മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷനിലെ അഭിമാന പോരാട്ടത്തിൽ ബിജെപിയെ മറികടന്നു ശിവസേന. മുംബൈയ്ക്കു സമീപമുള്ള കല്യാൺ-ഡോംബിവലി കോർപറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപിയെ കടത്തിവെട്ടി ശിവസേന വലിയ ഒറ്റക്കക്ഷിയായത്.

52 സീറ്റാണു സേനയ്ക്കു ലഭിച്ചത്. ആകെ 122 സീറ്റുകളാണിവിടെയുള്ളത്. കല്യാണിൽ 42 സീറ്റോടെ ബിജെപി രണ്ടാം സ്ഥാനത്താണ്. എംഎൻഎസ്-9, കോൺഗ്രസ്-4, എൻസിപി-2, എംഐഎം-2, സ്വതന്ത്രരും മറ്റുള്ളവരും-9 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില.

2010 ലെ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ നേടിയ ബിജെപി ശിവസേന സഖ്യം സ്വതന്ത്രരുടെ പിന്തുണയോടെയാണ് കെഡിഎംസിയിൽ അധികാരത്തിലെത്തിയത്. ഇക്കുറി ഇവിടെ സ്വതന്ത്രരും എംഎൻഎസ്സും നിർണായക ശക്തികളാവും. നേരത്തെ 27 സീറ്റുണ്ടായിരുന്ന എംഎൻഎസിന് ഇത്തവണ രണ്ട് സീറ്റുകൾ മാത്രമാണുള്ളത്. കോൺഗ്രസിന് നാലും എൻസിപിക്ക് രണ്ടും സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ശിവസേനയുടെയും ബിജെപിയുടെയും അഭിമാന പോരാട്ടമായിരുന്നു മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുകൾ.

കോലാപ്പുർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായി. ഇവിടെ കോൺഗ്രസും എൻസിപിയും ചേർന്നു ഭരണം പിടിക്കാനൊരുങ്ങുകയാണ്. 27 സീറ്റോടെ കോൺഗ്രസ് ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. രണ് ടാം സ്ഥാനത്തുള്ള എൻസിപിക്ക് 15 സീറ്റുണ്ട്. ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 32 സീറ്റ് നേടിയിട്ടുണ്ട്.

കല്യാണിൽ നിലവിൽ ശിവസേന-ബിജെപി സഖ്യമാണ് ഭരണം നടത്തിയിരുന്നത്. കോലാപ്പുരിൽ കോൺഗ്രസ്-എൻസിപി സഖ്യം തന്നെയായിരുന്നു നിലവിൽ അധികാരത്തിൽ.

കല്യാൺ-ഡോംബിവലിയിൽ വലിയ ഒറ്റക്കക്ഷിയായെങ്കിലും മേയർ കല്യാണി പാട്ടീൽ ബിജെപിയും സുമൻ നികമിനോടു പരാജയപ്പെട്ടതു ശിവസേനയ്ക്കു തിരിച്ചടിയായി. ശിവസേന മന്ത്രി ഏക്‌നാഥ് ഷിൻഡെയാണു കല്യാണിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്.

കോൺഗ്രസും എൻസിപിയും പിടിമുറുക്കിയപ്പോൾ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പുർ കോർപറേഷനിൽ ശിവസേന നാലു സീറ്റിലൊതുങ്ങി. ഒരു വർഷം മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയിരുന്ന ബിജെപിക്ക് ആ നേട്ടം ആവർത്തിക്കാനായില്ല.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ തട്ടകമായ നാഗ്പുരിൽ ബിജെപിയെ തോൽപ്പിച്ച് എൻസിപി മുന്നിലെത്തി. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ സ്ഥലമായ ബീഡിൽ നാലിൽ മൂന്നു മുനിസിപ്പൽ കൗൺസിലുകളുടെ ഭരണം എൻസിപി സ്വന്തമാക്കി.

ഞായറാഴ്ചയാണ് രണ്ട് മുനിസിപ്പൽ കോർപറേഷനിലും തെരഞ്ഞെടുപ്പ് നടന്നത്.