മുബൈ: യുപിഎ ഘടകകക്ഷിയല്ലാത്ത ശിവസേന മുന്നണി നേതൃത്വത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അശോക് ചവാൻ. ശിവസേന യുപിഎ സഖ്യത്തിന്റെ ഭാഗമല്ലെന്നും കോൺഗ്രസും ശിവസേനയും തമ്മിലുള്ള ബന്ധം മഹാരാഷ്ട്രയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ശരത് പവാർ യുപിഎയുടെ നേതൃത്വത്തിലേക്ക് എത്തണമെന്ന മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം.

പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത് എന്ന് അശോക് ചവാൻ ചൂണ്ടിക്കാട്ടി. യുപിഎ നേതൃതത്തെ കുറിച്ച് ശിവസേന പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം, ബിജെപിക്ക് എതിരായ യുപിഎ മുന്നണിയെ ശക്തിപ്പെടുത്തേണ്ട സമയമാണ് ഇതെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും സോണിയയുടെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുപിഎ വികസിപ്പിക്കണമെന്നും കൂടുതൽ പാർട്ടികളെ മുന്നണിയിൽ എടുക്കണമെന്നും സഞ്ജയ് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിക്കൊപ്പം ശരദ് പവാറിന്റെ നേതൃത്വും മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സഞ്ജയ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് അശോക് ചവാൻ ശിവസേന നിലപാടുകളെ തള്ളി രംഗത്തുവന്നത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി സഖ്യത്തിൽ ശിവസേനയും എൻസിപിയും കോൺഗ്രസുമാണ് മുഖ്യ കക്ഷികൾ.