മുംബൈ: യോഗയിലൂടെ 130 രാജ്യങ്ങളെ 'നിലത്തുകിടത്താൻ' മോദിക്കു കഴിഞ്ഞെന്നു ശിവസേന. എന്നാൽ, യോഗയിലൂടെ വിലക്കയറ്റത്തിന്റെ വേദനയിൽ നിന്നു ജനങ്ങൾക്കു മോചനം നൽകാൻ കഴിയുമോ എന്നും മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെ ശിവസേന പരിഹസിച്ചു.

യോഗ വഴി നിരവധി കാര്യങ്ങൾ നേടാൻ കഴിയും. എന്നാൽ വിലക്കയറ്റവും അഴിമതിയും യോഗ പരിശീലനം മൂലം മാറ്റാൻ കഴിയുമോ? ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകുകയാണെങ്കിൽ നന്നായിരുന്നുവെന്നും ശിവസേന ചോദിക്കുന്നു.

അതേസമയം, യോഗയുടെ പ്രാധാന്യം ലോകത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിൽ ശിവസേന വ്യക്തമാക്കി. 130 രാജ്യങ്ങളെക്കൊണ്ട് യോഗ പരിശീലിപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തുകയാണ് ചെയ്യേണ്ടത്. യോഗ പരിശീലിക്കുന്നയാളെ ലോകം നമിക്കുന്നു. യോഗയിലൂടെ 130 രാജ്യങ്ങളെ 'നിലത്തുകിടത്താൻ' മോദിക്കു കഴിഞ്ഞു. പക്ഷെ പാക്കിസ്ഥാനെ എന്നന്നേക്കുമായി നിലത്തുകിടത്താനാണ് ശ്രമിക്കേണ്ടത്. ഇതു ആയുധം കൊണ്ടേ സാധിക്കൂ. സ്ഥിരമായ 'ശവാസനം' ആണ് പാക്കിസ്ഥാനു നൽകേണ്ടതെന്നും സാമ്‌നയിലെ ലേഖനത്തിൽ ശിവസേന ആവശ്യപ്പെടുന്നു.