിയുടെ കാതൽ. ഇന്ത്യയുടെ പ്രകടനം റിയോയിൽ അത്ര വലിയ നാണക്കേട് ഉണ്ടാക്കി എന്നൊന്നും താൻ കരുതുന്നില്ല എന്നും ഈ തൊടുപുഴക്കരി പറയുന്നു.

യൗവന കാലം മുതൽ തുടങ്ങി 35 വയസു വരെ ഒളിമ്പികിൽ പങ്കെടുത്ത വ്യക്തി എന്ന നിലയിലാണ് ഇപ്പോൾ മോർഗാണ് മറുപടി നൽകുന്നത് എന്നും ഷൈനി പറയുന്നു. ട്രാക്കിൽ 19 വയസു ഉള്ളപ്പോൾ 1984 ളിൽ ആണ് ഷൈനി ആദ്യമായി ഇന്ത്യക്കു വേണ്ടി ഒളിമ്പിക് ജേഴ്സി അണിയുന്നത്. അക്കാലത്തു ഏറെ കഷ്ടപ്പെട്ടാണ് ഇന്ത്യക്കു വേണ്ടി അഞ്ചോ ആറോ പേർ ഒളിമ്പിക് യോഗ്യത കണ്ടെത്തുന്നത് എന്നും ഷൈനി ഓർമ്മിപ്പിക്കുന്നു. അന്നും ഇന്ത്യയുടെ ജനസംഖ്യ വലിയ കുറവ് ഒന്നും അല്ലായിരുന്നു. അക്കാലവും ആയി താരതമ്യപെടുത്തുമ്പോൾ ഇപ്പോൾ 35 അംഗ സംഘത്തെ റിയോയിൽ അണിനിരത്താൻ കഴിഞ്ഞത് നേട്ടം തന്നെ അല്ലേ എന്നും ഷൈനി ചോദിക്കുന്നു.

മാത്രമല്ല, ലോകമൊട്ടാകെയായി 207 രാജ്യങ്ങൾ റിയോയിൽ അണിനിരന്നപ്പോൾ ഇന്ത്യ അതിൽ 67 സ്ഥാനത്തു എത്തി എന്നതും മോർഗൻ കണ്ടില്ല. ഇതൊക്കെ മനസ്സിലാക്കുമ്പോൾ ഇന്ത്യ തീർച്ചയായും പിന്നോട്ടല്ല, മുന്നോട്ടു തന്നെയാണ് നീങ്ങുന്നത് എന്നും ഷൈനി വാദിക്കുന്നു. ഒരു കായികതാരത്തിന്റെ ഊർജ്ജം ഒട്ടും ചോരാത്ത മട്ടിൽ തന്നെ. കൂട്ടത്തിൽ ഇന്ത്യൻ കായിക രംഗം കൂടുതൽ നേട്ടം കൊയ്യാൻ കായിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും മറ്റും കൂടുതൽ ആർജ്ജവം കാട്ടണം എന്ന ഉപദേശവും ഷൈനി നൽകുന്നുണ്ട്.

ഒരു കായികതാരം എന്ന നിലയിൽ വെത്യസ്ത രാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ചൂടിനോടും തണുപ്പിനോടും ഒക്കെ എങ്ങനെ പോരാടണം എന്നത് കൂടി ഒളിമ്പിക്‌സ് പോലെ ഉള്ള മത്സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോൾ പരിഗണിക്കപ്പെടണം എന്ന് കൂടിയാണ് താൻ ചൂണ്ടിക്കാട്ടുന്നതെന്നു ഷൈനി വ്യക്തമാക്കുന്നു. ഇക്കാര്യത്തിനായി ഇന്ത്യയിൽ ഉയർന്ന പ്രദേശങ്ങളിൽ സിന്തറ്റിക് ട്രാക് നിർമ്മിച്ച് കായികതാരങ്ങൾക്കു മെച്ചമായ പരിശീലനം നൽകണം എന്ന് കൂടി ഷൈനി ആവശ്യപ്പെടുന്നു. ഈ തരത്തിൽ ചിന്തിക്കുമ്പോൾ മൂന്നാറിലെ സൗകര്യങ്ങൾ പരിഗണിക്കാൻ കേരളം തയ്യാറാകണം എന്നാണ് ഷൈനിയുടെ വാദം.

ഷൈനിയോടൊപ്പം ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാലാ ഗുട്ട, ക്രിക്കറ്റർ റോബിൻ ഉത്തപ്പ, ഷൂട്ടർ ഹീന സിദ്ധു, ഫുട്‌ബോളർ കൈലാഷ് ചന്ദ്രമോഹൻ എന്നിവരൊക്കെയും മോർഗന് മറുപടിയുമായി എത്തുന്നുണ്ട്. മോർഗന് പറഞ്ഞതിൽ ഭാഗികമായി കാര്യം ഉണ്ടെന്നും അതിന്റെ നല്ല വശം ചർച്ചയ്ക്കു എടുത്തു എങ്ങനെ ഇന്ത്യൻ കായിക രംഗത്തെ മെച്ചപ്പെടുത്താൻ കഴിയും എന്ന ചർച്ചയും നടപടിയുമാണ് ഇപ്പോൾ ആവശ്യം എന്നും കായികതാരങ്ങൾ ചൂണ്ടിക്കാട്ടുന്നു. പക്ഷെ കായിക രംഗത്തെ വ്യക്തമായി പഠിക്കാതെ മോർഗൻ നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്.

കാര്യങ്ങൾ അദ്ദേഹം വംശീയത നിറഞ്ഞ കണ്ണിൽ കണ്ടു എന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല. ഇന്ത്യ ക്രിക്കറ്റിൽ ലോക കപ്പു കിരീടം നേടുമ്പോൾ മോർഗൻ ഉറക്കമാണോ എന്ന ചോദ്യവും അദ്ദേഹം ഇപ്പോൾ നേരിടുകയാണ്. ചിലരാകട്ടെ ഒരു മെഡൽ പോലും നേടാൻ കഴിയാതെ പോയ പാക്കിസ്ഥാനെ മോർഗൻ പരാമർശിക്കാതെ പോയതും ചൂണ്ടിക്കാട്ടുന്നു. അപ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ എന്തോ കുഴപ്പമുണ്ട്. ഇന്ത്യ മെച്ചപ്പെടണം എന്ന് പറഞ്ഞിരുന്നെങ്കിൽ മനസിലാക്കാം. പക്ഷെ ജനസംഖ്യയുമായി ഉള്ള താരതമ്യം ശരിയാണോ എന്നാണ് അദ്ദേഹം വീണ്ടു വിചാരം നടത്തേണ്ടത്.