- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപം; ലക്ഷ്യമിട്ടത് ശബ്ദിക്കുന്ന നാവുകൾ യുക്തിരഹിതമായ നിയമത്തിന്റെ വാളുകൊണ്ട് അരിഞ്ഞ് വീഴ്ത്താൻ; അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് കളമൊരുക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ സ്റ്റാലിനിസ്റ്റ് മുഖമാണ് പിണറായി എന്ന് ശോഭാ സുരേന്ദ്രൻ; ബിജെപിയുടെ വനിതാ നേതാവ് സിപിഎമ്മിലേക്ക് എന്ന ചർച്ചകൾക്കും വിരാമം; ശോഭാ സുരേന്ദ്രന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: സ്വന്തം ഓഫീസിൽ നടക്കുന്ന ക്രമക്കേടുകൾ പോലും അറിയാനും തടയാനും കഴിയാത്ത ഒരു ഭരണാധികാരി ജനങ്ങൾക്കിടയിലേക്ക് പേപ്പട്ടിയെ അഴിച്ചുവിടുന്നത് പോലെ പൊലീസിനെ കയറൂരി വിട്ടതിന്റെ പേരാണ് കേരള പൊലീസ് ആക്ടിന്റെ ഭേദഗതിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ജനങ്ങൾ ഇതെല്ലാം കാണുകയും നിങ്ങൾക്കുള്ള തിരിച്ചടി ജനാധിപത്യപരമായി നൽകുകയും ചെയ്യും. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തിൽ ചവറ്റുകൊട്ടയിൽ തന്നെയാണല്ലോ എന്നു ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ശോഭാ സുരേന്ദ്രൻ സിപിഎമ്മിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾക്ക് കൂടി വിരാമമിടുന്നതാണ് ശോഭയുടെ പോസ്റ്റ്. പിണറായിയെ കടന്നാക്രമിച്ചതോടെ സിപിഎമ്മിലേക്ക് താനില്ലെന്ന സൂചനയാണ് ശോഭ നൽകുന്നത്. ബിജെപിയുടെ കേന്ദ്ര നേതൃത്വം ശോഭയുമായി സംസാരിച്ചിരുന്നു. അടുത്ത മാസം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കേരളത്തിലെത്തും. ഇതോടെ ശോഭയെ അനുനയിപ്പിച്ച് കൂടെ നിർത്തുമെന്ന സൂചനയാണ് ദേശീയ നേതൃത്വവും നൽകുന്നത്. ഇതിനിടെയാണ് പിണറായിയെ കടന്നാക്രമിച്ച് പോസ്റ്റുമായി ശോഭാ സുരേന്ദ്രൻ രംഗത്തു വന്നത്. ഇത് ബിജെപിക്കും ആശ്വാസമാണ്.
പോസ്റ്റിന്റെ പൂർണരൂപം-
വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപമാണ് പിണറായി വിജയൻ. തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ നിൽക്കുമ്പോൾ പൗരന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറി നിയമമുണ്ടാക്കാൻ, ശബ്ദിക്കുന്ന നാവുകൾ യുക്തിരഹിതമായ നിയമത്തിന്റെ വാളുകൊണ്ട് അരിഞ്ഞ് വീഴ്ത്താൻ, അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് കളമൊരുക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ സ്റ്റാലിനിസ്റ്റ് മുഖമാണ് പിണറായി വിജയൻ. സ്വന്തം ഓഫീസിൽ നടക്കുന്ന ക്രമക്കേടുകൾ പോലും അറിയാനും തടയാനും കഴിയാത്ത ഒരു ഭരണാധികാരി ജനങ്ങൾക്കിടയിലേക്ക് പേപ്പട്ടിയെ അഴിച്ചുവിടുന്നത് പോലെ പൊലീസിനെ കയറൂരി വിട്ടതിന്റെ പേരാണ് കേരള പൊലീസ് ആക്ടിന്റെ ഭേദഗതി. ജനങ്ങൾ ഇതെല്ലാം കാണുകയും നിങ്ങൾക്കുള്ള തിരിച്ചടി ജനാധിപത്യപരമായി നൽകുകയും ചെയ്യും. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തിൽ ചവറ്റുകൊട്ടയിൽ തന്നെയാണല്ലോ
ബിജെപിയിലെ തമ്മിലടി മുതലെടുക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തുന്നത്. തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞതായി കാട്ടി മനോരമ ഓൺലൈനിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജയ്ക്ക് പിന്നിലും സിപിഎമ്മായിരുന്നു. ബിജെപി നേതാവായ ശോഭ സുരേന്ദ്രനുമായി സംസാരിച്ച് തയാറാക്കിയെന്ന രീതിയിലാണ് വ്യാജവാർത്ത പ്രചരിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ മനോരമ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ബിജെപിയും പരാതി കൊടുത്തു. ഇതിന് പിന്നാലെയാണ് പിണറായിയെ സ്റ്റാലിനോട് ഉപമിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത് വരുന്നത്.
2024 ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ദേശീയപര്യടനത്തിന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ തയ്യാറെടുക്കുകയാണ്. അടുത്തമാസം മുതൽ ആരംഭിക്കുന്ന പര്യടനം 120 ദിവസം നീളും. ഉത്തരാഖണ്ഡിലായിരിക്കും നദ്ദ ആദ്യ സന്ദർശനം നടത്തുക. ഡിസംബർ മാസത്തിൽ തുടങ്ങുന്ന യാത്രയിൽ എല്ലാ സംസ്ഥാനങ്ങളിലും അദേഹം എത്തുമെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് അറിയിച്ചു. കേരളത്തിലും നദ്ദയ്ക്ക് വ്യക്തമായ പദ്ധതികളുണ്ട്.
പാർട്ടിയുടെ സംഘടന സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും കൂടുതൽ ശക്തിപ്പെടുത്തുക. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ പോലെയുള്ള സംസ്ഥാനങ്ങളിൽ അടുത്തുവരുന്ന തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുക. വലിയ സംസ്ഥാനങ്ങളിൽ മൂന്ന് ദിവസവും ചെറിയ സംസ്ഥാനങ്ങളിൽ രണ്ടുദിവസവുമായിരിക്കും പര്യടനം. എൻഡിഎ ഘടക കക്ഷികളുമായും നദ്ദ ചർച്ച നടത്തും. കേന്ദ്ര പദ്ധതികൾ ജനങ്ങളിലെത്തിയതിന്റെ അവലോകനവും നടക്കും. അടുത്ത വർഷം നടക്കുന്ന കേരളം, ബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നദ്ദ കൂടുതൽ സമയം ചെലവഴിക്കുമെന്നും ബിജെപി വ്യക്തമാക്കി.
ബൂത്ത് യൂണിറ്റ് പ്രസിഡന്റുമാരുമായി വെർച്വൽ യോഗം നടത്തുകയും പാർട്ടി എംഎൽഎ, എംപി, മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സീറ്റുകളിൽ അടുത്തതെരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ശോഭാ സുരേന്ദ്രനുമായും നദ്ദ സംസാരിക്കും.
മറുനാടന് മലയാളി ബ്യൂറോ