- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്ത്രാപ്പിന്നി ചക്കുന്നി കോളനിയിലെ വയോധികയുടെ ദുരിതജീവിതം നേരിട്ടറിഞ്ഞത് പ്രചാരണകാലത്ത്; വോട്ടെടുപ്പ് കഴിഞ്ഞയുടൻ തുടങ്ങിയ ശുചിമുറിയുടെ നിർമ്മാണം പൂർത്തിയായി; തിരഞ്ഞെടുപ്പിൽ തോറ്റിട്ടും കൊടുത്ത വാക്ക് പാലിച്ച് കൈപ്പമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിൻ
ചെന്ത്രാപ്പിന്നി : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വയോധികയ്ക്ക് നൽകിയ വാക്ക് പാലിച്ച് കൈപ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ശോഭ സുബിൻ. വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിലാണ് ചെന്ത്രാപ്പിന്നി ചക്കുന്നികോളനിയിലെ ശാന്ത എന്ന വയോധികയുടെ അവസ്ഥ ശോഭ സുബിൻ നേരിട്ടറിഞ്ഞത്.
ഒറ്റമുറി വീട്ടിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയിലാണ് ഇവർ കഴിഞ്ഞിരുന്നത്. സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടിൽ ഇവർ ഒറ്റയ്ക്കാണ് കഴിയുന്നത്.
തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം സാധിച്ചു തരുമെന്ന ഉറപ്പ് കൊടുത്താണ് അന്ന് ശോഭ സുബിനും കോൺഗ്രസ് പ്രവർത്തകരും മടങ്ങിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ ശുചിമുറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സലിം ചാമക്കാല, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് നാസർ ചാമക്കാല എന്നിവരും സന്നിഹിതരായിരുന്നു.
ഇടതു കോട്ടയെന്ന വിശേഷണമുള്ള കയ്പമംഗലത്ത് ഇക്കുറി ശക്തമായ മത്സരമാണ് അരങ്ങേറിയത്. സിറ്റിങ് എംഎൽഎ ഇ.ടി. ടൈസൺ 22698 വോട്ട് ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ ശോഭാ സുബിനെ പരാജയപ്പെടുത്തി. മികച്ച പോരാട്ടമാണ് ശോഭാ സുബിൻ കാഴ്ചവച്ചത്.
പോൾ ചെയ്തത്: 1,33,416 വോട്ടിൽ ഇ.ടി.ടൈസൺ (സിപിഐ): 73,161 നേടി. ശോഭ സുബിൻ (കോൺ): 50,463 വോട്ടും സി.ഡി.ശ്രീലാൽ (ബിഡിജെഎസ്): 9,066 വോട്ടുമാണ് നേടിയത്.
ഇ.ടി. ടൈസന്റെ വ്യക്തിപ്രഭാവത്തിൽ അനായാസ വിജയം ലക്ഷ്യമിട്ട എൽഡിഎഫിന് ശോഭാ സുബിന്റെ രംഗപ്രവേശം ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. തീരദേശത്ത് നിന്നുള്ള ശോഭാ സുബിന്റെ കഷ്ടപ്പാടുകളോടു പടവെട്ടിയുള്ള ജീവിതയാത്ര യുഡിഎഫ് ജനങ്ങളിലേക്കെത്തിച്ചിരുന്നു.
2016ൽ 33,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ.ടി. ടൈസൺ ജയിച്ചത്. ആർഎസ്‌പി സ്ഥാനാർത്ഥി എം ടി. മുഹമ്മദ് നഹാസിന് 33,384 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിഡിജെഎസിന്റെ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് 30,041 വോട്ടും നേടിയിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ ശോഭ സുബിന്റെ പേരിലെ ശോഭ അമ്മയാണ്; കനൽ പോലെ എന്നും ഉള്ളിലെരിയുന്ന സ്വന്തം അമ്മ.
ശോഭയ്ക്ക് 8 മാസം മാത്രം പ്രായമുള്ളപ്പോഴാണ് അമ്മയെ നഷ്ടപ്പെടുന്നത്. അമ്മയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ ജയിലിലായി. അനാഥനായ പിഞ്ചുകുഞ്ഞിനെ ഏറ്റെടുത്തു വളർത്തിയത് അമ്മാവൻ മത്സ്യത്തൊഴിലാളിയായ സുബ്രഹ്‌മണ്യൻ.
