- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്തിൽ ബുദ്ധി കേന്ദ്രം ഐഎഎസുകാരൻ; കള്ളക്കടത്ത് വരുമാനം കൂടുതൽ വരുന്നതുകൊണ്ട് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ പദ്ധതിയിട്ടു; ബാഗ് വിട്ടുകിട്ടാനും സജീവ ഇടപെടൽ നടത്തിയെന്ന് ഇഡി; എല്ലാത്തിനും തെളിവ് വാട്‌സാപ്പ് സന്ദേശങ്ങൾ; മാസ്റ്റർ ബ്രെയിനിന് ഇനി ജയിലിലെ കൊതുകു കടി കൊള്ളേണ്ടിവരും; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ എൻഐഎ
കൊച്ചി: സ്വർണ്ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്ന മാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ്. ഇതോടെ സ്വർണ്ണ കടത്ത് കേസിലും ശിവശങ്കർ പ്രതിയാകുമെന്ന് ഉറപ്പായി. യുഎപിഎ കുറ്റം ചുമത്തി എൻഐഎയും ശിവശങ്കറിനെ അറസ്റ്റ് ചെയ്യും. ഇഡി കണ്ടെത്തിയ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള ശിവശങ്കറെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാൽ റിമാൻഡ് ചെയ്യണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും.
ഇതിന് പിന്നാലെ കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങും. പിന്നീട് എൻഐഎയും. സ്വപ്‌നയുടെ മൊഴിയാണ് നിർണ്ണായകമാകുന്നത്. കള്ളക്കടത്തിൽ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിർദ്ദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ട്. സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർ പദ്ധതിയിട്ടുവെന്നും കഴിഞ്ഞ നവംബർ 11 ന് ഇത് സംബന്ധിച്ച വാട്‌സപ്പ് സന്ദേശം അയച്ചുവെന്നും ഇഡി പറയുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ ഇഡിയുടെ എതിർ സത്യവാങ്മൂലം പിണറായി സർക്കാരിനേയും വെട്ടിലാക്കുന്നതാണ്. എല്ലാത്തിനും തെളിവായി വാട്‌സാപ്പ് സന്ദേശങ്ങളും ഉണ്ട്.
കള്ളക്കടത്ത് വരുമാനം കൂടുതൽ വരുന്നതുകൊണ്ടാണാണ് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ പദ്ധതിയിട്ടത്. നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാൻ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചു. കഴിഞ്ഞ മാസം 15 നാണ് ഇത് സംബന്ധിച്ച മൊഴി നൽകിയത്. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫീസറെ വിളിച്ചതെന്നും ശിവശങ്കർ മൊഴി നൽകിയയിട്ടുണ്ട്. ഇതിലൂടെ ശിവശങ്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് മനസിലാക്കുന്നതെന്ന് ഇഡി പറയുന്നു.
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ എല്ലാ വഴിവിട്ട സാമ്പത്തിക ഇടപാടുകളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘവും നേരിട്ട് അറിഞ്ഞിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിലപാട്. സർക്കാർ പദ്ധതികളുടെ ഇടനിലക്കാരിയായി നടത്തിയ വൻകോഴ ഇടപാടുകളിലെ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണു ശിവശങ്കറെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. മറ്റു ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ സ്വപ്ന കൈമാറിയിട്ടുണ്ടെങ്കിലും ഈ ഘട്ടത്തിൽ പുറത്തുവിടാൻ കഴിയില്ലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി അസി. ഡയറക്ടർ പി.രാധാകൃഷ്ണനും സ്‌പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണനും അറിയിച്ചു.
സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം ശിവശങ്കറാണ്. കള്ളപ്പണം സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന സവിശേഷ അധികാരമുള്ള ഐഎഎസ് ഉദ്യോഗസ്ഥന്റെ സജീവ പങ്കാളിത്തമില്ലാതെ നയതന്ത്ര പാഴ്‌സലിൽ 20 തവണ സ്വർണം കടത്താനാവില്ല. ഇത്തരമൊരാൾ ദേശദ്രോഹപരമായ കുറ്റകൃത്യങ്ങൾക്കു കൂട്ടുനിൽക്കില്ലെന്ന വിശ്വാസത്തിലാണു കസ്റ്റംസ് പരിശോധന ഒഴിവാക്കിയതെന്നും ഇഡി പറയുന്നു
ലൈഫ് മിഷന്റെ പദ്ധതി രേഖകൾ സ്വപ്നയ്ക്ക് കൈമാറിയത് ടെൻഡർ രേഖകൾ തുറക്കുന്നതിന് മുമ്പാണ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഇതെന്ന് ഇഡി പറയുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നുണ്ട്. സ്വർണക്കള്ളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞതായി ഇഡി ഇന്നലെ കോടതിയെ അറിച്ചിരുന്നു.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കുവേണ്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഒരു ദിവസത്തേക്ക് കൂടി ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയത്. ഈ സാഹചര്യത്തിൽ ശിവശങ്കറിന് കോടതി ജാമ്യം അനുവദിക്കില്ലെന്നാണ് സൂചന. ജാമ്യ ഹർജിയിലെ ശിവശങ്കറിന്റെ അഭിഭാഷകുടെ നിലപാടും നിർണ്ണായകമാകും. ഇഡിയുടെ വെളിപ്പെടുത്തലുകളോട് ഏതു തരത്തിൽ പ്രതിഭാഗം പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. ഏറെ കാലം ശിവശങ്കറിന് ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് സൂചന. ജയിലിലേക്ക് മാറ്റിയാൽ കേരളത്തെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്ന സർവ്വ സൈനാധിപന് കൊതുകു കടിയും കൊണ്ട് കിടക്കേണ്ടി വരും.
അറസ്റ്റിലായ അന്നുമുതൽ ഇഡി കസ്റ്റഡിയിലാണ് ശിവശങ്കർ. പൊലീസ് സ്‌റ്റേഷനിലേക്കും മാറ്റിയിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്ന ശിവശങ്കറിന് മാന്യമായ സൗകര്യങ്ങൾ ഇഡി നൽകുകയും ചെയ്തു. എന്നാൽ റിമാൻഡ് പ്രതിയായി ജയിലിൽ എത്തിയാൽ ആനുകൂല്യമൊന്നും കിട്ടാത്ത സ്ഥിതി വരും.
മറുനാടന് മലയാളി ബ്യൂറോ