- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതത്തിന്റെ പേരിൽ ആക്രമണങ്ങൾ നടത്തുന്നവർ മനുഷ്യത്വത്തിന്റെ ശത്രുക്കൾ; ഇന്ത്യയിലെ മുസ്ലിം സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഫ്രാൻസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ല; ഇമ്മാനുവേൽ മാക്രോണിനു പിന്തുണയുമായി ശിവസേന
മുംബൈ: ഫ്രാൻസിൽ തുടരെ ഭീകരാക്രമണങ്ങൾ നടക്കവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനു പിന്തുണയുമായി ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ഫ്രഞ്ച് സർക്കാരിനു പിന്തുണ അറിയിച്ചു കൊണ്ട് എഡിറ്റോറിയൽ വന്നിരിക്കുന്നത്. മതത്തിന്റെ പേരിൽ ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർ മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നും ഇമ്മാനുവേൽ മാക്രോണിനു പിന്തുണ ആവശ്യമാണെന്നും സാമ്ന എഡിറ്റോറിയലിൽ പറയുന്നു.
എന്നാൽ ഇന്ത്യയിലെ മുസ്ലിം സംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഫ്രാൻസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സമാധാനത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് പ്രവാചകൻ മുഹമ്മദെന്നും ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർ ആഗോള ഇസ്ലാമിസത്തിന്റെ ഈ ആദർശത്തെ ചോദ്യചിഹ്നത്തിലാക്കുകയാണെന്നും എഡിറ്റോറിയലിൽ പറയുന്നു.
പ്രാവാചക നിന്ദ ആരോപിക്കപ്പെട്ട കാർട്ടൂണിന്റെ പേരിൽ ഫ്രാൻസിൽ തുടരെ ഭീകരാക്രമണങ്ങൾ നടക്കവെയാണ് ശിവസേനയുടെ പ്രതികരണം. ഇന്ത്യയിലും വിഷയം വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. നേരത്തെ ഫ്രാൻസ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് ഇന്ത്യയിലെ 100 പ്രമുഖ സാംസ്കാരിക നായകർ പ്രസ്താവനയിറക്കിയിരുന്നു.നടൻ നസ്റുദ്ദീൻ ഷാ, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സംവിധായകൻ കബീർ ഖാൻ, നർമ്മദ ബച്ചാവോ ആന്തോളൻ ആക്ടിവിസ്റ്റ് മേധാ പട്കർ, നടി സ്വര ഭാസ്കർ, ഷബാന അസ്മി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നൂറ് പ്രമുഖ വ്യക്തിത്വങ്ങളാണ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് സംയുക്ത പ്രസ്താവനയിറക്കിയത്.
ആക്ടിവിസ്റ്റ് യോഗേന്ദർ യാദവ്, ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്വർധൻ, മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ദയാൽ, പ്രൊഫ. താഹിർ മുഹമ്മദ്, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ, മനുഷ്യാവകാശ പ്രവർത്തകൻ ജാവേദ് ആനന്ദ് തുടങ്ങിയവരും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു.ഇന്ത്യയിലെ പ്രമുഖ മതനേതാക്കളും രാഷ്ട്രീയ നേതാക്കളും വിഷയത്തിൽ ഫ്രാൻസിനെ വിമർശിച്ചതിനെയും ഇവർ വിമർശിച്ചു.
മറുനാടന് ഡെസ്ക്