കൊച്ചി: നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ കത്തിന് തെളിവുകൾ നിരത്തി മറുപടി നൽകാൻ എൻഫോഴ്‌സ്‌മെന്റ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന തെളിവുകളും ഉണ്ടാകും. ഏത് സാഹചര്യത്തിലാണ് ഇടപെടൽ ഉണ്ടായതെന്ന് കൃത്യമായി തന്നെ വിശദീകരിക്കം. ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കമ്മറ്റിയെ അറിയിക്കും. പ്രതികൾ ഉൾപ്പെടെയുള്ളവർ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതിയെ തടസപ്പെടുത്തുന്നുവെന്ന വാദം ദുർവാഖ്യാനം മാത്രമാണെന്നാണ് ഇ.ഡി നിലപാട്.

കഴിഞ്ഞ ദിവസമാണ് നിയമസഭ എത്തിക്സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് അയച്ചത്. അതിനുള്ള മറുപടിയായിട്ടായിരിക്കും കത്ത് നൽകുക. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന തെളിവുകളുടെ സൂചനയും നൽകും. ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായ അധികാരമുണ്ടെന്ന് ഇഡി വ്യക്തമാക്കി. എന്നാൽ പദ്ധതിയിലേക്ക് കടക്കുന്നില്ല. പദ്ധതി തടസപ്പെടുത്തുന്നുവെന്ന വാദം ദുർവാഖ്യാനം മാത്രമാണെന്നാണ് ഇഡി പറയുന്നത്. എം. ശിവശങ്കർ ഉൾപ്പെടെയുള്ളവർ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളിൽ കമ്മീഷൻ നേടിയിട്ടുണ്ട്. സർക്കാർ പദ്ധതിയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഉൾപ്പെടെയുള്ളവർ ഇടപെട്ടതായും മൊഴികളുണ്ട്. സ്മാർട്ട് സിറ്റി പദ്ധതി മുടങ്ങിക്കിടന്നപ്പോൾ ശിവശങ്കർ ഇടപെട്ട് പുനരുജ്ജീവിപ്പിച്ചു എന്നും മൊഴിയുണ്ട്. സ്വാഭാവികമായും അന്വേഷണം നടത്തുകയും ഫയലുകൾ വിളിപ്പിക്കുകയും വേണം.

സർക്കാരിന്റെ രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് നൽകിയിരുന്നു. റേറ്റ് ക്വാട്ടേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നൽകിയത്. അതുകൊണ്ട് തന്നെ ഇതിൽ സ്വാഭാവിക അന്വേഷണം ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാകും കത്ത് നൽകുകയെന്നും ഇഡി അറിയിച്ചു. ലൈഫ് മിഷൻ, ഇ മൊബിലിറ്റി, ഡൗൺ ടൗൺ, കെ ഫോൺ എന്നിവയുടെ അഴിമതികളിൽ നിർണ്ണായക തെളിവുകൾ കിട്ടിയെന്നും അറിയിക്കും. എല്ലാ പദ്ധതികളുടേയും തലപ്പത്ത് വേണ്ടപ്പെട്ടവരെ ശിവശങ്കർ നിയോഗിച്ചെന്നും നിലപാട് എടുക്കും. സിഎം രവീന്ദ്രനെതിരെ കിട്ടിയ മൊഴികളും എത്തിക്‌സ് കമ്മറ്റിക്ക് നൽകും. ഇതോടെ കൂടുതൽ തെളിവുകൾ പൊതു സമൂഹത്തിൽ എത്തുകയും ചെയ്തു. ഫലത്തിൽ നിയമസഭാ സമിതിയുടെ നീക്കം സർക്കാരിന് വലിയ തിരിച്ചടിയാകും.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കർ ലൈഫ് മിഷൻ, കെഫോൺ, കൊച്ചി സ്മാർട് സിറ്റി പദ്ധതികളുടെ വിവരങ്ങൾ സ്വപ്ന സുരേഷിനു ചോർത്തി നൽകിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനും കോടതി ശിവശങ്കറിനെ 6 ദിവസം കൂടി ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ശിവശങ്കർ വൻകോഴയ്ക്കു വേണ്ടിയാണു ചോർത്തിയതെന്നും വീണ്ടെടുത്ത വാട്‌സാപ് സന്ദേശങ്ങൾ തെളിവാണെന്നും ഇഡി അസി. ഡയറക്ടർ പി. രാധാകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. സ്വപ്നയുടെ ലോക്കറുകളിലെ കള്ളപ്പണം ശിവശങ്കറിന്റേതാണെന്നും സംശയിക്കുന്നു. യൂണിടാക്കിന് കൈമാറാനാണു ലൈഫ് വിവരങ്ങൾ ചോർത്തിയത്. ഹൈദരാബാദ് കമ്പനിയായ പെന്നാർ ഇൻഡസ്ട്രീസുമായും സ്വപ്ന വഴി ശിവശങ്കർ ബന്ധപ്പെട്ടു. പെന്നാർ സിഎംഡിയുടെ വസതിയിലും ഓഫിസിലും നടത്തിയ പരിശോധനയിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടർന്നു ചോദ്യം ചെയ്യുകയെന്നും അറിയിച്ചു.

