കൊച്ചി: ബിഗ് ബോസ് സീസൺ ഫോറിൽ ടാസ്‌കിനിടെ സഹമത്സരാർത്ഥിയെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ഡോ റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതിൽ അവതാരകനായ മോഹൻലാലിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹൻലാലിന്റെ സിനിമകൾ കാണില്ലെന്നുമാണ് റോബിന്റെ കടുത്ത ആരാധകർ പറയുന്നത്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥിയായ ഷിയാസ് കരീം. മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന അഭിനേതാവിന്റെ പങ്ക് ചെറുതല്ല. ബിഗ് ബോസ് എന്ന പരിപാടിയുടെ അവതാരകൻ എന്ന കാരണത്താൽ അദ്ദേഹത്തിനെതിരെ അസഭ്യം പറയുന്നത് ശരിയല്ല എന്ന് ഷിയാസ് പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് ഷിയാസിന്റെ പ്രതികരണം.

ഷിയാസ് കരീമിന്റെ വാക്കുകൾ: മോഹൻലാൽ എന്ന നടൻ നമുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത്, മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല.

മറ്റുള്ള ഇൻഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക ബിഗ് ബോസ് സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും!

അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല പക്ഷെ ബിഗ് ബോസിന്റെ അവതാരകനായതുകൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് ! പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്ന് പുറത്താക്കിയത്. രാജാവും പരിവാരങ്ങളുമായി മത്സരാർഥികൾ മാറുന്ന ഒരു ടാസ്‌കായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. ടാസ്‌കിനിടെ റിയാസിനെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചു എന്നതിന്റെ പേരിലായിരുന്നു റോബിനെ മാറ്റിനിർത്തിയത്.

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ബിഗ് ബോസ് വീടിനോട് ചേർന്നുള്ള സീക്രട്ട് റൂമിൽ പാർപ്പിച്ചിരിക്കുകയായിരുന്നു റോബിനെ. തെറ്റുപറ്റിയെന്നും ഒരു അവസരം കൂടി തരണമെന്നും കഴിഞ്ഞ ദിവസം റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ, റോബിന് ബിഗ് ബോസ് സെക്കന്റ് ചാൻസ് നൽകുമെന്നും റോബിൻ ഈ ആഴ്ച വീടിനകത്തേക്ക് തിരികെയെത്തുമെന്നുള്ള പ്രതീക്ഷയിലായിരുന്നു റോബിൻ ഫാൻസ്. എന്നാൽ, റോബിൻ ആരാധകരെ നിരാശരാക്കി കൊണ്ട് റോബിൻ രാധാകൃഷ്ണൻ ഷോ വിട്ടിറങ്ങാൻ നിർബന്ധിതനായത്.

അതേ സമയം റോബിന്റെ മടങ്ങി വരവിൽ പ്രതിഷേധിച്ച് മറ്റൊരു മത്സരാർത്ഥിയായ ജാസ്മിൻ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു. തുടർന്ന് റോബിനെ പരിപാടിയിൽ നിന്നും പുറത്താക്കി.ബിഗ് ബോസിൽ നിന്നും പുറത്തായ റോബിൻ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറാലാണ്.

'റോബിൻ ആർമി' ഉൾപ്പെടെ നിരവധി ആരാധകരാണിപ്പോൾ റോബിനുള്ളത്. ബിഗ്ബോസ് സീസൺ4 ന്റെ ടൈറ്റിൽ വിന്നർ റോബിൻ ആയിരിക്കുമെന്ന് ഒരു വിഭാഗം ആളുകൾ ഉറച്ച വിശ്വാസത്തിലിരിക്കുമ്പോഴായിരുന്നു റോബിന്റെ അപ്രതീക്ഷിത പുറത്താകൽ.