വർഷങ്ങൾക്കു ശേഷം കുഞ്ഞിനെ പാലപ്പെട്ടി എസ്എൻഎസ് എൽപി സ്‌കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ ടീച്ചർ ചോദിച്ചു, ''ആൺകുട്ടിക്കെന്താ ഈ പേര്?'' സുബ്രഹ്‌മണ്യൻ പറഞ്ഞു, ''ഇവനു 8 മാസം പ്രായമുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടതാണ്. ഓർമയ്ക്കായി അമ്മയുടെ പേരിട്ടതാണ്.'' ടീച്ചർ കുട്ടിയെ ചേർത്തുനിർത്തി.
''പെണ്ണിന്റെ പേരാണ് എന്നും അച്ഛനും അമ്മയും ഇല്ലാത്തവനെന്നും പറഞ്ഞു കുട്ടികൾ എന്നെ കളിയാക്കുമായിരുന്നു. കുട്ടിക്കാലത്തു ഞാൻ പലയിടത്തും പോയിരുന്നു കരയും. എന്നാലും എന്റെ പേരിനെ ഞാൻ സ്‌നേഹിച്ചു. എന്നെ ശോഭ എന്നു വിളിക്കാൻ കൂട്ടുകാരോടു പറഞ്ഞു. അതു കേൾക്കുമ്പോൾ അമ്മ കൂടെയുള്ളതുപോലുള്ളൊരു ധൈര്യമാണ്'' ശോഭ സുബിൻ പറയുന്നു.
ദുരിതങ്ങളുടെ അലമറിയുന്ന കടൽ താണ്ടിയാണ് ശോഭ വളർന്നത്. അമ്മയുടെ സഹോദരി ഓമന പരിസരത്തെ വീട്ടിൽ പാത്രം കഴുകാൻ പോകുമ്പോൾ കിട്ടുന്ന ഭക്ഷണമായിരുന്നു സുബിന്റെയും സഹോദരങ്ങളുടേയും അന്നം. ശോഭയെ വളർത്താൻ വേണ്ടി ഓമന വിവാഹം വേണ്ടെന്നു വച്ചു.
കടപ്പുറത്തു പ്ലേറ്റ് കഴുകുകയും മത്സ്യം വിൽക്കുകയും ചുമടെടുക്കുകയും വള്ളം തുഴയുകയും വല വലിക്കുകയും ചെയ്താണു ശോഭ പഠിച്ചു നിയമ ബിരുദം നേടിയത്.
ഇടയ്ക്കു 3 വർഷം ഗൾഫിലും ജോലി ചെയ്തു. തിരികെയെത്തി രാഷ്ട്രീയത്തിൽ സജീവമായി. സഹപാഠിയായ കെ.എം. രേഷ്മയെ വിവാഹം കഴിച്ചു. വാടകവീട്ടിലേക്കു താമസം മാറി. 7 മാസം മുൻപ് അച്ഛനായി.
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ശോഭയെ കാണാൻ അച്ഛൻ വന്നു. പരോളിലിറങ്ങിയതായിരുന്നു. ''അന്ന് 10 രൂപ തന്നു. വീട്ടിലെത്തിയപ്പോൾ ആ 10 രൂപ അമ്മമ്മ അടുപ്പിലിട്ടു കത്തിച്ചു. എന്നിട്ട് എന്നെ ചേർത്തുപിടിച്ചു പറഞ്ഞു, ''നിനക്ക് അമ്മയും അച്ഛനുമില്ല'' ശോഭ ഓർക്കുന്നു. പിന്നീടൊരിക്കലും അച്ഛനുമായി സംസാരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് വാർഡിൽ അവരുടെ ഏരിയ സെക്രട്ടറിയെ 387 വോട്ടിന് അട്ടിമറിച്ചതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കു ശോഭയെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിലെ പ്രവർത്തനത്തിലടക്കം സജീവമായി തുടരാനാണ് ശോഭാ സുബിന്റെ തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