- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടിൽ വരുമ്പോൾ ബാഗിൽ 34 ലക്ഷം രൂപ ഉണ്ടായിരുന്നതായി ചാർട്ടേഡ് അക്കൗണ്ടന്റ്; എല്ലാം സമ്മതിച്ച് ഐഎഎസുകാരനും; ചോദ്യം ചെയ്യലിനോട് പൂർണ്ണമായി സഹകരിച്ച് മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി; നിർണ്ണായകമായത് ലൈഫ് മിഷനിലെ വിജിലൻസ് കേസ്; ശിവശങ്കറിലൂടെ ഇഡി ലക്ഷ്യമിടുന്നത് യഥാർത്ഥ ലൂസിഫറെ
കൊച്ചി: ലൈഫ് മിഷനിൽ വിജിലൻസ് കേസെടുത്തതോടെ എം ശിവശങ്കർ പൂർണ്ണ നിരാശൻ. സിഎം രവീന്ദ്രൻ വിശ്വസ്തനാണെന്നും അയാൾ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ക്ലീൻ ചിറ്റ് നൽകലും ഐഎഎസുകാരനെ ഞെട്ടിച്ചു. ഇതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സത്യം പറഞ്ഞു തുടങ്ങുകയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി. ഇഡി കസ്റ്റഡിയിൽ എടുക്കുമ്പോൾ തനിക്കൊപ്പമാണ് സംസ്ഥാന സർക്കാർ എന്ന ധാരണ ശിവശങ്കറിനുണ്ടായിരുന്നു. ലൈഫ് മിഷനിൽ കേസെടുത്തതോടെ അതു മാറി. ഇപ്പോൾ ഇഡിയുടെ ചോദ്യങ്ങൾക്കെല്ലാം കിറുകൃത്യം മറുപടി നൽകുകയാണ് ശിവശങ്കർ.
സ്വർണ്ണ കടത്തിനും മറ്റും പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്ന് ഇഡി കരുതുന്നു. യഥാർത്ഥ ലൂസിഫറിലേക്ക് അന്വേഷണം എത്തിക്കാനാണ് നീക്കം. ഇതിന് ശിവശങ്കറിന്റെ നിലപാട് വലിയ തടസ്സമായിരുന്നു. അതിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇഡി. ശിവശങ്കർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതു കൊണ്ടു തന്നെ സത്യം പുറത്തു വരുമെന്ന പ്രതീക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ ശിവശങ്കറിൽ നിന്ന് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഇഡിയുടെ ശ്രമം. ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട്. ഇത്തരം വസ്തുതകളും ശിവശങ്കറിനെ പ്രതിസന്ധിയിലാക്കുന്നു.
ഭക്ഷണം ഉപേക്ഷിച്ചും ചോദ്യങ്ങളോടു മുഖംതിരിച്ചും ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ പിടിച്ചുനിന്ന ശിവശങ്കറിനെ കോടതി വീണ്ടും ഇഡി കസ്റ്റഡിയിൽ നൽകിയതോടെ അദ്ദേഹം ചോദ്യങ്ങൾക്കു വഴങ്ങിത്തുടങ്ങി. ശിവശങ്കറും സ്വപ്നയും ചേർന്നുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും അറിയാവുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെ മുന്നിലിരുത്തി ഇന്നലെ ചോദ്യം ചെയ്തു. എല്ലാം വ്യക്തതയോടെ ശിവശങ്കർ പറഞ്ഞു. കസ്റ്റഡിയിലുള്ള 4 ദിവസങ്ങൾ ഇനി നിർണായകമാണ്. രവീന്ദ്രനേയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനായിരുന്നു ആലോചന. ഇതിനിടെയാണ് കോവിഡിന്റെ പേരിൽ ശിവശങ്കർ മുങ്ങിയത്.
കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾ ഇനിയും മറച്ചുപിടിച്ചിട്ടു കാര്യമില്ലെന്ന തോന്നൽ ശിവശങ്കറിനുണ്ടാക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞു. കോഫെപോസ ചുമത്തപ്പെട്ട സാഹചര്യത്തിൽ സ്വപ്ന സുരേഷും അന്വേഷണത്തോടു സഹകരിച്ചു തുടങ്ങി. ലൈഫ് മിഷനിൽ വിജിലൻസ് കേസെടുത്തതും അതിൽ പ്രതിയാക്കിയതും ശിവശങ്കറിനെ ഞെട്ടിച്ചു. തന്നെ പിണറായി കൈവിട്ടുവെന്ന തോന്നിൽ ശിവശങ്കറിന് ഇപ്പോഴുണ്ട്. ശിവശങ്കറിന്റെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കൾ മരവിപ്പിക്കാനുള്ള നീക്കം ഇഡി തുടങ്ങിയിരുന്നു. ഇതും ശിവശങ്കറിനെ സ്വാധീനിച്ചിട്ടുണ്ട്. കേസിൽ സാക്ഷിയോ മാപ്പുസാക്ഷിയോ ആകാനുള്ള സാധ്യത ശിവശങ്കറെ ഇഡി അറിയിച്ചിരുന്നു. ഇതും പരിഗണിക്കുന്നുണ്ട്.
ശിവശങ്കറിന്റെ മൊഴിയിലൂടെ വമ്പൻ സ്രാവുകളെ പിടിക്കാനാകുമോ എന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ലൈഫ് മിഷനിലും സ്വർണ്ണ കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും അഴിമതിയുടെ കറയും ഇഡി സംശയിക്കുന്നുണ്ട്. സ്വപ്‌നയുടെ ലോക്കറിൽ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപ മറ്റാരുടേയോ പണമാണെന്ന വിലയിരുത്തലും സജീവം. ഇത് കണ്ടെത്താനാണ് പ്രധാനമായും ശ്രമിക്കുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗാപാലിന്റെ മൊഴി നിർണ്ണായകമാണ്. സ്വപ്ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്ന് വേണുഗോപാൽ സ്ഥിരീകരിച്ചു. ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നയുടെ പണമിടപാടിൽ ഇടപെട്ടതെന്ന് വേണുഗോപാൽ മൊഴി നൽകി.
സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് ലോക്കറിൽ പലപ്പോഴായി പണമെടുത്ത് നൽകിയെന്നും വിവരങ്ങൾ അപ്പപ്പോൾ ശിവശങ്കറിനോട് പറഞ്ഞിരുന്നെന്നും വേണുഗോപാൽ ഇ.ഡിയോട് പറഞ്ഞു. സ്വപ്ന കൈമാറിയ തുക എത്രയെന്ന് അറിയില്ലെന്നായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് മൊഴി നൽകി. ഇന്നലെ ശിവശങ്കറിന്റെ തൊട്ടു മുൻപിലിരുന്നാണു വേണുഗോപാൽ, കേസിൽ ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലുകൾ ഇഡിയോടു വെളിപ്പെടുത്തിയത്. കേസിൽ വേണുഗോപാലിനെ സാക്ഷിയാക്കിയേക്കും. ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടിൽ വരുമ്പോൾ അവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 34 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ഉണ്ടായിരുന്നതായി വേണുഗോപാൽ പറഞ്ഞു. ശിവശങ്കർ നിർദ്ദേശിച്ചതിനാലാണു തന്റെ സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറിൽ ഈ പണം നിക്ഷേപിക്കാൻ സമ്മതിച്ചത്. അതിനു ശേഷം പലതവണ ലോക്കർ തന്റെ പേരിൽ നിന്നു മാറ്റണമെന്നു ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല.
അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം ഇന്നലെ ഫലം കണ്ടില്ല. കോവിഡ് രോഗബാധിതനായതോടെ ഇക്കാര്യം ഇഡിയെ അറിയിച്ചു രവീന്ദ്രൻ ചോദ്യംചെയ്യൽ ഒഴിവാക്കി. ഈ മാസം 11 വരെയാണു ശിവശങ്കറിനെ ഇഡിക്കു കസ്റ്റഡിയിൽ ലഭിച്ചത്. ശിവശങ്കറിന്റെ ആദ്യ റിമാൻഡ് കാലാവധിയും അന്നു തീരും. അതു കഴിഞ്ഞും പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ ജയിലിൽ ചോദ്യം ചെയ്യാനാണ് അവസരം ലഭിക്കുക. അതിനിടയിൽ രവീന്ദ്രന്റെ ക്വാറന്റൈൻ കാലം കഴിയില്ല.
ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ സമൻസ് ലഭിച്ച ഹൈദരാബാദ് പെന്നാർ ഇൻഡസ്ട്രീസ് സിഎംഡി ആദിത്യനാരായണ റാവുവും കോവിഡ് പരിശോധനാഫലം കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ഇന്നലെ ചോദ്യംചെയ്യൽ ഒഴിവാക്കി.
മറുനാടന് മലയാളി ബ്യൂറോ