സ്വപ്ന ഐഫോൺ തന്നത് പിറന്നാൾ സമ്മാനമായാണെന്നു ശിവശങ്കർ പറഞ്ഞു. സ്വപ്നയുടെ പിറന്നാളിന് താൻ അങ്ങോട്ടും ചില സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് ശിവശങ്കർ സമ്മതിച്ചിരിക്കുന്നത്. കഴിഞ്ഞ 3 വർഷവും സ്വപ്ന പിറന്നാൾ സമ്മാനം തന്നിരുന്നു. രണ്ട് വില കൂടിയ വാച്ചുകളാണ് സ്വപ്ന ആദ്യം നൽകിയത്. രണ്ടാം വർഷം ലാപ്‌ടോപ് നൽകിയെന്നും ഈ വർഷം ജനുവരിയിലാണ് ഐഫോൺ സമ്മാനിച്ചതെന്നും ശിവശങ്കർ അന്വേഷണ സംഘത്തിന് മുൻപാകെ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയ്ക്കും കുടുംബത്തിനും താനും പിറന്നാൾ സമ്മാനങ്ങൾ കൊടുക്കുമായിരുന്നുവെന്നു ശിവശങ്കർ മൊഴി നൽകി. സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് നൽകിയ ഐഫോണുകളിൽ ഒന്ന് ശിവശങ്കറിന്റെ കൈയിലാണെന്ന് കണ്ടെത്തിയതോടെയാണ് പല കാര്യങ്ങളിലും നിലനിന്നിരുന്ന അവ്യക്തത മാറിയത്. എന്നാൽ, ആദ്യ ഘട്ടത്തിൽ ഈ കാര്യങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ശിവശങ്കർ സ്വീകരിച്ചത്.

എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫംഗം സിഎം. രവീന്ദ്രൻ ഇതുവരെ മെഡിക്കൽ റിപ്പോർട്ട് നൽകിയില്ല. കോവിഡാണെന്ന വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി . മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനൊപ്പം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള ഇ.ഡി നീക്കം ഇതോടെ പാളി . ശിവ ശങ്കറിന്റെ കസ്റ്റഡി 11 ന് അവസാനിക്കും . കെ. ഫോൺ , ലൈഫ് മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് കോടി ക്കണക്കിന് രൂപ ശിവശങ്കർ കമ്മീഷൻ കൈപ്പറ്റിയെന്നാണ് ഇ.ഡി വിവരം . ഇതിൽ വിവരശേഖരണത്തിനായാണ് രവീന്ദ്രനെ ചോദ്യം ചെയ്യുക.