പാലക്കാട്: ഇടതുപക്ഷത്തേക്ക് പോകുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന സൂചന നൽകി വീണ്ടും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സഖാവ് ഓമനക്കുട്ടന്റെ മകളുടെ എം.ബി.ബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സിപിഎം പ്രചാരണങ്ങൾക്കെതിരെ ശോഭ സുരേന്ദ്രൻ രംഗത്തു വരുമ്പോൾ രാഷ്ടീയ നിരീക്ഷകർ പങ്കുവയ്ക്കുന്ന വികാരം ഇതാണ്. മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ച സർക്കാരും സിപിഎമ്മുമാണ് ഓമനക്കുട്ടന്റെ മകളുടെ മെഡിക്കൽ പ്രവേശനത്തെ ആഘോഷമാക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ സുരേന്ദ്രന്റെ വിമർശനം

ശോഭാ സുരേന്ദ്രൻ ബിജെപി വിട്ട് സിപിഎമ്മിൽ ചേരുമെന്നത് തെറ്റായ പ്രചരണമാണെന്ന് ഇതോടെ വ്യക്തമാകുകയാണ്. സിപിഎമ്മിനെ കടന്നാക്രമിക്കുന്നതിലൂടെ ശോഭാ സുരേന്ദ്രൻ നൽകുന്ന സൂചന അതാണ്. പ്രളയ സമയത്ത് ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന തെറ്റായ വാർത്തകളെ തുടർന്ന് വേട്ടയാടപ്പെട്ടയാളാണ് സഖാവ് ഓമനക്കുട്ടൻ. പാർട്ടി ഓമനക്കുട്ടനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സത്യാവസ്ഥ പുറത്തുവന്നതോടെ അച്ചടക്ക നടപടി പിൻവലിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചിരുന്നു. ഈ വാർത്തയ്ക്ക് ഇടതുപക്ഷം വൻ പ്രചാരണം കൊടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശോഭ സുരേന്ദ്രൻ ഇടതുപക്ഷത്തിനെതിരെ വിമർശനുമായി രംഗത്തെത്തിയത്. ഫലത്തിൽ തന്റെ രാഷ്ട്രീയ നിലപാട് ഒരിക്കലും സിപിഎമ്മിന് അനുകൂലമാകില്ലെന്ന് വ്യക്തമാക്കുകയാണ് ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റതു മുതൽ ബിജെപിയുമായി ശോഭ സഹകരിക്കുന്നില്ല. തദ്ദേശ പ്രചരണത്തിലും സജീവമായില്ല

ഇതോടെ ശോഭാ ബിജെപി വിടുമെന്നും സിപിഎമ്മിൽ ചേരുമെന്നും പ്രചരണമെത്തി. ഈ സാഹചര്യത്തിൽ കൂടിയാണ് ഈ പോസ്റ്റ് ചർച്ചാ വിഷയമാകുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഏറെ ആശ്വാസമാണ് ഈ പോസ്റ്റ്.

ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചതിൽ സന്തോഷമുണ്ട്. ഓമനക്കുട്ടന്റേത് എന്നല്ല ഈ നാട്ടിലെ ഏത് സാധാരണക്കാരന്റെ മക്കൾക്കും ആ അവസരം കൈവന്നാൽ സന്തോഷം മാത്രമേയുള്ളു. എന്നാൽ സുകൃതിയുടെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ MBBS വിദ്യാഭ്യാസത്തിനുള്ള ഫീസ് വർധിപ്പിച്ച സർക്കാരും സിപിഎമ്മും തുനിഞ്ഞിറങ്ങുന്നത് കാണുമ്പോൾ സഹതാപം മാത്രമേയുള്ളു. ആരോഗ്യവകുപ്പ് സെക്രട്ടറിയും പ്രവേശന പരീക്ഷ കമ്മീഷണറും അടങ്ങുന്ന സർക്കാർ സമിതിയാണ് 2017ൽ പ്രഫഷണൽ മെഡിക്കൽ വിദ്യാഭ്യാസം പണക്കാർക്ക് തീറെഴുതി കൊടുത്തുകൊണ്ട് ഫീസ് വർധിപ്പിച്ചത്.

2016 അധ്യായന വർഷത്തിൽ ക്രിസ്ത്യൻ കോളേജുകൾ ഒഴികെയുള്ള കോളേജുകളിൽ ഇരുപത്തയ്യായിരം രൂപയ്ക്കു ഇരുപതു കുട്ടികളും രണ്ടരലക്ഷം രൂപയ്ക്കു മുപ്പതുകുട്ടികളും പഠിച്ച സ്ഥാനത്ത് എല്ലാവരും അഞ്ചര ലക്ഷം രൂപ കൊടുക്കണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത് ഇടതുപക്ഷ സർക്കാരാണ്. അഞ്ചരലക്ഷം രൂപ ഒരു വർഷം എന്ന് പറയുമ്പോൾ 27.5 ലക്ഷം രൂപ മുടക്കാൻ പറ്റുന്നവർ അപേക്ഷിച്ചാൽ മതി എന്ന് തീരുമാനമെടുത്തതും ഈ സർക്കാരാണ്. ഈ പണം മുടക്കാൻ ത്രാണിയില്ലാത്തവർ ഈ മേഖലയിൽ നിന്ന് പിന്മാറുമ്പോൾ കിട്ടുന്നതിന്റെ പേരാണ് ഏകീകൃത മെറിറ്റ് ലിസ്റ്റെന്ന് പറഞ്ഞതും ഈ സർക്കാരാണ് ! എട്ടുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ ബി സിക്കാരോട് അഞ്ചര ലക്ഷം രൂപ വാർഷിക ഫീസ് വാങ്ങുന്നതിനോളം യുക്തിരഹിതമായ തീരുമാനം മറ്റെന്താണുള്ളത്?

മെഡിക്കൽ വിദ്യാഭ്യാസം സ്വപ്നമായി കൊണ്ടുനടക്കുന്ന ഈ നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളെ ഫീസ് വർധിപ്പിച്ച് വഞ്ചിക്കുകയും സ്വപ്രയത്നം കൊണ്ട് എം ബി ബി എസ് പ്രവേശനം നേടിയ സഖാവിന്റെ മകളുടെ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഗതിക്കെട്ട പാർട്ടിയാണ് സിപിഎം. കിറ്റ് വിറ്റ് വോട്ട് നേടാൻ ശ്രമിക്കുന്നവർക്ക് തങ്ങളുടെ പാർട്ടിയിലെ പിന്നോക്ക സ്വത്വം വിൽക്കാൻ ധർമ്മികമായും വേറെ പ്രശ്നങ്ങളുണ്ടാകില്ലല്ലോ?