- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വർക്കലയിൽ ഉറപ്പ് നൽകി ഓഫർ; എല്ലാ അവഗണനയും അവസാനിക്കും വരെ വിട്ടു നിൽക്കാൻ വനിതാ നേതാവും; നാളത്തെ സംസ്ഥാന സമിതിയിലും പങ്കെടുക്കില്ല; നദ്ദയുടെ വരവിന് മുമ്പ് ശോഭാ സുരേന്ദ്രനെ അടുപ്പിച്ച് പാർട്ടിയുടെ ശോഭ കൂട്ടാനും ശ്രമം; അനുനയത്തിന് എഎൻആർ വീണ്ടും ഇറങ്ങും; വിഭാഗീയതയിൽ തീരുമാനമില്ലാതെ ബിജെപി
തിരുവനന്തപുരം: നാളത്തെ സംസ്ഥാന സമിതി യോഗത്തിനും ശോഭാ സുരേന്ദ്രൻ എത്തില്ല. ബിജെപി ദേശീയ അധ്യക്ഷന്റെ പ്രചരണത്തിൽ തീരുമാനം എടുക്കാനാണ് അതിനിർണ്ണായക യോഗം. ഇതോടെ താനുയർത്തിയ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും വരെ പ്രതിഷേധം തുടരുമെന്ന സന്ദേശമാണ് ശോഭാ സുരേന്ദ്രൻ നൽകുന്നത്. അതിനിടെ എങ്ങനേയും ശോഭയെ തൃശൂരിലെ യോഗത്തിൽ എത്തിക്കാനും നീക്കം സജീവമാണ്.
ശോഭയുമായി പ്രശ്‌നമില്ലെന്നും വർക്കല സീറ്റിൽ അവരെ മത്സരിപ്പിക്കാമെന്നുമാണ് ബിജെപി ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. എന്നാൽ അർഹമായ പരിഗണന സംഘടനാ തലത്തിൽ വേണമെന്നതാണ് ശോഭയുടെ ആവശ്യം. അവർ ഇപ്പോൾ ഡൽഹിയിലാണുള്ളത്. ദേശീയ നേതൃത്വത്തിലെ പ്രമുഖരുമായും അവർ ആശയ വിനിമയം നടത്തിക്കഴിഞ്ഞു. ഈ ചർച്ചകളിൽ എല്ലാം പ്രശ്‌ന പരിഹാര സൂചനകളാണുള്ളത്. എന്നാൽ അന്തിമ തീരുമാനങ്ങൾ ആയിട്ടുമില്ല.
പരിവാർ പ്രസ്ഥാനങ്ങളെ വിട്ടു പോകില്ലെന്നാണ് ശോഭാ സുരേന്ദ്രൻ നൽകുന്ന സൂചന. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ അധിക്ഷേപകരവും നിന്ദ്യവുമായ പരാമർശം നടത്തിയ സൈബർ ഗുണ്ടയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചേ മതിയാകൂ എന്ന് ശോഭാ സുരേന്ദ്രൻ ഫെയ്‌സ് ബുക്കിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം കർഷക സമരത്തിലും ബിജെപി നിലപാടുകളെയാണ് പരസ്യമായി പിന്തുണയ്ക്കുന്നത്. അതുകൊണ്ട് തന്നെ മറ്റൊരിടത്തും ശോഭ പോകില്ലെന്ന് ബിജെപി നേതൃത്വത്തിനും വ്യക്തത കിട്ടിക്കഴിഞ്ഞു. എങ്കിലും പൂർണ്ണമായും വഴങ്ങാനും തയ്യാറല്ല. നേതൃത്വത്തിലെ അവഗണനയ്ക്ക് വ്യക്തമായ പരിഹാരമാണ് അവർ ആവശ്യപ്പെടുന്നത്.
