മേരിക്കക്കാരായ റൈറ്റ് സഹോദരങ്ങൾ വിമാനമുണ്ടാക്കുന്നതിനു എട്ടു വർഷം മുമ്പ് തന്നെ 1895-ൽ ശിവ്കർ ബാപുഡി തൽപഡെ ചൗപത്തിയിൽ പറക്കുന്ന യന്ത്രമുണ്ടാക്കി പറത്തിയിരുന്നു! ഭരദ്വാജ് എന്ന ഋഷിയുടെ വ്യോമ വൈദഗ്ധ്യത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതായിരുന്നു ഇതെന്നും മുംബയിൽ നടക്കുന്ന 102-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ ജനുവരി നാലിന് അവതരിപ്പിക്കാനിരിക്കുന്ന ഒരു പ്രബന്ധത്തിൽ പറയുന്നു. യുദ്ധ വിമാന പരിജ്ഞാനവും മുങ്ങിക്കപ്പലായി ഉപയോഗപ്പെടുത്താവുന്ന വിമാന സാങ്കേതിക വിദ്യയും ഈ ഋഷിവര്യന്റെ കൈവശമുണ്ടായിരുന്നത്രെ. 'പുരാതന സംസ്‌കൃത കൃതികളിൽ വിമാനങ്ങളെ കുറിച്ച് ഏറെ പ്രതിപാദിക്കുന്നുണ്ട്. പല രേഖകളിൽ നിന്നും ലഭിച്ച തെളിവുകൾ പ്രകാരം ശാസ്ത്രജ്ഞരായ ഋഷിമാരായ അഗസ്ത്യനും ഭരദ്വാജും വിമാന നിർമ്മാണത്തിനുള്ള വിദ്യ വികസിപ്പിച്ചിരുന്നെന്ന് വ്യക്തമാകുന്നു,' ക്യാപ്റ്റൻ ആനന്ദ ബൊഡാസ്, അമേയ യാദവ് എന്നിവർ ചേർന്ന് അവതരിപ്പിക്കാനിരിക്കുന്ന പുരാതന വ്യോമയാനത്തെ കുറിച്ചുള്ള പ്രബന്ധത്തിന്റെ സംക്ഷിപ്തത്തിൽ പറയുന്നു.

സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ സംസ്‌കൃതത്തിൽ പ്രസംഗിച്ചായിരിക്കും ഉൽഘാടനം നിർവഹിക്കുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഭോപ്പാലിലെ കാളിദാസ സംസ്‌കൃത സർവകലാശാല വി സി അധ്യക്ഷനായിരിക്കും. ഈ പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം മുംബൈ സർവകലാശാലയുടെ സംസ്‌കൃത വകുപ്പിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഇവിടുത്തെ വകുപ്പ് മേധാവി ഗൗരി മഹുലിക്കർ ആണ് പരിപാടിയുടെ കോ ഓർഡിനേറ്റർ. മനുഷ്യ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന അന്തരീക്ഷത്തിലെ 25 ഇനം വൈറസുകളെ പ്രതിരോധിക്കുന്ന പൈലറ്റുമാരുടെ സൂട്ടിനെ കുറിച്ചും ഋഷി ഭരദ്വാജ് പറയുന്നുണ്ടെന്ന് ഈ പ്രബന്ധം പറയുന്നു.

മറ്റൊരു പ്രബന്ധത്തിൽ ആയുർവേദ ഡോക്ടറായ അശ്വിൻ സാവന്ത് ഋഗ്വേദത്തിൽ പറയുന്ന ബിസി 6000-ൽ നിലവിലുണ്ടായിരുന്ന സാങ്കേതിക മികവുള്ള ശസ്ത്രക്രിയകളെ കുറിച്ചു വിശദമാക്കും. ഈ വേദം ബിസി 1500-ൽ രചിക്കപ്പെട്ടതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. 'ഗ്രന്ഥങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് എല്ലാ അവതരിപ്പിക്കുന്നത്,' സാവന്ത് പറഞ്ഞു. സുശ്രുതൻ പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പ്രദർശനവും ഇതോനടുബന്ധിച്ച് നടക്കുന്നുണ്ട്. 20 തരം മൂർച്ചയുള്ള ഉപകരണങ്ങളും 101 മൂർച്ചയില്ലാത്തവയും ഈ പ്രബന്ധത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഇത്തരമൊരു സെഷൻ കൗതുകമുണ്ടാക്കുന്നതാണെന്ന് ശാസ്ത്രജ്ഞനായ ദീപക് പെന്തൽ പറയുന്നു. 'ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല. അവ കാര്യമാക്കുന്നുമില്ല. എന്തു തെളിവാണ് അവതരിപ്പിക്കുന്നത് എന്നതാണ് പ്രധാനം. മനുഷ്യ ഭാവന സമ്പന്നമാണ്. ആർക്കു വേണമെങ്കിലും വിമാനമില്ലാതെ പറക്കാം,' അദ്ദേഹം പ്രതികരിച്ചു.