- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിരോഷിമയെയും നാഗസാക്കിയെയും തരിപ്പണമാക്കിയ ആണവ ബോംബാക്രമണത്തിന് ശേഷം ജപ്പാനെ ആധുനികതയിലേക്ക് നയിച്ച രാഷ്ട്രശിൽപി; 'ആബെണോമിക്‌സ്'എന്ന ഓമന പേരിൽ അറിയപ്പെട്ട നയത്തിലൂടെ സമ്പദ് വ്യവസ്ഥയെയും കരകയറ്റി; ചൈനീസ് ഭീഷണിയിൽ തായ് വാനെ ചേർത്തുപിടിച്ച നേതാവ്; ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വിടവാങ്ങുമ്പോൾ

ടോക്യോ: പ്രാർത്ഥനകൾ വിഫലമാക്കി ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ കടന്നുപോയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തിന് ശേഷം ജപ്പാൻ കണ്ട ഏറ്റവും കരുത്തരായ നേതാക്കളിൽ ഒരാൾ. ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിയായ നേതാവ്. ജപ്പാന്റെ രാഷ്ട്രീയ ഭൂമികയിൽ തന്റേതായ ഇടം കണ്ടെത്തിയ ഒരാൾ.
2006-ലാണ് ആബെ ആദ്യമായി ജപ്പാൻ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഒരു വർഷത്തിനു ശേഷം ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിഞ്ഞു. പിന്നീട് 2012ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2012 ഡിസംബർ മുതൽ ആബെ ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു. 2017 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആബെയുടെ പാർട്ടി വൻവിജയം നേടി. നാലാംവട്ടവും അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തി. 2021 ഓഗസ്റ്റ് വരെ അദ്ദേഹത്തിനു പ്രധാനമന്ത്രിപദത്തിൽ തുടരാനുള്ള കാലാവധി ഉണ്ടായിരുന്നു. എന്നാൽ 2020 ഓഗസ്റ്റിൽ അദ്ദേഹം അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞു.
ആബെയുടെ സെന്റർ-റൈറ്റ്, ലിബറൽ ഡമോക്രാറ്റിക് പാർട്ടി 1955 മുതൽ ജാപ്പനീസ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തി വരുന്ന പാർട്ടിയാണ്. 2020 ൽ സ്ഥാനമൊഴിയുമ്പോഴേക്കും, ആധുനിക ജപ്പാനെ ദീർഘകാലം ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ നോബുസുകെ കിഷിയുടെ(1957-1960) കാലയളവിനേക്കാൾ അധികം. ആബെയുടെ പിതാവ് ഷിൻതാരോ ആബെ മുഖ്യ കാബിനറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാഗസാക്കിയിലെയും, ഹിരോഷിമയിലെയും അമേരിക്കൻ ബോംബാക്രമണത്തോടെ തകർന്നടിഞ്ഞ ജപ്പാനെ ലോകം ശ്രദ്ധിക്കുന്ന ശക്തിയായി പരിവർത്തനം ചെയ്തതിൽ ആബെയുടെ പങ്കു വളരെ വലുതാണ്. ജാപ്പനീസ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം തീവ്രയത്‌നം നടത്തി.

ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോൾ, വിവാദങ്ങൾ ശോഭ കെടുത്തിയിരുന്നു. എന്നാൽ, 2012 ൽ രണ്ടാം വട്ടം അധികാരത്തിലേറിയപ്പോൾ രാജ്യത്തെ നയിക്കുന്നതിൽ കൂടുതൽ വിജയം കണ്ടു. മന്ദീഭവിച്ചു കിടന്ന ജാപ്പനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് പോലെയായിരുന്നു ആബെയുടെ സാമ്പത്തിക നയങ്ങൾ. ആബെണോമിക്‌സ് എന്നാണ് അവ അറിയപ്പെട്ടത്. സർക്കാർ ചെലവ് കൂട്ടുന്നതടക്കമുള്ള നടപടികളിലൂടെ, രണ്ടുപതിറ്റാണ്ടോളം തളർന്നു കിടന്ന സമ്പദ് വ്യവസ്ഥയെ ഉണർത്താൻ അദ്ദേഹം പരിശ്രമിച്ചു.
അബെയുടെ പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിലൂടെ ജാപ്പനീസ് സമൂഹവും സമ്പദ്വ്യവസ്ഥയും പതിയെയുള്ള ജീർണിക്കലിൽ നിന്നും രക്ഷപ്പെട്ടതായി തന്നെയാണ് ഇപ്പോഴുള്ള സൂചികകൾ വ്യക്തമാക്കുന്നത്. തൊഴിൽ ഇല്ലായ്മ കുത്തനെ കുറഞ്ഞു. വർഷങ്ങളോളം പൂജ്യത്തിനടുത്ത ശതമാനത്തിൽ വളർന്നു കൊണ്ടിരുന്ന ജാപ്പനീസ് സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്ക് ഒരു ശതമാനത്തിനും മുകളിൽ ആയി. നികുതി നിരക്കുകളിൽ വിപ്ലവാത്മകമായ മാറ്റങ്ങളൊന്നും അബെ കൊണ്ടുവന്നില്ല. പകരം ചില നികുതികൾ ചെറിയതോതിൽ കുറച്ചു .മറ്റുചിലവ വർധിപ്പിച്ചു. ആബെയുടെ നയങ്ങൾ പല സാമ്പത്തിക വിദഗ്ദ്ധർക്കും രുചിക്കുന്നവ ആയിരുന്നില്ല. പക്ഷെ അവയെല്ലാം വിജയിച്ചു എന്ന് അവർക്കുപോലും സമ്മതിക്കേണ്ടി വന്നു എന്നതാണ് യാഥാർത്ഥ്യം.
അമേരിക്കയോട് കൂടുതൽ അടുത്തു
ആബെയുടെ കാലത്ത് ജപ്പാൻ അമേരിക്കയോട് കൂടുതൽ അടുത്തു. അതേസമയം, അടുത്ത അയൽക്കാരുമായുള്ള ബന്ധം വഷളാകുകയും ചെയ്തു. ചൈനയുമായും, ദക്ഷിണ കൊറിയയുമായും അകലാൻ ചില സുരക്ഷാ സഖ്യ നയങ്ങൾ കാരണമായി.

