- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കറിന് 1.08 കോടി കോഴ നൽകിയത് കോൺസുൽ ജനറൽ; ജമാൽ അൽസാബിയുടെ നിർദ്ദേശം അനുസരിച്ച് പണം കൊടുത്തത് ഫിനാൻസ് ഓഫീസർ ഷൗക്രി; സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്തത് മുഖ്യമന്ത്രിയുടെ പഴയ വിശ്വസ്തന്റെ പണം തന്നെ; പാഴ്‌സൽ വിട്ടുകിട്ടാൻ കസ്റ്റംസിനെ വിളിച്ചത് വാട്സാപ്പിൽ തെളിവും; എല്ലാം ശിവശങ്കര ബുദ്ധിയെന്ന് ഇഡി സമർത്ഥിക്കുമ്പോൾ
കൊച്ചി : സ്വർണ്ണ കടത്തിലെ ആസൂത്രകൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ. ഇതിനൊപ്പം കോൺസൽ ജനറൽ ജമാൽ അൽസാബിയും ഇടപെടൽ നടത്തി. തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടന്ന ലൈഫ് മിഷൻ കോഴ ഇടപാടുകളും നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തും നിയന്ത്രിച്ചതു ശിവശങ്കറും ജമാൽ അൽസാബിയുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അനുബന്ധ കുറ്റപത്രം വിശദീകരിക്കുന്നു.
തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം ഈജിപ്തുകാരനായ ഫിനാൻസ് ഓഫിസർ ഖാലിദ് അലി ഷൗക്രിയാണു എം.ശിവശങ്കറിനു 1.08 കോടിരൂപ കോഴയായി നൽകിയത്. ഈ തുകയാണു തിരുവനന്തപുരത്തെ 2 ബാങ്ക് ലോക്കറുകളിൽനിന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടിച്ചെടുത്തതെന്നും കുറ്റപത്രം പറയുന്നു. അതായത് സ്വപ്‌നാ സുരേഷിന്റെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്ന് പറയുകയാണ് ഇഡി. ഇതോടെ സ്വർണ്ണ കടത്ത് കേസിൽ എൻഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ സാധ്യത കൂടി.
സ്വർണ്ണ കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നൽകിയ കുറ്റസമ്മതമൊഴികളും ഇക്കാര്യം സാധൂകരിക്കുന്ന ശിവശങ്കറിന്റെ വാട്‌സാപ് സന്ദേശങ്ങളും സാക്ഷിമൊഴികളും അടക്കം 1000 പേജുള്ള അനുബന്ധ കുറ്റപത്രമാണ് ഇഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻപാകെ നൽകിയത്. ശിവശങ്കർ അറിയാതെ ഒന്നും നടക്കരുതെന്ന് കോൺസൽ ജനറലും ഫിനാൻസ് ഓഫിസർ ഖാലിദ് അലി ഷൗക്രിയും നിർദ്ദേശിച്ചിരുന്നതായി കേസിലെ ഒന്നാംപ്രതി പി.എസ്.സരിത് മൊഴി നൽകിയിട്ടുണ്ട്. സ്വപ്‌നയും സരിത്തിന്റെ മൊഴിയെ സാധൂകരിച്ചു. ഈ സാഹചര്യത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
ഇത്തരം ഇടപാടുകൾക്ക് ഉപയോഗപ്പെടുത്താനായി ശിവശങ്കർ തന്നെ മുന്നിൽ നിർത്തിയതായും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണു ലോക്കറിൽ കണ്ടെത്തിയ പണം തന്റേതാണെന്ന് ആദ്യം മൊഴി നൽകിയതെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിനെ പ്രതിയാക്കാതെ ആദ്യം സമർപ്പിച്ച കുറ്റപത്രത്തിന് അനുബന്ധമായാണ് ഇന്നലെ വിശദമായ കുറ്റപ്രതം നൽകിയത്. ശിവശങ്കർ അറസ്റ്റിലായി 60 ദിവസം തികയുന്ന ചൊവ്വാഴ്ചയ്ക്കു മുൻപ് ഇതു സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ അസി.ഡയറക്ടർ പി.രാധാകൃഷ്ണനു നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യം കിട്ടാത്ത സ്ഥിതി വരും.
ശിവശങ്കർ കസ്റ്റംസിനെ ബന്ധപ്പെട്ടത് വാട്‌സാപ്പ് സന്ദേശങ്ങളിൽനിന്ന് ഉറപ്പാക്കുന്നു എന്ന് ഇ.ഡി വിശദീകരിക്കുന്നുണ്ട്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള 2019 ഏപ്രിൽ രണ്ടിലെ വാട്സാപ്പ് സന്ദേശം അനുസരിച്ച് യു.എ.ഇ. കോൺസുലേറ്റിലേക്കുവന്ന നയതന്ത്ര കൺസൈന്മെന്റ് വിട്ടുകിട്ടാൻ ചില കസ്റ്റംസ് ഓഫീസർമാരെ ശിവശങ്കർ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ കസ്റ്റംസ് ഹൗസ് ഏജന്റായ 'കാപ്പിത്താൻ ഏജൻസി'യിലെ ജീവനക്കാരൻ വർഗീസ് ജോർജിന്റെ മൊഴിയെടുത്തു. ഇയാളുടെ മൊഴിയനുസരിച്ച് 2019 ഏപ്രിൽ രണ്ടിന് യു.എ.ഇ. കോൺസുലേറ്റിലേക്കുവന്ന ബാഗേജ് തുറന്ന് പരിശോധിക്കാൻ കസ്റ്റംസ് ഉത്തരവിട്ടിരുന്നു. ഈ വിവരം യു.എ.ഇ. കോൺസുലേറ്റിനെ അറിയിച്ചു. പി.ആർ.ഒ. സരിത്താണ് സംസാരിച്ചത്.
ഇതിനുപിന്നാലെ വെല്ലിങ്ടൺ ഐലന്റിലെ കസ്റ്റംസ് ഓഫീസിലേക്ക് ഒരു ഫോൺകോൾവന്നു. കാപ്പിത്താൻ ഏജൻസിയിലെ മാനേജിങ് പാർട്ണർ കസ്റ്റംസ് കമ്മിഷണർ ഓഫീസിൽ പോയി ബില്ലും മറ്റ് രേഖകളും കൈമാറി. തൊട്ടടുത്ത ദിവസം പരിശോധനയൊന്നുമില്ലാതെ കൺസൈന്മെന്റ് വിട്ടുനൽകി. പി.എംഎൽഎ. സെക്ഷൻ മൂന്ന് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സരിത്തും സ്വപ്നയും സന്ദീപ് നായരും വലിയതോതിൽ സ്വത്ത് സ്വന്തമാക്കി.
സ്വർണക്കടത്തിന് എം. ശിവശങ്കർ ഇവരെ അറിഞ്ഞുകൊണ്ടുതന്നെ സഹായിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാർ യൂണീടാക്കിനും സെയിൻ വെഞ്ചേഴ്സിനും നൽകിയതിലൂടെയും ശിവശങ്കറിന് സാമ്പത്തികനേട്ടമുണ്ടായി. ഇത് സ്വപ്നയുടെയും തന്റെ ചാർട്ടേഡ് അക്കൗണ്ടിന്റെയും പേരിലുള്ള സംയുക്ത ലോക്കറിലും സ്വപ്നാ സുരേഷിന്റെ പേരിലുമുള്ള മറ്റൊരു ലോക്കറിലുമായി സൂക്ഷിച്ചു.
മറുനാടന് മലയാളി ബ്യൂറോ