ന്യൂഡൽഹി: പശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്നു ശിവസേന എംപി. ചന്ദ്രകാന്ത് ഖയിരെയാണ് ലോക്‌സഭയിൽ ഇക്കാര്യമുന്നയിച്ചത്. സീറോ അവറിലായിരുന്നു ഖയിരെ ഗോമാതാവിനായി രംഗത്തെത്തിയത്.

പശുവിൽ നിന്ന് അമൂല്യമായ വസ്തുക്കളാണു മനുഷ്യനു ലഭിക്കുന്നത്. പാൽ, ചാണകം, ഗോ മൂത്രം എന്നിവ അമൂല്യവസ്തുക്കളാണ്. ഇവ മനുഷ്യനു പലവിധത്തിലാണ് ഉപയോഗപ്പെടുന്നത്. അതിനാൽ പശുവിനെ രാജ്യത്തിന്റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്നുള്ള എംപിയാണ് ഖയിരെ. കഴിഞ്ഞ ദിവസം ബിജെപി എംപി ആദിത്യനാഥ് ഭഗവത് ഗീത ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭഗവത് ഗീതയിലെ ആശയങ്ങൾ ജിഹാദി ഭീകരതയുടെ ആനുകാലിക കാലത്ത് ഏറെ പ്രസക്തമാണെന്ന് ഇന്നലെ ആദിത്യനാഥ് പറഞ്ഞിരുന്നു.

ഇന്ത്യയുടെ 2015 എന്ന വാർഷിക അവലോകനത്തിൽ 2015ലെ മികച്ച വ്യക്തിത്വം എന്ന ഗണത്തിൽ യാഹൂ വെബ്‌സൈറ്റ് പശുവിനെ ചേർത്തിരുന്നു. ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്യപ്പെട്ടതിനാണ് പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ പുരസ്‌കാരത്തിനു പശു തെരഞ്ഞെടുക്കപ്പെട്ടത്.