ഭരണഘടന ഭേദഗതി ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു
ജപ്പാന്റെ ഭരണഘടന ഭേദഗതി ചെയ്യണമെന്നത് ആബെയുടെ ദീർഘകാല അഭിലാഷമായിരുന്നു. വിശേഷിച്ചും, യുദ്ധത്തെ തൃജിക്കുന്നതും സൈന്യത്തെ നിരോധിക്കുന്നതുമായ ആർട്ടിക്കിൾ 9, ജപ്പാനെ പ്രാദേശിക ശക്തിയായി വളർത്തുന്നതിൽ തടസ്സം നിൽക്കുന്നതായി അദ്ദേഹം വിശ്വസിച്ചു. എന്നാൽ, ഈ വിഷയത്തിൽ, ജനഹിത പരിശോധന നടത്താനുള്ള ശ്രമത്തിന് പിന്തുണ കിട്ടിയില്ല.
മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ
തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ പല വട്ടം തിരഞ്ഞെടുപ്പിൽ നയിക്കാനും വിജയിപ്പിക്കാനും കഴിഞ്ഞ നേതാവാണ് ഷിൻസോ ആബെ. ജപ്പാന്റെ മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളും. എന്നാൽ, വലതുപക്ഷ ദേശീയവാദികളുമായി കൂട്ടുകൂടിയാണ് അധികാരത്തിലേക്ക് അദ്ദേഹം ഉയർന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിമർശിക്കുന്നുമുണ്ട്.
വിരമിച്ച ശേഷം വിമർശകൻ
വിരമിച്ചതിന് പിന്നാലെ, ജപ്പാന്റെ ഇന്തോ-പസഫിക് നയങ്ങളുടെ കടുത്ത വിമർശകനായിരുന്നു ആബെ. തായ് വാനോടുള്ള അമേരിക്കയുടെ തന്ത്രപ്രധാന നയത്തിലെ അവ്യക്തത നീക്കണമെന്നും, ചൈനീസ് ആക്രമണം ഉണ്ടായാൽ ദ്വീപിനെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് വാക്‌സിൻ ഡോസുകൾ തായ് വാന് നൽകുന്നതിന് പ്രേരിപ്പിക്കാനും ആബെയ്ക്ക് കഴിഞ്ഞു. തായ് വാൻ നേതാവ് സായി ഇങ് വെൻ ആബെയെ നല്ല സുഹൃത്ത് എന്ന് വെള്ളിയാഴ്ച വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.
ട്രംപിന്റെ ഉറ്റ ചങ്ങാതി
അധികാരത്തിലിരിക്കെ, അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നു ആബെ. 2016 ലെ തിരഞ്ഞെടുപ്പിന് ശേഷം ട്രംപിനെ കാണാൻ എത്തിയ ആദ്യ വിദേശ നേതാവ് ആബെയായിരുന്നു.

2019 ൽ ട്രംപ് ജപ്പാൻ സന്ദർശിച്ചപ്പോൾ, ചുവന്ന പരാവതി വിരിച്ച് സ്വീകരണവും നൽകി. അന്ന് ജപ്പാന്റെ പുതിയ ചക്രവർത്തി നരുഹിതോയുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ നതാവാകുകയും ചെയ്തു ട്രംപ്. നിലവിലെ ജാപ്പനീസ് പ്രധാനമന്ത്രി കിഷിദ, ആബെയുടെ ഉറച്ച പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്.


