കൊച്ചി: തളർന്നിരിക്കാൻ ശോഭ തയാറായിരുന്നില്ല. ഭർത്താവിനും സമൂഹത്തിനും മുമ്പിൽ അപമാനിതയായി നിൽക്കേണ്ടി വന്ന ശോഭ നിരപരാധിത്വം തെളിയിക്കാനായി നിയമപോരാട്ടത്തിനിറങ്ങി. ഇത് വെറുതെയായില്ല. തന്റെ നിരപരാധിത്വം തെളിഞ്ഞു. പക്ഷേ തെറ്റു ചെയ്തവരെ എല്ലാം പുറത്തു കൊണ്ടു വരുമെന്ന് ശോഭ പറയുന്നു. അതുകൊണ്ട് തന്നെ വ്യാജ അശ്ലീല വീഡിയോ പ്രചരണക്കേസിന് പുതിയ മാനം നൽകുകയാണ്.

മക്കളെ വീണ്ടെടുക്കാനായി അമ്മ നടത്തിയ പോരാട്ടം. അത് ലക്ഷ്യത്തിലേക്ക് എത്താൻ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഈ അമ്മയ്ക്ക് അറിയാം. മക്കളെ വീണ്ടും മാറോട് ചേർക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. മനുഷ്യമനസ്സിൽ പല സംശയങ്ങളുണ്ട്. അതിനപ്പുറത്തെ സത്യം സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള പോരാട്ടമാണ് ശോഭ നടത്തുന്നത്.

വിവാഹശേഷം ശോഭ കൊച്ചിയിലെ ഭർതൃവീട്ടിലായിരുന്നു. ശോഭയുടെ ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പിൽ, അടിക്കുറിപ്പു സഹിതം വന്ന നഗ്‌നദൃശ്യം തന്റെ ഭാര്യയുടേത് ആണെന്നു ഭർത്താവിന് തോന്നിയതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.അന്വേഷണത്തിനൊന്നും കാത്തിരിക്കാതെ ഭർത്താവ് വിവാഹമോചന ഹർജി നൽകി. രാത്രി തന്നെ ശോഭ വീട്ടിൽ നിന്ന് പുറത്തായി. വീട്ടിൽ നിന്നു പുറത്താക്കിയ ശേഷം തന്റെ മൂന്നു മക്കളെ കാണാൻ പോലും അനുവദിച്ചില്ലെന്നു ശോഭ പറഞ്ഞു. 'അമ്മയുടെ പേരിൽ അവർക്ക് നാളെ അപമാനം ഉണ്ടാകരുത്. അതിനായിരുന്നു ഈ പോരാട്ടം. വേറെ ആരും ഇതിനായി എനിക്കു വേണ്ടി ഓടിനടക്കാൻ ഇല്ല.' ശോഭ പറഞ്ഞു.

ദൃശ്യം പ്രചരിപ്പിച്ച കേസിൽ ആലപ്പുഴ സ്വദേശി ലിറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ശോഭ പോരാട്ടം ഇവിടെ നിർത്തുന്നില്ല. നഗ്‌നദൃശ്യം ശോഭയുടേത് എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ടതും അതിനു പ്രേരിപ്പിച്ചതും ആരാണ് ? അതു കണ്ടെത്താതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നു ശോഭ പറയുന്നു. തന്റെ വിവാഹ മോചനത്തിന് വേണ്ടി ഉണ്ടാക്കിയെടുത്തതാണോ ഈ ദൃശ്യങ്ങളെന്ന സംശയവും സജീവമാണ്. അതുകൊണ്ട് തന്നെ തുടരന്വേഷണത്തിൽ കള്ളക്കളികൾ പുറത്തു വരുമെന്ന് ശോഭയ്ക്ക് അറിയാം. അത് മനസ്സിലാക്കും വരെ പോരാട്ടം നടത്താനാണ് തീരുമാനം.

