മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മഹായുതി സഖ്യം. പിടിവാശികളെല്ലാം ഉപേക്ഷിച്ച് ദേവേന്ദ്ര ഫഡ്‌നവിസ് നയിക്കുന്ന മഹാരാഷ്ട്രയിലെ ബിജെപി. സർക്കാരിൽ ചേരാൻ ഒരുങ്ങുകയാണ് ശിവസേന. പിടിവാശികളെല്ലാം അവർ വേണ്ടെന്നു വച്ചു. ഉപമുഖ്യമന്ത്രി സ്ഥാനവും ശിവസേന വേണ്ടെന്ന് വയ്ക്കും. ആഭ്യന്തരവകുപ്പും ലഭിക്കില്ല.

ആറ് ക്യാബിനറ്റ് സ്ഥാനവും നാല് സഹമന്ത്രിസ്ഥാനവുമായിരിക്കും സേനയ്ക്ക് ലഭിക്കുക. ആഭ്യന്തരവകുപ്പിന് പകരം പൊതുമരാമത്ത് വകുപ്പ്, ഊർജം, ജലസംരക്ഷണം തുടങ്ങിയവയാണ് സേനയ്ക്ക് ലഭിക്കുന്ന പ്രധാന വകുപ്പുകൾ. സുഭാഷ് ദേശായി, ദിവാകർ റൗതെ, ഏകനാഥ് ഷിൻഡെ എന്നിവരായിരിക്കും ക്യാബിനറ്റ് മന്ത്രിമാർ എന്നാണ് സൂചന. സഞ്ജയ് റാത്തോഡ്, സഞ്ജയ് ഷിർസത്, വൈഭവ് നായിക്, സുനിൽ പ്രഭു, സഞ്ജയ് പൊട്‌നിസ്, നീലം ഗോറെ എന്നിവരായിരിക്കും സഹമന്ത്രിമാർ. കേന്ദ്ര മന്ത്രിസഭയിൽ ശിവസേനയ്ക്ക് കൂടുതൽ പ്രാതിനിധ്യവും നൽകും.

ഇവർക്ക് പുറമെ പത്തോ പന്ത്രണ്ടോ ബിജെപി. മന്ത്രിമാരെ കൂടി ദേവേന്ദ്ര ഫഡ്‌നവിസ് മന്ത്രിസഭയിൽ ഉൾപ്പെടുത്തും. ഇവർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിലവിൽ മുഖ്യമന്ത്രി അടക്കം ഒൻപത് പേരാണ് മന്ത്രിസഭയിലുള്ളത്. എൻ.സി.പി. അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിന്റെ ബലത്തിലാണ് ന്യൂനപക്ഷ മന്ത്രിസഭ അധികാരത്തിലിരിക്കുന്നത്.

25 വർഷമായി ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നു. എന്നാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 സീറ്റിൽ മത്സരിക്കണമെന്ന ബിജെപിയുടെ ആവശ്യം ശിവസേന അംഗീകരിച്ചില്ല. ഇതോടെ സഖ്യത്തിൽ വിള്ളൽ വന്നു. പക്ഷേ തെരഞ്ഞെടുപ്പിൽ മോദി തരംഗത്തിന്റെ കരുത്തിൽ 122 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേനയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ എൻസിപിയുടെ പിന്തുണയോടെ ഫഡ്‌നാവിസ് അധികാരത്തിലെത്തി. വിശ്വാസ വോട്ടെടുപ്പിൽ എൻസിപി, ബിജെപിക്ക് വോട്ട് ചെയ്തിരുന്നില്ല. എന്നാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ ശബ്ദവോട്ടിലെ മുൻതൂക്കവുമായി ഫഡ്‌നാവിസ് അധികാരം ഉറപ്പിച്ചു.

എന്നാൽ മഹാരാഷ്ട്രയിൽ സേനയെ ഒപ്പം നിർത്തണമെന്ന് ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് നിർബന്ധമായിരുന്നു. ഈ സാഹചര്യത്തിൽ ചർച്ചകൾ സജീവമായി. സുരേഷ് പ്രഭുവിനെ ശിവസേനയിൽ നിന്ന് അടർത്തിയെടുത്ത് കേന്ദ്ര മന്ത്രിയാക്കി സേനയ്ക്ക് വ്യക്തമായ സന്ദേശം പ്രധാനമന്ത്രി മോദി നൽകുകയും ചെയ്തു. ഇതോടെ ഉപാധികൾ വേണ്ടെന്ന് വച്ച് മന്ത്രിസഭയുടെ ഭാഗമായി ശിവസേന മാറി. ഇതോടെ എൻസിപിയുടെ പിന്തുണയില്ലാതെ അധികാരത്തിൽ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ഫ്ഡനാവിസ് സർക്കാർ.