മുംബൈ: ബീഫ് നിരോധനവും ദാദ്രി സംഭവവും സാഹിത്യകാരൻ എം എം കലബുർഗിയുടെ കൊലപാതകവും സജീവ ചർച്ചയാകുന്നതിനിടെ ഹൈന്ദവവാദികളുടെ എതിർപ്പു സംഗീതത്തിലേക്കും നീങ്ങുന്നു.

പ്രമുഖ പാക്കിസ്ഥാനി ഗസൽ ഗായകൻ ഉസ്താദ് ഗുലാം അലിയുടെ മുംബൈയിലെ സംഗീതപരിപാടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേനയാണ് രംഗത്ത് എത്തിയത്. എതിർപ്പ് ശക്തമായതോടെ ഗുലാം അലിയുടെ പരിപാടി റദ്ദാക്കി.

വെള്ളിയാഴ്ച മുബൈയിലെ ഷൺമുഖാനന്ദ ഹാളിലാണ് ഗസൽ സന്ധ്യ പരിപാടി ഒരുക്കിയിരുന്നത്. ഈ പരിപാടി നടത്താൻ പാടില്ല എന്ന ആവശ്യമാണ് ശിവസേന ഉയർത്തിയത്.

പരിപാടി റദ്ദുചെയ്യണമെന്ന് സംഘാടകർക്ക് ശിവസേന നിർദ്ദേശം നൽകിയിരുന്നു. നമ്മുടെ സൈനികരെ കൊന്നൊടുക്കുന്നവരുമായി യാതൊരു ബന്ധത്തിന്റേയും ആവശ്യമില്ല. നമുക്കെതിരാണ് അവർ. പിന്നെന്തിന് അവരുടെ ഗായകരെ ഇന്ത്യയിൽ പാടാൻ അനുവദിക്കണമെന്ന വാദമാണു ശിവസേന ഉയർത്തുന്നത്.

74കാരനായ ഉസ്താദ് ഗുലാം അലി മുമ്പും ഇന്ത്യയിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അന്നൊന്നും പ്രതിഷേധവുമായി ആരും എത്തിയിരുന്നില്ല. ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ പ്രശസ്തമായ സങ്കട് മോചൻ ക്ഷേത്രത്തിലും ഗുലാം അലി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. എന്തുപറഞ്ഞാലും ഗുലാം അലിയെ പാടാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ശിവസേന. ഭീഷണിയെയും സമ്മർദത്തെയും തുടർന്ന് അധികൃതർ സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു.