- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കു വഴങ്ങി അഭിമാനം പണയപ്പെടുത്താൻ ശിവസേനയില്ല; ഇനി സഖ്യവുമില്ല; മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിരിക്കാൻ തയ്യാറെന്ന് ഉദ്ധവിന്റെ പാർട്ടി; അനന്ത് ഗീഥെ തൽക്കാലം രാജിവയ്ക്കില്ല
മുംബൈ: ബിജെപിക്കു വഴങ്ങി അഭിമാനം പണയപ്പെടുത്തി മുന്നോട്ടു നീങ്ങാൻ താൽപ്പര്യമില്ലെന്ന് ശിവസേന. മഹാരാഷ്ട്രയിൽ കുറച്ചുനാളായി നടന്ന രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിൽ ബിജെപിയുടെ കൂട്ടിൽ നിന്ന് പുറത്തുകടക്കാൻ ശിവസേന തീരുമാനിച്ചു. ബിജെപിക്കൊപ്പം ഭരണം പങ്കിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാനാണ് ശിവസേന നേതാക്കളുടെ തീരുമാനം. ബിജെപ

മുംബൈ: ബിജെപിക്കു വഴങ്ങി അഭിമാനം പണയപ്പെടുത്തി മുന്നോട്ടു നീങ്ങാൻ താൽപ്പര്യമില്ലെന്ന് ശിവസേന. മഹാരാഷ്ട്രയിൽ കുറച്ചുനാളായി നടന്ന രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിൽ ബിജെപിയുടെ കൂട്ടിൽ നിന്ന് പുറത്തുകടക്കാൻ ശിവസേന തീരുമാനിച്ചു.
ബിജെപിക്കൊപ്പം ഭരണം പങ്കിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാനാണ് ശിവസേന നേതാക്കളുടെ തീരുമാനം. ബിജെപി സർക്കാരിന് എൻസിപി പിന്തുണ നൽകിയാൽ പ്രതിപക്ഷത്ത് ഇരിക്കാനും ശിവസേന മടിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ ബിജെപി ഉടൻ നിലപാട് വ്യക്തമാക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കുമെന്നും ശിവസേന നേതാക്കൾ പറഞ്ഞു.
നേരത്തെ തന്നെ ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന് എൻസിപി അറിയിച്ചതിനാൽ ശിവസേനയുടെ സ്ഥാനം പ്രതിപക്ഷത്തുതന്നെയാകും. തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി ഏക്‌നാഥ് ഷിൻഡെയെ ശിവസേന തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുകയാണെങ്കിൽ ഷിൻഡെയാകും മഹാരാഷ്ട്രയുടെ പ്രതിപക്ഷനേതാവ്. സർക്കാരിന്റെ ഭാഗമാകാൻ തങ്ങളില്ലെന്ന തീരുമാനം ദിവസം മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ്ശിവസേന നേതാക്കൾ അറിയിച്ചത്.
നേരത്തെ കേന്ദ്രമന്ത്രിസഭയിലെ ശിവസേന അംഗം അനന്ത് ഗീഥെയെ പിൻവലിക്കുമെന്ന് സൂചന നൽകിയിരുന്ന നേതാക്കൾ നിലപാടിൽ അൽപ്പം അയവുവരുത്തിയിട്ടുണ്ട്. അനന്ത് ഗീഥെ തൽക്കാലം രാജിവയ്ക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്.
കേന്ദ്രമന്ത്രിസഭാ വികസനത്തോടെയാണ് ബിജെപിയും ശിവസേനയും തമ്മിൽ കുറച്ചുനാളുകളായി പുകഞ്ഞിരുന്ന പ്രശ്‌നങ്ങൾ രൂക്ഷമായത്. മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉദ്ധവിന്റെ നോമിനിയായ അനിൽ ദേശായ് മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യാത്തതും ഇതിന്റെ ഭാഗമായാണ്.
എന്നാൽ ശിവസേനയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സുരേഷ് പ്രഭു ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അനിൽ ദേശായിയെക്കാൾ പരിഗണന സുരേഷ് പ്രഭുവിന് മോദിയും ബിജെപിയും നൽകുന്നെന്ന് പരാതി നേരത്തെ തന്നെ ഉണ്ടായിരുന്ന ശിവസേന ഇതോടെ പൊട്ടിത്തെറിച്ചു. സുരേഷ് പ്രഭു സത്യപ്രതിജ്ഞ ചെയ്തത് ശിവസേനയിൽ നിന്ന് രാജിവച്ചിട്ടാണെന്നും നേതാക്കൾ പറഞ്ഞു. തങ്ങളുടെ ഇഷ്ടത്തിന് കാര്യങ്ങൾ നീക്കിയതോടെ ശിവസേനയെ കാര്യമായി പരിഗണിക്കുന്നില്ലെന്ന സൂചനയാണ് ബിജെപി നൽകിയത്. ഇതോടെ മന്ത്രിസഭയിലെ ശിവസേന അംഗം അനന്ത് ഗീഥെയെ പിൻവലിക്കുന്ന കാര്യവും ശിവസേന ആലോചിച്ചു.
മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ ചേർന്ന ശിവസേന നേതൃയോഗമാണ് ഇപ്പോൾ പുതിയ തീരുമാനം അറിയിച്ചത്. മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയത് ശിവസേനയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. നീണ്ട ചർച്ചകൾക്കുശേഷമാണ് സേന ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയത്. എന്നാൽ ഇന്നു നടന്ന സംഭവങ്ങളോടെ സേനയും ബിജെപിയും കൂടുതൽ അകന്നിരിക്കുന്നുവെന്നും സഖ്യത്തിന് ഇനിയൊരു സാധ്യതയും കാണുന്നില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

