സന്നിധാനം: ന്റെ ഇഷ്ടദേവനായ സ്വാമി അയ്യപ്പന്റെ സന്നിധിയിൽ നടത്തുന്ന താളാർച്ചനയാണ് തന്റെ കലാജീവിതത്തിനുള്ള ഊർജമാകുന്നതെന്ന് പ്രമുഖ താളവാദ്യവിദ്വാൻ ശിവമണി പറഞ്ഞു. ദർശനത്തിന് സന്നിധാനത്ത് എത്തിയതായിരുന്നു ശിവമണി.

എൺപതുകളിൽ പ്രമുഖഗായകനും തന്റെ മാനസഗുരുവുമായ എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ ചെന്നൈയിലെ സ്റ്റുഡിയോയിൽ ഡ്രംസ് വായിക്കുന്ന കാലം. അവിടത്തെ ചങ്ങാതിമാരാണ് ശബരിമല ദർശനത്തിനുപോകുന്ന കാര്യം പറഞ്ഞത്. ഒരു കൗതുകത്തിന് അന്ന് ശബരിമലയിലെത്തി സ്വാമിയെ ദർശിച്ചു.

താളരംഗത്ത് തുടക്കക്കാരനായ താൻ അന്ന് കിട്ടിയ പാത്രങ്ങൾ ചേർത്തുവച്ച് മരച്ചില്ല മുറിച്ച് കോലാക്കി അയ്യപ്പസന്നിധിയിൽ താളംപിടിച്ചു. പിന്നീട് എസ്‌പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം നടത്തിയ സിംഗപ്പൂർ യാത്രയ്ക്കിടെയാണ് ശബരിമലയിൽ എത്തണമെന്ന തോന്നൽ വീണ്ടും ശക്തമാകുന്നത്.

ചെന്നെയിൽ തിരിച്ചെത്തി വ്രതമെടുത്ത് മല ചവിട്ടി. അന്നുതുടങ്ങിയ പതിവ് ഇന്നും തെറ്റിച്ചിട്ടില്ല. ചില വർഷങ്ങളിൽ ഒന്നിലേറെത്തവണ അയ്യപ്പ സന്നിധിയിലെത്തും. സ്വാമിയുടെ ചൈതന്യമാണ് തന്റെ ഊർജം. സ്വാമിക്കുള്ള സേവയാണ് തന്റെ താളാർച്ചന. ഒരുതവണ മാലയിട്ട് വ്രതംനോക്കുന്ന സമയം ഒരു കാറപകടത്തിൽനിന്ന് തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടതും അയ്യപ്പനിലുള്ള വിശ്വാസം ദൃഢപ്പെടുത്തി-ശിവമണി പറഞ്ഞു.