- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടിൽ ശോഭാ സുരേന്ദ്രൻ; സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് കാട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകും; മാറി നിൽക്കുന്നത് അഞ്ച് ജില്ലകളിലായി എട്ട് തെരഞ്ഞെടുപ്പിൽ വോട്ടു കൂട്ടിയ വനിതാ നേതാവ്; പദവി കിട്ടിയാൽ പ്രചരണത്തിൽ സജീവമാകും; ബിജെപിയിൽ ശോഭ നിസ്സഹകരണത്തിൽ തന്നെ
കൊച്ചി: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ മത്സരിക്കില്ല. കഴിഞ്ഞ എട്ട് തെരഞ്ഞെടുപ്പിലായി അഞ്ച് ജില്ലകളിൽ മത്സരിച്ച ബിജെപി നേതാവാണ് ശോഭാ സുരേന്ദ്രൻ. എല്ലായിടത്തും ബിജെപിക്ക് വേണ്ടി വോട്ടുയർത്തിയ നേതാവാണ് ശോഭാ സുരേന്ദ്രൻ. ഈ നേതാവാണ് നിർണ്ണായക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന നിലപാട് എടുക്കുന്നത്. തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോട് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ശോഭാ സുരേന്ദ്രൻ പ്രചരണത്തിൽ സജീവമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് വർക്കലയിൽ മത്സരിക്കാനാണ് ശോഭാ സുരേന്ദ്രനോട് ആർ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം ബിജെപി നടത്തിയ മണ്ഡലമാണ് ഇത്. എന്നാൽ മത്സരത്തിനില്ലെന്ന നിലപാടിലാണ് ശോഭ. കഴിഞ്ഞ തവണ പാലക്കാട് മത്സരിച്ച് രണ്ടാം സ്ഥാനത്ത് ശോഭ എത്തിയിരുന്നു. എന്നാൽ ഇത്തവണ ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മൂലം ഇവിടെ മത്സരിക്കാൻ ശോഭയ്ക്ക് കഴിയില്ല. ഈ സാഹചര്യം എല്ലാം മനസ്സിലാക്കിയാണ് മത്സരത്തിൽ നിന്നും വിട്ടു നിൽക്കുന്നത്.
ശോഭയ്‌ക്കെതിരെ പലവിധ ആരോപണങ്ങൾ ബിജെപിയിലെ ഗ്രൂപ്പുകൾ ഉയർത്തുന്നുണ്ട്. പ്രധാനമായും രണ്ട് ഗ്രൂപ്പുകളാണ് ബിജെപിയിലുള്ളത്. വി മുരളീധര വിഭാഗവും പികെ കൃഷ്ണദാസ് ഗ്രൂപ്പും. ശോഭാ സുരേന്ദ്രൻ ഈ രണ്ട് ഗ്രൂപ്പിലും ഇല്ല. അതുകൊണ്ട് തന്നെ രണ്ട് പേരും ശോഭയെ ഒതുക്കുകയാണ്. ഇതേ തുടർന്ന് ഏറെ നാളായി അവർ ബിജെപി നേതൃത്വത്തിൽ സജീവമായിരുന്നില്ല. എന്നാൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത തൃശൂർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പ് ഡൽഹിയിൽ എത്തി നദ്ദയെ ശോഭാ സുരേന്ദ്രൻ കണ്ടതായും റിപ്പോർട്ടുണ്ട്.
പത്ത് മാസങ്ങൾക്കു ശേഷമാണ് പാർട്ടി യോഗത്തിൽ ശോഭ വീണ്ടും സജീവമാകുന്നത്. ബിജെപി യോഗത്തിൽ താൻ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. പദവിയിലുറപ്പ് കിട്ടിയോ എന്ന ചോദ്യത്തന് ദേശീയ അധ്യക്ഷൻ പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു ശോഭയുടെ മറുപടി. തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുടെ ഭാഗമായി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തൃശൂരിൽ എത്തിയിരുന്നു. ഇദ്ദേഹം പങ്കെടുത്ത യോഗത്തിലാണ് ശോഭ സുരേന്ദ്രൻ പങ്കെടുത്തത്.
സംഘടനാതലത്തിൽ പ്രശ്നമങ്ങളില്ലാതെ മുന്നോട്ടു പോകണമെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശം വെച്ചത്. പാർട്ടി പുനഃസംഘനയുമായി ബന്ധപ്പെട്ട് ശോഭാ പാർട്ടിയുമായി അകലത്തിലായിരുന്നു. തന്നെ തഴഞ്ഞുവെന്ന ആക്ഷേപം അവർക്കുണ്ടായിരുന്നു. മണ്ഡലം ചുമതലുള്ളവരുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിലും പൊതുയോഗത്തിലും തൃശൂരിൽ ശോഭ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതും പ്രസിഡന്റ് കെ. സുരേന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസവുമായിരുന്നു ശോഭയുടെ പ്രശ്‌നം. കോർ കമ്മിറ്റി അംഗത്വവും ദേശീയ തലത്തിൽ ഏതെങ്കിലും ചുമതലയും വേണമെന്നായിരുന്നു ആവശ്യം. ഇവ രണ്ടും പിന്നീടു തീരുമാനിക്കും.
ശോഭയ്ക്കു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ചുമതല നൽകാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഇത് കെ സുരേന്ദ്രൻ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം. മാന്യാമായ പദവി കിട്ടിയാൽ മത്സരിച്ചില്ലെങ്കിലും പ്രചരണത്തിൽ ശോഭ സജീവമായേക്കും.
മറുനാടന് മലയാളി ബ്യൂറോ