ബെംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗയിൽ ബജ്‌റംഗദൾ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. പലയിടത്തും വാഹനങ്ങൾക്കു തീവച്ചു. കൊലക്കേസിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് 26 വയസ്സുകാരനായ ഹർഷയെ അജ്ഞാതർ കുത്തിപ്പരുക്കേൽപിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലയ്ക്കു പിന്നാലെ പ്രദേശത്തെ വാഹനങ്ങൾ അജ്ഞാതർ തീവച്ചു നശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അക്രമ സാധ്യതാ മേഖലകളിൽ പൊലീസിനെ വിന്യസിച്ചു. നിയന്ത്രണങ്ങൾക്കിടയിലും, കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ നൂറുകണക്കിനു ബജ്‌റംഗദൾ പ്രവർത്തകർ അനുഗമിച്ചു.

ശിവമൊഗ്ഗയിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ആകാശത്തേക്കു വെടിയുതിർത്തു. കൊലപാതകവും കർണാടകയിൽ ആളിക്കത്തുന്ന ഹിജാബ് വിവാദവും തമ്മിൽ ബന്ധമില്ലെന്നാണു മന്ത്രിമാരുടെ നിലപാട്.

പൊലീസിന്റെ നടപടിയിൽ തൃപ്തിയില്ലെന്ന് ബജ്‌റംഗദൾ കൺവീനർ രഘു സകലേഷ്പുർ ദേശീയ മാധ്യമത്തോടു പറഞ്ഞു. സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു ഹർഷ. എന്തു നടപടി സ്വീകരിക്കണമെന്ന് ഉടൻ തീരുമാനിക്കുമെന്നും ബജ്‌റംഗദൾ നേതാവ് വ്യക്തമാക്കി. ക്രമസമാധാന നില പുനഃസ്ഥാപിക്കാനായി പൊലീസ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയെന്നും ആളുകൾ ശാന്തരായി ഇരിക്കണമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

സംഭവത്തെത്തുടർന്ന് കർണാടകയിലെ ശിവമോഗ ജില്ലയിലും പരിസരങ്ങളിലും സുരക്ഷ അതീവശക്തമാക്കിയിരുന്നു. ഭാരതി കോളനിയിലെ രവിവർമ ലെയിനിൽ വച്ചാണ് ഹർഷയെ അജ്ഞാതർ കുത്തി കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ശിവമോഗയിലെ ചില കോളേജുകളിൽ ഹിജാബ് വിവാദത്തെത്തുടർന്ന് അടുത്തിടെ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടിരുന്നു. കൂടാതെ, ഹിജാബുമായി വിവാദവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിലൂടെ ഹർഷ നടത്തിയ പരാമർശങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് സൂചനകൾ. എന്നാൽ, കൊലപാതക കാരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ സൂചനകൾ നൽകിയിട്ടില്ല.

ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ, സ്ഥിതിഗതികൾ സമാധാനപരമാണെന്ന് ശിവമോഗ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. സെൽവമണി ആർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നിരുന്നാലും, ക്രമസമാധാനപാലനത്തിനായി ലോക്കൽ പൊലീസിനെയും ആർഎഎഫിനെയും വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 'പ്രതികളെ കണ്ടെത്തി ശിക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. അവരെ കണ്ടെത്താനുള്ള ശ്രമത്തിൽ സഹകരിക്കണം', മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി പൊലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

'4-5 യുവാക്കളുടെ ഒരു സംഘമാണ് ഹർഷയെ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും സംഘടനയുണ്ടെന്ന് എനിക്കറിയില്ല. ശിവമോഗയിൽ ക്രമസമാധാനനില നിയന്ത്രണത്തിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ നഗരപരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും രണ്ട് ദിവസത്തേക്ക് അവധിയായിരിക്കും', കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശിവമോഗയിലെത്തി ഹർഷയുടെ കുടുംബത്തെ കണ്ടു. പൊലീസിന് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.