കൊച്ചി: ഡോളർ കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തേയ്ക്കും. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലും സ്വപ്ന സുരേഷിനെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലും ഒരേസമയം ചോദ്യം ചെയ്തിരുന്നു. വിവരങ്ങൾ രണ്ടിടത്തെയും അന്വേഷണ ഉദ്യോഗസ്ഥർ അപ്പപ്പോൾ പരസ്പരം െകെമാറി.

സ്വർണക്കടത്തിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മൂന്നാം പ്രതി ശിവശങ്കറിനെ ഇന്നു കോടതിയിൽ തിരികെ ഹാജരാക്കും. ഇന്നു രാവിലെ 11 വരെയാണു അദ്ദേഹത്തെ കസ്റ്റഡിയിൽ നൽകിയത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് പുതിയ നീക്കവുമായി എത്തുന്നത്. ശിവശങ്കറിനെ കസ്റ്റഡിയിൽ എടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി വീട്ടിലെത്തി കൂട്ടി കൊണ്ടു പോയെങ്കിലും ശിവശങ്കർ അസുഖം നടിച്ച് ആശുപത്രിയിലായി. പിന്നീട് മുൻകൂർ ജാമ്യാപേക്ഷ എൻഫോഴ്‌സ്‌മെന്റ് തള്ളി. അതിന് ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്.

അതുകൊണ്ട് തന്നെ ഇഡിയുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ മുറയ്ക്കു കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കസ്റ്റംസ് കസ്റ്റഡിയിൽ ചോദിക്കാതിരിക്കുകയും കോടതി ജാമ്യഹർജി തള്ളുകയും ചെയ്താൽ അദ്ദേഹം ജയിലിൽ കിടക്കേണ്ടിവരും. ഒരു ദിവസത്തേക്ക് ശിവശങ്കറിനെ ജയിലിലേക്ക് അയച്ച ശേഷം കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്. ഏതായാലും ഇന്ന് ശിവശങ്കറിന് അതിനിർണ്ണായകമാണ്.

കേസിൽ യുഎപിഎ ചുമത്തി അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജൻസിയും ലൈഫ് മിഷൻ ഇടപാടിൽ വിദേശ സംഭാവന നിയന്ത്രണ നിയന്ത്രണ നിയമപ്രകാരം കേസ് അന്വേഷിക്കുന്ന സിബിഐയും ശിവശങ്കറിന്റെ കാര്യത്തിൽ വ്യക്തമായ നിലപാട് കോടതികളിൽ ബോധിപ്പിച്ചിട്ടില്ല. ശിവശങ്കർ ഇഡിക്കു നൽകിയ മൊഴികളിൽ എൻഐഎയും സിബിഐയും അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുണ്ട്. ഐ ഫോൺ സ്വപ്‌നയിൽ നിന്നും സമ്മാനമായി വാങ്ങിയതും ശിവശങ്കറിന് കുരുക്കാണ്.

ശിവശങ്കറിനെ ആദ്യം ഏഴുദിവസം കസ്റ്റഡിയിൽ വാങ്ങിയ ഇ.ഡി. അഞ്ചാംതീയതി വീണ്ടും ഏഴുദിവസംകൂടി ചോദിച്ചെങ്കിലും കോടതി ആറുദിവസമേ അനുവദിച്ചുള്ളു. ഇതുപ്രകാരം 11-ാം തീയതി 11-ന് കസ്റ്റഡി കാലാവധി കഴിയും. ഈ സമയത്ത് അഞ്ചാംപ്രതിയായ ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കണം. ഇ.ഡി. കസ്റ്റഡി നീട്ടി ചോദിക്കില്ലെന്നാണ് സൂചന.

അന്വേഷണ ഏജൻസികളുടെ നൂറുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലുകൾ, 13 ദിവസത്തെ കസ്റ്റഡി കാലാവധി എന്നിവ ചൂണ്ടിക്കാട്ടിയാകും ശിവശങ്കറിന്റെ അഭിഭാഷകർ ജാമ്യത്തിനായി വാദിക്കുക. ജാമ്യം നൽകുന്നതിനെ ഇ.ഡി. എതിർക്കാനാണ് സാധ്യത. കേസിനെ ബാധിക്കുമെന്നും സസ്‌പെൻഷനിലാണെങ്കിലും തെളിവുകൾ നശിപ്പിക്കാനും സ്വാധീനംചെലുത്താനും സാധ്യതയുണ്ടെന്നും വാദിച്ചേക്കും.