മുംബൈ: പത്താൻകോട്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ശിവസേന രംഗത്ത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പമുള്ള മോദിയുടെ ചായസൽക്കാരത്തിന് രാജ്യത്തിനു ബലികൊടുക്കേണ്ടി വന്നത് ഏഴു ജവാന്മാരുടെ ജീവനാണെന്നും ശിവസേന കുറ്റപ്പെടുത്തി.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെഴുതിയ എഡിറ്റോറിയലിലാണ് മോദിക്കു രൂക്ഷവിമർശനം. നവാസ് ഷെരീഫിനൊപ്പം ചായ കുടിക്കുന്നത് മോദിയുടെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആ ചായയ്ക്ക് നൽകേണ്ടി വന്നത് നമ്മുടെ ഏഴ് ജവാന്മാരുടെ ജീവനാണ്. എന്തുകൊണ്ടാണ് ഈ ജവാന്മാർ വീരമൃത്യുവരിച്ചത്? എന്തുകൊണ്ട് രാജ്യം പോരാടുന്നില്ല? ഞങ്ങൾക്ക് ഉത്തരം അറിയണമെന്നും ശിവസേന ചോദിച്ചു.

പത്താൻകോട്ടിൽ തീവ്രവാദികൾ കടന്ന് ആക്രമണം നടത്തി 72 മണിക്കൂർ പിന്നിട്ടിട്ടും ഏറ്റുമുട്ടൽ അവസാനിച്ചിട്ടില്ല. ഇത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. രാജ്യത്തിന്റെ അതിർത്തി സുരക്ഷിതമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പത്താൻകോട്ടിലേക്ക് തീവ്രവാദികളെ അയച്ച് പാക്കിസ്ഥാൻ വിശ്വാസ്യത നശിപ്പിച്ചിരിക്കുന്നുവെന്നും ശിവസേന പറഞ്ഞു.

ലോകത്തെ ഒന്നിപ്പിക്കാൻ മിനക്കെടാതെ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് മോദി ചെയ്യേണ്ടത്. അതിനുള്ള സമയമായി മോദിക്കെന്നും ശിവസേന മുഖപത്രം ഓർമ്മിപ്പിക്കുന്നു. പാക്കിസ്ഥാനെ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയതാണ്. ആഭ്യന്തര സുരക്ഷ കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. സമൂഹമാദ്ധ്യമങ്ങളിൽ രക്തസാക്ഷികളായവർക്ക് അനുശോചനം അർപ്പിക്കുന്ന ജോലി മാത്രമാണ് ദേശീയതലത്തിൽ നടക്കുന്നത്. യഥാർഥത്തിൽ എന്തുകൊണ്ടാണ് ഈ സൈനികർ കൊല്ലപ്പെട്ടതെന്ന് ചിന്തിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു.

പാക്കിസ്ഥാൻ നമ്മളെ വഞ്ചിച്ചു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജയ്ഷ് ഇ മൊഹമ്മദ് നേതാവ് മൗലാന മസൂദ് അസറിനെ കൈമാറാൻ തയാറാകണമെന്നും ശിവസേന ആവശ്യപ്പെട്ടു. കോൺഗ്രസായിരുന്നു അധികാരത്തിലെങ്കിൽ സൈനികരുടെ വീരമൃത്യുവിന് പാക്കിസ്ഥാനോട് പ്രതികാരം ചെയ്‌തേനെ. എന്നാൽ ഇപ്പോൾ ഒന്നും സംഭവിക്കുന്നില്ല. പത്താൻകോട് ഭീകരാക്രമണത്തിൽ ഇന്ത്യ പ്രതികാരം ചെയ്യുന്നില്ലയെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ നമ്മുടെ സൈനിക ബലവും ആയുധങ്ങളും കാണിച്ചുകൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ നിഷ്ഫലമാകുമെന്നും ശിവസേന മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.