- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിക്കകത്തു നിന്നു നേതൃത്വത്തിനെതിരെ ശബ്ദിക്കും; ജനറൽ സെക്രട്ടറി പദത്തിൽ നിന്നു ഒഴിവാക്കിയ എഎൻ രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ആ വേദിയിൽ നിന്നു പുറത്താക്കിയതിന് പിന്നിൽ സുരേന്ദ്രന്റെ ഭയം; രണ്ടും കൽപ്പിച്ച് കേന്ദ്ര നേതൃത്വത്തിന് ശോഭാ സുരേന്ദ്രന്റെ കത്ത്; ബിജെപിയിൽ നടക്കുന്നത് ശോഭയെ അപമാനിച്ച് പുറത്താക്കാനുള്ള ശ്രമമോ?
കോഴിക്കോട്: ബിജെപിയിൽ നിന്ന് ശോഭാ സുരേന്ദ്രൻ കോൺഗ്രസിലോ സിപിഎമ്മിലോ ചേരുന്ന വാർത്തകളിൽ പരിവാർ ക്യാമ്പുകളിൽ ചർച്ച തുടരുന്നു. തന്റെ പരാതികളിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണ് ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രന്റെ തീരുമാനം. എല്ലാ പരാതികളും കേന്ദ്രനേതൃത്വം പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്ന് ശോഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അനിശ്ചിതമായി കാത്തിരിപ്പ് നീട്ടിക്കൊണ്ടു പോകാനും വനിതാ നേതാവിന് താൽപ്പര്യമില്ല.
സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാർത്തകൾ ശോഭ നിഷേധിച്ചു. കോൺഗ്രസിൽ പോകുമെന്നും അഭ്യൂഹമുണ്ടായി. തൽക്കാലം കാത്തിരിക്കാനാണു മുതിർന്ന നേതാക്കൾ ശോഭയ്ക്കു നൽകിയ ഉപദേശം. ഇതിനു തുടർച്ചയായി, ശോഭയുടെ പരാതികൾ പാർട്ടി ചർച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. അതിനിടെ ശോഭയെ സിപിഎമ്മിൽ എത്തിക്കാൻ അതിശക്തമായ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ബിജെപിയിൽ നിന്നെത്തിയാൽ മുന്തിയ പരിഗണന നൽകാമെന്ന് സിപിഎം കേന്ദ്രങ്ങൾ ശോഭയ്ക്ക് സൂചന നൽകിയിട്ടുണ്ട്. പാർട്ടിക്കകത്തു നിന്നു നേതൃത്വത്തിനെതിരെ ശബ്ദിക്കാനാണു തൽക്കാലം ശോഭയുടെ തീരുമാനമെന്നാണു വിവരം. മുതിർന്ന നേതാക്കളായ കെ.പി.ശ്രീശൻ, പി.എം.വേലായുധൻ തുടങ്ങിയവരുമായി ബന്ധപ്പെട്ട് അസംതൃപ്തരുടെ ഐക്യത്തിനുള്ള ശ്രമവും അവർ തുടങ്ങി
അതിനിടെയാണ് കോൺഗ്രസും ശോഭയെ പാർട്ടിയിലെത്തിക്കാൻ നീക്കം നടത്തുന്നത്. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിയതു മുതൽ ശോഭ പാർട്ടി പരിപാടികളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വാളയാറിലാണ് അവർ പരസ്യമായ അതൃപ്തി പ്രകടമാക്കിയത്. തുടർന്നു പാലക്കാട് ശോഭയെ അനുകൂലിക്കുന്ന ചിലർ പാർട്ടിവിടുകയും ചെയ്തു. ഇവരുടെ അടുത്ത നീക്കം അതിനിർണ്ണായകമാണ്. ഇവർ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ എ്ന്നതാണ് പ്രധാനം. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട ഇവർ പുതിയ പാർട്ടിയിൽ എത്തുമെന്നാണ് സൂചന.
ശോഭ പരാതി നൽകിയിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വമാണെന്നു ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ശോഭയുടെ പരാതികളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒഴിഞ്ഞുമാറി. ശോഭാ സുരേന്ദ്രനുമായി കൃഷ്ണദാസ് പക്ഷം അകലം പാലിക്കുന്നതായി സൂചനയുണ്ട്. ഇതിനിടെ എഎൻ രാധാകൃഷ്ണനെ പോലുള്ളവർ ശോഭയ്ക്ക് വേണ്ടി സജീവ ഇടപെടലും നടത്തുന്നുണ്ട്. മുതിർന്ന നേതാക്കളായ ഒ രാജഗോപാലും കുമ്മനം രാജശേഖരനും വിഷയത്തിൽ അകലം പാലിക്കുകയുമാണ്.
കെ.സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട് ശോഭാ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷൻ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നൽകിയ പരാതിയിൽ ശോഭ സുരേന്ദ്രൻ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിയായും കോർ-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താൻ തുടരുമ്പോഴാണ് കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കെ. സുരേന്ദന് ഭീഷണിയാകുമെന്ന് കരുതിയാണ് തന്നെ തഴഞ്ഞതെന്നും, കോർകമ്മിറ്റിയിൽ നിന്നൊഴിവാക്കി 2004ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അപമാനിച്ച് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയരുതെന്ന് നിർദേശിക്കുന്നവർ തന്നെ ഗ്രൂപ്പിലുള്ളവരെ കൊണ്ട് നവമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുന്നുവെന്നും കേന്ദ്രനേതൃത്വത്തിന് നൽകിയ പരാതിയിൽ ശോഭ സുരേന്ദ്രൻ പറയുന്നു. ഈഴവ-പിന്നാക്ക സമുദായത്തിൽനിന്ന് കുട്ടിയായിരിക്കുമ്പോൾത്തന്നെ പരിവാർപ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നിൽ എടുത്തുകാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലങ്ങളിൽ പാർട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞത്. പാർട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയിൽവരെ ഉണ്ടായിരുന്ന തന്നെ കോർകമ്മിറ്റിയിൽനിന്ന് ഒഴിവാക്കി 2004-ൽ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ശോഭയുടെ പരാതിക്കുപിന്നാലെ അസംതൃപ്തരായവരുടെ കൂട്ടായ്മയും നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. 2006-ൽ കോർകമ്മിറ്റി തലശ്ശേരിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ മത്സരിക്കില്ലെന്ന് പരസ്യമായി പറഞ്ഞയാളാണ് ഇപ്പോൾ അച്ചടക്കത്തെക്കുറിച്ച് പറയുന്നത്. പി.എസ്. ശ്രീധരൻപിള്ള സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹം രാജിവെച്ച് പാർട്ടിയെ രക്ഷിക്കണമെന്ന് പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടെന്ന് അസംതൃപ്തഗ്രൂപ്പിലുള്ളവർ പറയുന്നു.
അഞ്ചുവർഷം ദേശീയ നിർവാഹക സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തന്നെ ഏകപക്ഷീയമായി വൈസ് പ്രസിഡന്റായി തരം താഴ്‌ത്തുകയായിരുന്നു. ജനറൽ സെക്രട്ടറി പദത്തിൽ നിന്നു തനിക്കൊപ്പം ഒഴിവാക്കിയ എ.എൻ.രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ആ വേദിയിൽ നിന്നു പുറത്താക്കി. ദേശീയ നിർവാഹകസമിതി അംഗം കൂടിയായ ഒരാളുടെ പദവി മാറ്റം മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചു വേണമെന്നിരിക്കെ ഒ. രാജഗോപാൽ അടക്കമുള്ളവരോട് ചർച്ച ചെയ്തില്ല. തന്നെ ഫോണിൽ വിളിച്ചുപോലും ചോദിച്ചില്ല.
ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് ഒഴിവാക്കിയോയെന്നു ചോദിച്ചപ്പോൾ 'യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ നിശ്ചയിച്ചത്' എന്നാണു സുരേന്ദ്രൻ പ്രതികരിച്ചത്. സഹഭാരവാഹിയായ തനിക്കു യോഗ്യതയില്ലെന്നു പരസ്യമായി പറയുന്നത് അച്ചടക്ക ലംഘനമല്ലേ? പി.എസ്. ശ്രീധരൻപിള്ള പ്രസിഡന്റായിരുന്നപ്പോൾ 2004 ൽ വൈസ് പ്രസിഡന്റായ തന്റെ രാഷ്ട്രീയ ജീവിതത്തെ 16 വർഷം പിറകിലേക്കു കൊണ്ടുപോകുകയാണു അതേ പദവി നൽകി സുരേന്ദ്രൻ ചെയ്തത്. എന്നിട്ടും എട്ടുമാസമായി മൗനം പാലിക്കുകയും പാർട്ടിക്കെതിരെ ഒരു വാക്ക് പറയാതെ നോക്കുകയും ചെയ്തു. അപ്പോൾ നവമാധ്യമങ്ങളെ ഉപയോഗിച്ചു ചിലർ വ്യക്തിഹത്യ നടത്തി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയിലെ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിച്ച തന്നെ ആറ്റിങ്ങലിലേക്കു നാടു കടത്തിയതു സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ചേർന്നാണെന്നും കത്തിൽ ശോഭ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