വിജയവാഡ: അമ്പെയ്ത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 5 വയസുകാരി ഡോളി ശിവാനി ചെറുകുറി ഈ തവണ സ്വന്തമാക്കിയത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡാണ്. ഇതോടെ പ്രായം കുറഞ്ഞ അമ്പെയ്ത്തുകാരിൽ മികച്ച പ്രകടനമാണ് ശിവാനി കാഴ്ചവെച്ചിരിക്കുന്നത്.

രണ്ടു വയസാകും മുൻപേ അമ്പെയ്ത്തിൽ പ്രഗത്ഭയായിരുന്നു ശിവാനി. പരിശീലന പ്രകടനത്തിൽ 200 പോയിന്റുകൾ നേടി റെക്കോഡ് ഇട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന ബഹുമതിയും ഇതോടെ ശിവാനി സ്വന്തമാക്കിയിരുന്നു.

പത്തു മീറ്റർ അകലത്ത് നിന്നുകൊണ്ട് 103 അമ്പുകളെന്ന് റെക്കോഡാണ് ശിവാനിയെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്ന ബഹുമതിക്ക് ഇടയാക്കിയത്. പതിനൊന്ന് നിമിഷത്തിനുള്ളിലാണ് ഇത്രയും അമ്പുകൾ ലക്ഷ്യസ്ഥാനത്ത് ശിവാനി എയ്തത്. അമ്പെയ്ത്തിൽ പ്രഗത്ഭരായവരുടെ കുടുംബത്തിലെ അംഗമാണ് ശിവനായിയും.

ഈ കൊച്ചുമിടുക്കിയുടെ രണ്ടാമത്തെ റെക്കോഡ് ഇരുപത് മീറ്റർ അകലത്തിൽ നിന്ന് 36 അമ്പുകൾ ലക്ഷ്യത്തിലെത്തിച്ചതിനാണ്. അഞ്ച് മിനിറ്റ് എട്ട് സെക്കന്റ് സമയം കൊണ്ടായിരുന്നു ഇത്. 360ൽ 290 പോയിന്റുകളും ശിവാനി സ്വന്തമാക്കി. ഈ പ്രായത്തിലുള്ള കുട്ടിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയാണ് ശിവാനി അനായാസം മറികടന്നതെന്ന് ഇന്ത്യൻ ആർച്ചറി അസോസിയേഷൻ ഭാരവാഹി ബി ശ്രാവൺകുമാർ അഭിപ്രായപ്പെട്ടു.

ശിവാനിയുടെ അച്ഛൻ ചെറുകുറി സത്യനാരായണൻ സ്വന്തമായ് ആർച്ചറി അക്കാദമി നടത്തുകയാണ്.ആറുവർഷം മുൻപ് മരിച്ച സഹോദരനും അമ്പെയ്ത്തിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയിരുന്നു.