ദൃശ്യങ്ങളിലുള്ളത് താനല്ല എന്ന് ശോഭ പലകുറി ആവർത്തിച്ചെങ്കിലും ചെവിക്കൊള്ളാൻ ഭർത്താവ് തയാറല്ല. ശോഭയുമായുള്ള മുഖസാദൃശ്യവും അടിക്കുറുപ്പും കണ്ടതോടെ ദൃശ്യങ്ങളിലുള്ളത് സ്വന്തം ഭാര്യ തന്നെയാണെന്ന് ഭർത്താവ് വിശ്വസിക്കുകയായിരുന്നു. ശോഭ സ്വന്തം നഗ്‌ന ചിത്രങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നുവെന്ന് ഭർത്താവ് വിശ്വസിച്ചു. രണ്ടര വർഷത്തോളം തന്റെ മക്കളെ കാണാൻ പോലും ശോഭയ്ക്ക് വിലക്ക് നേരിടേണ്ടി വന്നു. ഇതാണ് പോരാട്ടത്തിന് ചൂട് നൽകിയത്. മക്കളെ കാണായി നടത്തി അമ്മയും പോരാട്ടം വിജയിച്ചിരിക്കുന്നു. തന്റെ പോരാട്ടം മക്കൾക്ക് വേണ്ടിയായിരുന്നുവെന്ന് ശോഭ പറയുന്നു. അമ്മ മോശക്കാരിയാണെന്ന ചീത്തപ്പേര് ഒരിക്കലും അവർക്കുണ്ടാകരുത്. അഗ്‌നിപരീക്ഷയുടെ സമയത്ത് ഒപ്പം നിന്നവരോട് നന്ദി പറയുകയാണ് ശോഭ.

വീഡിയോയിൽ ഉള്ളത് ശോഭയല്ലെന്ന് വ്യക്തമായെങ്കിലും കേസിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ശോഭയുടേതെന്ന അടിക്കുറുപ്പോടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. വീഡിയോയുടെ ഉറവിടവും പ്രചരിപ്പിച്ചവരുടെ ഉദ്ദേശവും വ്യക്തമായാൽ മാത്രമെ നീതി ലഭിച്ചുവെന്ന് കരുതാനാകുവെന്ന് ശോഭ പറയുന്നു. ശോഭ തെറ്റുകാരിയാണെന്ന് വിശ്വസിച്ച് ഉപേക്ഷിച്ച ഭർത്താവിന്റെ നിലപാട് ഇനിയും വ്യക്തമായിട്ടില്ല. രണ്ടര വർഷങ്ങൾ നീണ്ട അവഗണനയ്ക്കും പരിഹാസങ്ങൾക്കും ഒടുവിലാണ് ശോഭയ്ക്ക് നീതി ലഭിക്കുന്നത്.

തൊടുപുഴക്കാരി ശോഭ സജു, സ്വന്തം നഗ്‌നദൃശ്യങ്ങൾ താൻ തന്നെ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഭർത്താവ് ഉപേക്ഷിച്ചു പോയതിന് പിന്നാലെ ആ ദുരന്തം അവർ തന്നെ വിശദീകരിച്ചിരുന്നു. ഇത്തരം കേസുകളിൽ പതിവുള്ളത് പോലെ മുഖം മറയ്ക്കാമെന്ന് അന്ന് മാധ്യമങ്ങൾ പറഞ്ഞെങ്കിലും വേണ്ടെന്ന് ശോഭ വിലക്കി. അങ്ങനെ മുഖം കാട്ടി പോരാട്ടത്തിനിറങ്ങി വിജയം വരിച്ചു. വാട്‌സാപ്പ് വഴി പ്രചരിച്ച നഗ്‌നദൃശ്യങ്ങൾ ശോഭയുടേത് അല്ലെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു.

സൈബർ ഫോറൻസിക് കേസുകളിൽ ഏത് അന്വേഷണ ഏജൻസിക്കും അന്തിമ വാക്കാണ് സിഡാക്കിന്റെത്. സംസ്ഥാന പൊലീസിന്റെ ഫോറൻസിക് ലാബിൽ രണ്ടുവട്ടം നടത്തിയ പരിശോധനയും ഫലം കണ്ടിരുന്നില്ല. പൊലീസ് അനാസ്ഥ കാട്ടിയ കേസിൽ തീരുമാനമായത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലും നിർണായകമായി.