നേരത്തെ ശോഭാ സുരേന്ദ്രനുമായി സംസാരിക്കാൻ മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെ ബിജെപിയും ആർ എസ് എസും നിയോഗിച്ചിരുന്നു. ശോഭാ സുരേന്ദ്രന്റെ നിലപാടുകൾ എഎൻആർ ആർ എസ് എസിനെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനവും വരും. ബിജെപിയുടെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ കേരളത്തിലേക്ക് വരികയാണ്. ഫെബ്രുവരി ആദ്യവാരം രണ്ടുദിവസം നദ്ദ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് ചർച്ചകളിലും തൃശ്ശൂരിൽ പൊതുയോഗത്തിലും നദ്ദ പങ്കെടുക്കും. ബിജെപി. കോർ കമ്മിറ്റിയിലും അദ്ദേഹം പങ്കെടുക്കും. ഈ യോഗങ്ങളിൽ ശോഭാ സുരേന്ദ്രൻ എത്തുമോ എന്നതാണ് ഇനി നിർണ്ണായകം,
തിരുവനന്തപുരത്തായിരിക്കും നദ്ദ ആദ്യം എത്തുക. തിരുവനന്തപുരത്തെ പാർട്ടി നേതാക്കളുമായും മുൻസിപ്പൽ കൗൺസിലർമാരുമായും മറ്റും ചർച്ച നടത്തും. ശേഷം കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. രണ്ടാമത്തെ ദിവസം തൃശ്ശൂരിലായിരിക്കും നഡ്ഡ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. പാർട്ടിയുടെ മീഡിയ വിഭാഗവും സോഷ്യൽ മീഡിയാ വിഭാഗവുമായും നദ്ദ ചർച്ച നടത്തും. ശോഭാ സുരേന്ദ്രനും നിലവിൽ തൃശൂർ കേന്ദ്രീകരിച്ചാണ് താമസം. അതുകൊണ്ട് തന്നെ നദ്ദയുടെ പരിപാടി അവർ ബഹിഷ്‌കരിച്ചാൽ അത് വലിയ ചർച്ചയായി മാറും. അതിന് മുമ്പ് ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനാണ് നീക്കം.
ആർ എസ് എസിനുള്ളിൽ ചില മാറ്റങ്ങൾക്ക് സാധ്യത തെളിയുന്നുണ്ട്. സർ സഘ് ചാലക് മോഹൻ ഭാഗവതിന്റെ നിർദ്ദേശം പരിഗണിച്ചാണ് ഇത്. അതുകൊണ്ട് തന്നെ ശോഭാ സുരേന്ദ്രൻ അടക്കമുള്ള വിഷയങ്ങളിൽ കരുതലോടെ മാത്രമേ ആർഎസ്എസ് സംസ്ഥാന നേതൃത്വം തീരുമാനം എടുക്കൂ. ബിജെപിയോട് എങ്ങനേയും പ്രശ്‌ന പരിഹാര ഫോർമുല കണ്ടെത്താൻ ആവശ്യപ്പെടും. നിർദ്ദേശങ്ങൾ ഒന്നും മുമ്പോട്ട് വയ്ക്കില്ല. അനുനയ ചർച്ചയ്ക്ക് എ എൻ രാധാകൃഷ്ണൻ തുടർന്നും മുൻകൈയെടുക്കും. നാളത്തെ യോഗത്തിൽ ശോഭയെ പങ്കെടുപ്പിക്കാനും തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പും സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന യാത്രയും പ്രധാന അജൻഡകളാകുന്ന ബിജെപി സംസ്ഥാന സമിതി യോഗം നാളെ് തൃശൂരിലാണ് ചേരുന്നത്. രാവിലെ സംസ്ഥാന ഭാരവാഹികളുടെ യോഗവും ,തുടർന്ന് സംസ്ഥാന സമിതിയും ചേരും. അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ സന്ദർശനവും ചർച്ച ചെയ്യും.സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കാൻ ഇടപെടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടേക്കും. കർഷക നിയമത്തിൽ മുതിർന്ന നേതാവ് ഒ. രാജഗോപാൽ നിയമസഭയിൽ സ്വീകരിച്ച നിലപാടും ചർച്ചാവിഷയമാകുമെന്ന് സൂചനയുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായം തേടുന്ന നടപടികൾക്കും തീരുമാനമാവും.കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ ശേഷം ആദ്യമായാണ് വിപുലമായ യോഗം ചേരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഭാരവാഹികളുടെ യോഗവും കോർകമ്മിറ്റിയും മാത്രമാണ് ചേർന്നിരുന്നത്. പാർട്ടി ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, മേഖലാ ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ, മോർച്ച ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
കേരളത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ തൃശൂർ ശ്രീശങ്കര ഹാളിലാണ് യോഗം. കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