- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ദിവസം അഞ്ചു കപ്പലുകൾ നീറ്റിലിറക്കി റെക്കോർഡിട്ട് കൊച്ചി കപ്പൽശാല; രണ്ടു കപ്പലുകൾക്ക് കീലിട്ടു
കൊച്ചി: കപ്പൽ നിർമ്മാണ രംഗത്ത് പുതിയ നാഴികക്കല്ലായി കൊച്ചി കപ്പൽ ശാല ഒറ്റ ദിവസം അഞ്ചു കപ്പലുകൾ ഒരുമിച്ച് നീറ്റിലിറക്കുകയും രണ്ടു പുതിയ കപ്പലുകൾക്ക് കീലിടുകയും ചെയ്തു. അതിർത്തി രക്ഷാ സേനയായ ഇന്ത്യൻ ബോർഡർ സെക്യൂറ്റി ഫോഴ്സിനു വേണ്ടി നിർമ്മിച്ച മൂന്ന് ഫ്ളോട്ടിങ് ബോർഡർ ഔട്ട്പോസ്റ്റ് വെസലുകളും സ്വകാര്യ ഷിപ്പിങ് കമ്പനിയായ ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സിനു വേണ്ടി നിർമ്മിച്ച രണ്ടു മിനി ജനറൽ കാർഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്. കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായരുടെ ഭാര്യയും ഡിആർഡിഒ ശാസ്ത്രജ്ഞയുമായ രമീത കെ ആണ് പുതിയ കപ്പലുകൾ പുറത്തിറക്കിയത്. പുതുതായി നിർമ്മിക്കുന്ന പുതിയ രണ്ടു കപ്പലുകളുടെ കീലിടൽ ചടങ്ങുകൾക്ക് സിഎംഡി മധു എസ് നായരും ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് പ്രണബ് കെ ഝായും നേതൃത്വം നൽകി. സുരേഷ്ബാബു എൻവി, ഡയറക്ടർ (ഓപറേഷൻസ്), ബിജോയ് ഭാസ്‌ക്കർ, ഡയറക്ടർ (ടെക്നിക്കൽ), ജോസ് വി ജെ, ഡയറക്ടർ (ഫിനാൻസ്), മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സിനു വേണ്ടി കൊച്ചി കപ്പൽശാല നിർമ്മിക്കുന്ന നാലു മിനി ജനറൽ കാർഗോ ഷിപ്പുകളിൽ രണ്ടെണ്ണമാണ് ഇന്നലെ നീറ്റിലിറക്കിയത്. കൽക്കരി, ഇരുമ്പ് അയിര്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകൾ കൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്നവയാണിത്. 122 മീറ്റർ നീളവും 7.20 മീറ്റർ ഉയരവുമുള്ള ഇവയിൽ 16 ജീവനക്കാർക്കുള്ള സൗകര്യവുമുണ്ട്.
ഇന്ത്യൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിനു വേണ്ടി നിർമ്മിക്കുന്ന ഏഴു കപ്പലുകളിൽ ആദ്യത്തെ മൂന്ന് കപ്പലുകളാണ് നീറ്റിലിറക്കിയത്. 46 മീറ്റർ നീളമുള്ള ഇവ കൊച്ചി കപ്പൽശാലയിൽ തന്നെ രൂപകൽപ്പന ചെയ്തവയാണ്. നാലു അതിവേഗ പട്രോൾ ബോട്ടുകൾക്കു വേണ്ടിയുള്ള സജ്ജീകരണങ്ങൾ അടക്കമുള്ള സംവിധാനങ്ങൾ ഇവയിലുണ്ട്. സുരക്ഷാ സേനയുടെ പട്രോൾ ബോട്ടുകളുടെ വ്യൂഹത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നവയാണ് ഈ ഫ്ളോട്ടിങ് ബോർഡർ ഔട്ട്പോസ്റ്റ് വെസലുകൾ. ചെറു ബോട്ടുകൾക്ക് ആവശ്യമായ ഇന്ധനവും ശുദ്ധജലവും മറ്റു വസ്തുക്കളും വിതരണം ചെയ്യാനാണ് ഇവ ഉപയോഗപ്പെടുത്തുക. ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് അതിർത്തികളിൽ ഇവ വിന്യസിക്കപ്പെടും.
കൊച്ചി കപ്പൽ ശാല കേരളത്തിനു പുറത്ത് മൂന്ന് പുതിയ റിപ്പയർ കേന്ദ്രങ്ങൾ തുറന്നു
കേരളത്തിനു പുറത്തേക്കു പ്രവർത്തനം വ്യാപിപ്പിച്ച കൊച്ചി കപ്പൽശാല മുംബൈ, കൊൽക്കത്ത, പോർട് ബ്ലയർ എന്നിവിടങ്ങളിൽ കപ്പൽ റിപ്പയർ യൂണിറ്റുകൾ ആരംഭിച്ചു. കൊച്ചിയിലെ റിപ്പയർ യൂണിറ്റിനു പുറമെയാണിത്. ഇതിനു പുറമെ കൊൽക്കത്തയിൽ എച്സിഎസ്എൽ എന്ന പേരിലും കർണാടകയിലെ മാപ്ലെയിൽ ടെംബ ഷിപ്യാർഡ് ലിമിറ്റഡ് എന്ന പേരിലും കൊച്ചി കപ്പൽശാലയുടെ പൂർണ ഉടമസ്ഥതയിൽ രണ്ടു പുതിയ കപ്പൽശാലകളും നിർമ്മിക്കുന്നുണ്ട്. ഉൾനാടൻ ജലഗതാഗത്തിന് ഉപയോഗിക്കുന്ന കപ്പലുകളും, ചെറു, ഇടത്തരം കപ്പലുകളുമാണ് ഇവിടെ നിർമ്മിക്കുക. കൊച്ചിയിലെ ആസ്ഥാനത്തും കമ്പനി കൂടുതൽ പണം മുടക്കി അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നുണ്ട്. 2800 കോടി രൂപ ചെലവിൽ കൊച്ചിയിൽ പുതിയ ഡ്രൈ ഡോക്കും വില്ലിങ്ടൺ ഐലൻഡിൽ ഷിപ് റിപയർ യാർഡും നിർമ്മിക്കുന്നുണ്ട്.