കൊച്ചി: സിനിമക്കാരുടെയും പ്രൊഫഷണലുകളുടേയും കേസുകൾക്ക് മാത്രമേ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നും ജഡ്ജിയുടെ വസതിയിൽ എത്തിച്ച് മൊഴികൊടുക്കാൻ പറ്റുകയുള്ളൂ. കഴിഞ്ഞ ദിവസം ഐ.എ.എസ് കോച്ചിങ്ങ് സെന്ററിലെ ലിഫ്റ്റിനുള്ളിൽ വച്ച് എഎസ്ഐ കടന്ന് പിടിച്ച് അപമാനിച്ച പതിനേഴുകാരിയോടാണ് ഇത്തരത്തിൽ പൊലീസിന്റെ പ്രതികരണം.

തലയോലപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെതിരെ പരാതി നൽകിയതിന് ശേഷം മജിസ്ട്രേട്ടിന് മുൻപാകെ മൊഴി നൽകുന്നത് സംബന്ധിച്ച് വിവരം അന്വേഷിക്കുമ്പോഴാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ ഇങ്ങനെ പറഞ്ഞത്. ഇത് കൂടാതെ മൊഴികൊടുക്കാൻ പെൺകുട്ടിയെ മജിസ്ട്രേട്ടിന് മുന്നിൽ കൊണ്ടു പോകുന്നതിന് മുൻപ് ഇതേ സ്റ്റേഷനിലെ എസ്.എച്ച.ഒ അനന്തലാൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ 28 നാണ് നാസർ പെൺകുട്ടിയെ കടന്ന് പിടിച്ച് അപമാനിച്ചത്. താമസിച്ചെത്തിയ പെൺകുട്ടി ക്ലാസ്സ് മുറിയിലേക്ക് പോകുവാനായി ലിഫ്റ്റിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയം നാസർ പെൺകുട്ടിയോട് എന്നെ അറിയുമോ എന്നും പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നും പറഞ്ഞ് കുട്ടിയോടൊപ്പം ലിഫ്റ്റിൽ കയറുകയും ചെയ്തു. ലിഫ്റ്റിനുള്ളിൽ വച്ച് ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ചു. ഇതോടെ അലറി വിളിച്ച കുട്ടിയുടെ വായ് പൊത്തി ശ്വാസം മുട്ടിച്ചു. എന്നിട്ട് പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തി.

പെൺകുട്ടി ഓടി ക്ലാസ്സിലെത്തുകയും കൂട്ടുകാരിയോട് വിവരം പറയുകയുമായിരുന്നു. ഇരുവരും ക്ലാസ്സ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോൾ ഇയാൾ ലിഫ്റ്റിനടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരികെ ക്ലാസ്സിൽ കയറിയ ശേഷം നാസർ അവിടെ നിന്നു പോയി എന്ന് മനസ്സിലാക്കി പെൺകുട്ടിയെ കൂട്ടുകാരി ബസ് കയറ്റി വിട്ടു. വീട്ടിലെത്തിയ പെൺകുട്ടി തീരെ അവശയായിരുന്നു. സംഭവിച്ച കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞില്ല. രാത്രിയായതോടെ പനിച്ചു വിറച്ച പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വീട്ടുകാരോടൊപ്പം എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

28 ന് നടന്ന സംഭവത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായത് 30നാണ്. എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയോടും പിതാവിനോടും സംഭവം നടന്ന പരിധിയിലുള്ള പൊലീസ്റ്റേഷനിൽ ചെന്ന് പരാതി പറയാൻ നിർദ്ദേശിച്ചു. ചൈൽഡ് ലൈനിൽ നിന്നും പറഞ്ഞിട്ടാണ് ഇവിടേക്ക് വന്നത് എന്നു ഇവർ പറഞ്ഞപ്പോൾ സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ പറയുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് വിവരം ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചതോടെ സ്റ്റേഷനിലേക്ക് വിളി വരുകയും അതിന് ശേഷമാണ് പെൺകുട്ടിയുടെ പരാതി സ്വീകരിക്കാനും മൊഴിയെടുക്കാനും വനിതാ പൊലീസ്റ്റേഷനിലെ വനിതാ എസ്‌ഐ തയ്യാറായത്.

ഇതിനെ തുടർന്ന് കേസ് സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. എന്നാൽ ഇവിടെയും വേണ്ട രീതിയിലുള്ള സഹകരണം പൊലീസിന്റെ ഭാഗത്ത് നിന്നും കിട്ടിയില്ല. അടുത്ത ദിവസം സ്റ്റേഷനിലേക്ക് വരാനും അപ്പോൾ ജഡ്ജിക്ക് മുന്നിൽ മൊഴികൊടുക്കാമെന്നും പൊലീസ് പറഞ്ഞു. എന്നാൽ അടുത്ത ദിവസം എത്തിയപ്പോൾ ജഡ്ജി അവധിയാണെന്നും അതിനാൽ പറ്റില്ലെന്നും അറിയിച്ചു. അപ്പോഴാണ് മജിസ്ട്രേറ്റിന്റെ വസതിയിൽ പോയി മൊഴിനൽകാൻ കഴിയില്ലേ എന്ന് ചോദിച്ചത്. ഇതിന് മറുപടിയായിട്ടാണ് പൊലീസുദ്യോഗസ്ഥൻ അതൊക്കെ വലിയ സിനിമാ നടന്മാർക്കും പ്രൊഫഷണൽസിനും മാത്രമേ ജഡ്ജിയുടെ വീട്ടിൽ പോയി മൊഴിനൽകാൻ പറ്റൂ നമ്മുടേത് സാധാരണകേസല്ലെ എന്ന് പറഞ്ഞത്.

തൊട്ടടുത്ത ദിവസം എത്തിയപ്പോഴാണ് പെൺകുട്ടിയെ എസ്.എച്ച.ഒ അനന്തലാൽ തനിച്ച് മാറ്റി നിർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. കെട്ടിചമച്ച പരാതിയല്ലെയെന്നും കേസുമായി മുന്നോട്ട് പോയാൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞാണ് ഭീഷണിപെടുത്തിയത്. മജിസ്ട്രേട്ടിന് മൊഴി നൽകിയ ശേഷവും പ്രതിയെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.

നാസറിനെതിരെ കേസെടുത്തയുടൻ കോട്ടയം എസ്‌പി ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നത് ഇയാൾക്ക് മുൻകൂർ ജാമ്യമെടുക്കാനാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.അതേ സമയം വനിതാ പൊലീസ് സ്റ്റേഷനെതിരെയും സെൻട്രൽ പൊലീസ്സ്റ്റേഷൻ എസ്.എച്ച.ഒ അനന്തലാലിനെതിരെയും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങുകയാണ് പെൺകുട്ടിയും കുടുംബവും.