- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശോഭയ്‌ക്കെതിരെ ആഞ്ഞടിച്ച് മുരളീധര വിഭാഗം; അഭിപ്രായം പറയാതിരിക്കാൻ യോഗം ബഹിഷ്കരിച്ച് രാജഗോപാൽ; എഎൻആർ വിട്ടു നിന്നപ്പോൾ വനിതാ നേതാവിനെതിരെ ആഞ്ഞടിച്ചത് ജോർജ് കുര്യനും കൃഷ്ണകുമാരും സുധീറും; ഇനി അച്ചടക്കം ലംഘിച്ചാൽ നടപടിയെന്ന് സുരേന്ദ്രൻ; ബിജെപി കോർ കമ്മറ്റിയിൽ കണ്ടത് ശോഭാ സുരേന്ദ്രനെ പുകച്ചു പുറത്തു ചാടിക്കൽ തന്ത്രം
കൊച്ചി: മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനെ പുറത്താക്കാൻ കരുക്കൾ നീക്കി ബിജെപിയിലെ മുരളീധര വിഭാഗം. കോർകമ്മറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് കടന്നാക്രമിക്കാനാണ് തീരുമാനം. ഇതിന്റെ വ്യക്തമായ സൂചനയാണ് ഇന്ന് ബിജെപി കോർ കമ്മറ്റിയിൽ ഉണ്ടായത്. ശോഭാ സുരേന്ദ്രനെ സംരക്ഷിക്കുന്ന നിലപാട് പികെ കൃഷ്ണദാസ് പക്ഷവും എടുത്തില്ലെന്നത് ശ്രദ്ധേയമാണ്. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കണമെന്നും പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതിന് അപ്പുറത്തേക്കുള്ള പ്രതിരോധത്തിന് അവർ തയ്യാറായില്ല. ശോഭാ സുരേന്ദ്രനെ പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കമാണ് കോർ കമ്മറ്റിയിൽ കണ്ടത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ സാധാരണ പ്രവർത്തകർക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പരസ്യ പ്രതികരണം നടത്തുകയും ചെയ്ത ശോഭ സുരേന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി കോർകമ്മിറ്റിയിൽ വി മുരളീധര വിഭാഗം ആഞ്ഞടിക്കുകയായിരുന്നു. അതിശക്തമായ വിമർശനമാണ് അവർ എടുത്തത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ് അറിഞ്ഞു മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂവെന്ന വിലയിരുത്തലും സജീവമാണ്. ഏതായാലും തൽകാലം ശോഭാ സുരേന്ദ്രനെതിരെ നടപടി എടുക്കില്ല. ശോഭയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി വി മുരളീധര വിഭാഗം മുമ്പോട്ട് പോകുമ്പോൾ ബിജെപിയിൽ പ്രതിസന്ധിയും രൂക്ഷമാകും.
അധികാരത്തിന് വേണ്ടി വിലപേശിയ ശോഭയുടെ പ്രവൃത്തി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്‌തെന്ന വിമർശനമാണ് മുരളി പക്ഷം ഉന്നയിച്ചത്. കോർ കമ്മറ്റിയിൽ ബഹുഭൂരിപക്ഷം ഉള്ളതിനാൽ കടന്നാക്രമാണമാണ് അവർ നടത്തിയത്. എന്നാൽ ബിജെപിയുടെ മൊത്തം ഭാരവാഹികളിൽ വിരുദ്ധ അഭിപ്രായമുള്ളവർ ഏറെയുണ്ട്. അതുകൊണ്ട് തന്നെ കോർ കമ്മറ്റിക്ക് പുറത്ത് ചർച്ചകൾ നടന്നാൽ ഔദ്യോഗിക പക്ഷത്തിനും വിമർശനം ഉയരുമെന്ന് ഉറപ്പാണ്. ശോഭയെ പ്രകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർ കമ്മറ്റിയിലെ ചർച്ചകളിൽ ബിജെപി ഔദ്യോഗിക വിഭാഗം നിറഞ്ഞത്.
പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും എഎൻ രാധാകൃഷ്ണനും അടങ്ങുന്നതാണ് കോർ കമ്മറ്റി. ഇതിൽ ശോഭാ ഗ്രൂപ്പിൽപ്പെട്ട ആരുമില്ല. രാജഗോപാൽ മാത്രമാണ് പരസ്യമായിട്ടെങ്കിലും ശോഭയെ പിന്തുണച്ചിട്ടുള്ളത്. എന്നാൽ പാർട്ടി യോഗങ്ങളിൽ നിശബ്ദമാകുന്ന ശൈലിയാണ് രാജഗോപാൽ. ഈ സാഹചര്യത്തിൽ തന്റെ ഭാഗങ്ങൾ വിശദീകരിച്ച് ശോഭാ വിഭാഗം കുറിപ്പുകൾ നൽകിയിരുന്നു. പുകച്ചു പുറത്തുചാടിക്കാനുള്ള നീക്കം ഔദ്യോഗിക പക്ഷം നടത്തുന്നുവെന്നും ആരോപിച്ചു. ഇതാണ് അക്ഷരാർത്ഥത്തിൽ സംഭവിച്ചത്. ഇന്നത്തെ യോഗത്തിൽ രാജഗോപാലും എഎൻ രാധാകൃഷ്ണനും പങ്കെടുത്തതുമില്ല.
അവർ മുമ്പ് മത്സരിച്ച ആറ്റിങ്ങൽ, പാലക്കാട് എന്നിവിടങ്ങളിലെ പ്രവർത്തകർ ശോഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങണമെന്ന് കാല് പിടിച്ച് ആവശ്യപ്പെട്ടിട്ടും അവർ അത് നിരാകരിച്ചത് ശരിയായില്ലെന്ന് ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. മറ്റൊരു ജന.സെക്രട്ടറി സി.കൃഷ്ണകുമാറും ശോഭക്കെതിരെ ആഞ്ഞടിച്ചു. പട്ടികജാതിക്കാരുടെ പേര് പറഞ്ഞ് പാർട്ടിയിൽ നിന്നും നേടേണ്ടതെല്ലാം നേടിയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞ പി.എം വെലായുധനെതിരെ നോട്ടീസ് നൽകണമെന്ന് ജനറൽ സെക്രട്ടറി പി. സുധീർ ആവശ്യപ്പെട്ടു.
ദളിത് വിഭാഗത്തിൽ നിന്നും യുവനേതാക്കൾ ഉയർന്നു വരുന്നത് ഇഷ്ടമില്ലാത്ത നേതാവാണ് വെലായുധനെന്നും സുധീർ പറഞ്ഞു. വി മുരളീധര വിഭാഗത്തിലെ പ്രധാനികളാണ് കൃഷ്ണകുമാറും സുധീറും ജോർജ് കുര്യനും. ഇവർ തുടങ്ങി വച്ച വിമർശനത്തെ കൃത്യമായി പ്രതിരോധിക്കാൻ ആരും കോർ കമ്മറ്റിയിൽ തയ്യാറായില്ല. ഇതിനിടെ സംസ്ഥാന പ്രസിഡന്റിനെതിരെ താൻ കേന്ദ്രനേതൃത്വത്തിന് കത്തയച്ചുവെന്ന വാർത്തകൾ ചിലരുടെ സൃഷ്ടിയാണെന്നും ഫേസ്‌ബുക്കിൽ അതിന് മറുപടി പറഞ്ഞിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടുനിൽക്കുകയും പരസ്യപ്രതികരണം നടത്തുകയും ചെയ്ത ശോഭയുടെ നിലപാടിനോട് യോജിപ്പില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കിയെന്നാണ് സൂചന. കെ.സുരേന്ദ്രന്റെ നേതൃത്വത്തെ കുമ്മനവും പുകഴ്‌ത്തി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നുമായിരുന്നു കുമ്മനം രാജശേഖരന്റെ അഭിപ്രായം. പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കണമെന്ന് എംടി രമേശും ആവശ്യപ്പെട്ടു. ഇതിനിടെ രമേശിനെ വിമർശിക്കാനും മുരളീധര വിഭാഗം തയ്യാറായി.
തുടക്കത്തിൽ ശോഭ വിട്ടുനിന്നപ്പോൾ അവരെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിച്ച എം ടി രമേശിന്റെ നടപടിയിൽ മുരളീധരപക്ഷം അതൃപ്തി പ്രകടിപ്പിച്ചു. ശോഭയ്ക്ക് ഒരു അവസരം കൂടി നൽകണമെന്നും ഇനിയും പരസ്യപ്രതികരണം നടത്തിയാൽ നടപടി സ്വീകരിക്കാമെന്നുമാണ് മറുപടി പ്രസംഗത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞത്. അപ്പോഴും പ്രശ്‌ന പരിഹാരം വേണമെന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷം എടുത്തത്.
ജയ് ശ്രീരാം വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി അഭിപ്രായപ്രകടനം നടത്തിയ രാധാകൃഷ്ണ മേനോനോട് വിശദീകരണം ചോദിക്കാനും യോഗം തീരുമാനിച്ചു.