ന്യൂഡൽഹി: കേരളത്തിൽ ലൗ ജിഹാദ് വ്യാപകമെന്ന് ശിവസേന എംപി എ ജി സാവന്ത് ലോക്‌സഭയിൽ ആരോപിച്ചു. പ്രതിവർഷം 4000 പേരെയാണ് ലൗ ജിഹാദിന് ഇരയാക്കുന്നതെന്നായിരുന്നു എംപിയുടെ ആരോപണം. പരാമർശത്തിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പ്രതിഷേധമുയർത്തിയതോടെ സഭ ബഹളമയമായി.

ആഗ്രയിൽ 15 മുസ്‌ലിം കുടുംബങ്ങളിലെ 57 അംഗങ്ങളെ മതപരിവർത്തനം നടത്തിയ സംഭവത്തെക്കുറിച്ച് സഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു എംപിയുടെ പരാമർശം. കേരളത്തിൽ 3000 മുതൽ 4000 വരെ ആളുകളെ വർഷം തോറും ലൗ ജിഹാദിലൂടെ മതപരിവർത്തനം നടത്തുന്നുണ്‌ടെന്നാണ് എംപി പറഞ്ഞത്.

കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞ കാര്യമാണിതെന്നും എംപി വിശദീകരിച്ചു. ഇതെത്തുടർന്ന് പ്രസംഗത്തിൽ പ്രകോപിതരായ കേരളത്തിലെ എംപിമാർ ആരോപണത്തിനെതിരേ രംഗത്തെത്തി. വസ്തുതാവിരുദ്ധമായ കാര്യമാണ് ശിവസേന എംപി പ്രചരിപ്പിക്കുന്നതെന്നും കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നും എംപിമാർ വിശദീകരിച്ചു. ബഹളത്തെ തുടർന്ന് ലോക്‌സഭ അല്പനേരം തടസപ്പെടുകയും ചെയ്തു.

പ്രതിഷേധത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ പേര് സഭാരേഖകളിൽ നിന്നു നീക്കം ചെയ്യുകയുംചെയ്തു.