മുംബൈ: വിവാദങ്ങൾ സൃഷ്ടിച്ചു തലവേദനയുണ്ടാക്കുന്ന ശിവസേന വീണ്ടും ബിജെപിക്കു പ്രശ്‌നങ്ങൾക്കു കാരണമാകുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്കും കായികതാരങ്ങൾക്കുമെതിരായ പ്രതിഷേധത്തിലൂടെ വിവാദങ്ങൾ സൃഷ്ടിച്ച ശിവസേന ബിജെപിക്കെതിരെ നേരിട്ടുള്ള പ്രസ്താവനയുമായി രംഗത്തെത്തി.

പശുക്കളെക്കുറിച്ചല്ല, വിലക്കകയറ്റത്തെക്കുറിച്ചാണ് ബിജെപി സംസാരിക്കേണ്ടതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേനയുടെ വാർഷിക ദസറ റാലിയിലാണ് താക്കറെ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

ദാദ്രി കൊലപാതകം രാജ്യത്തിന് അപമാനമായി. ബിജെപി എന്നാണ് രാമക്ഷേത്രം നിർമ്മിക്കുകയെന്ന് പരിഹസിച്ച ഉദ്ധവ്, സഖ്യം ഉപേക്ഷിക്കില്ലെന്നും വിമർശനം തുടരുമെന്നും പ്രഖ്യാപിച്ചു.

ബാൽതാക്കറയെ അടക്കം ചെയ്ത ശിവജി പാർക്കിൽ ബിജെപി അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെയുള്ള മുദ്രാവാക്യങ്ങളോടെയാണ് ശിവസേനയുടെ വാർഷിക ദസറാ റാലി തുടങ്ങിയത്. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രസംഗത്തിലുടനീളം സഖ്യകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ചു. അയോധ്യയിൽ ബിജെപി എന്നാണ് രാമക്ഷേത്രം പണിയുന്നതെന്നു ചോദിച്ച ഉദ്ധവ് പശുക്കളെക്കുറിച്ചല്ല ,വിലക്കയറ്റത്തെക്കുറിച്ചാണ് ബിജെപി സംസാരിക്കേണ്ടതെന്നും പറഞ്ഞു. ദാദ്രിയിലെ കൊലപാതകം രാജ്യത്തിന് അപമാനമായി. കേന്ദ്ര മന്ത്രി വികെ സിങ്ങ് ദളിതരെ പട്ടികളോടുപമിച്ചത് ശരിയായില്ല.

കൽബുർഗിയുടെയും ധാബോൽക്കറുടെയും കൊലപാതകികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്നും ശിവസേന ആവശ്യപ്പെട്ടു. അതേസമയം, ഗുലാം അലി പാടുന്നത് വിലക്കിയ നടപടിയെ ഉദ്ധവ് ന്യായീകരിച്ചു. ബിജെപിയുമായിള്ള സഖ്യം ഉപേക്ഷിക്കില്ല, എന്നാൽ തെറ്റായ നയങ്ങൾക്കെതിരെയുള്ള വിമർശനം തുടരുമെന്നും സേനയുടെ രാഷ്ട്രീയ നയപ്രഖ്യാപന റാലിയിൽ ഉദ്ധവ് താക്കറെ പറഞ്ഞു.