- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ശോഭാ സുരേന്ദ്രൻ എന്നാൽ ബിജെപി'; പത്തു മാസത്തിന് ശേഷം വനിതാ നേതാവ് വീണ്ടും സമര മുഖത്തേക്ക് ; പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണയറിയിച്ച് 48 മണിക്കൂർ സെക്രട്ടറിയേറ്റ് നടയിൽ ഉപവാസം; മോദിയിൽ വിശ്വാസം അർപ്പിച്ച് മടങ്ങി വരവ്; ശോഭാ സുരേന്ദ്രൻ റീലോഡഡ്
തിരുവനന്തപുരം: പി എസ് സി സമരത്തിൽ ഇടപെട്ട് ശോഭാ സുരേന്ദ്രൻ റീ ലോഡഡ്. നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ശോഭാ സുരേന്ദ്രന്റെ 48 മണിക്കൂർ ഉപവാസം. വിശ്വസ്തരായ ബിജെപി അനുയായികൾക്കൊപ്പം സെക്രട്ടറിയേറ്റ് നടയിൽ എത്തി ശോഭാ സുരേന്ദ്രനാണ് തീരുമാനം അറിയിച്ചത്. ശോഭാ സുരേന്ദ്രൻ എന്നു പറഞ്ഞാൽ ബിജെപിയാണെന്ന മറുപടിയിൽ എല്ലാ വിവാദങ്ങൾക്കും അവർ വിശദീകരണവും നൽകി. ന്യായമായ സമരത്തിനൊപ്പം മണിക്കൂറുകൾ താനും ചെലവഴിക്കുമെന്ന് പറഞ്ഞാണ് ശോഭ വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്.
ഏറെ നാളായി പ്രതിഷേധ-സമര രംഗത്തൊന്നും ശോഭാ സുരേന്ദ്രൻ സജീവമായിരുന്നില്ല. ബിജെപി നേതൃത്വം തന്നെ ഒഴിവാക്കുന്നുവെന്ന പരാതി ഉന്നയിച്ചായിരുന്നു മാറി നിൽക്കൽ. എന്നാൽ ദേശീയ അധ്യക്ഷൻ ജെപി നദ്ദ തൃശൂരിൽ എത്തിയപ്പോൾ പാർട്ടി പരിപാടികളിൽ ശോഭയും പങ്കെടുത്തു. പാലക്കാടും വർക്കലയിലും ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതും ശോഭയെയാണ്. ഈ സാഹചര്യത്തിലാണ് പൊതുപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നത്. 48 മണിക്കൂർ ഉപവാസത്തോടെ പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി യുവാക്കളെ കൈയിലെടുക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ശോഭയുടേത്. അടുപ്പമുള്ള ബിജെപി നേതാക്കളുമായി ചർച്ച ചെയ്താണ് ശോഭാ സുരേന്ദ്രൻ സമരത്തിൽ പങ്കാളിയാകുന്നത്.
ന്യായമായ സമരത്തിനൊപ്പം അൽപ്പം മണിക്കൂറുകൾ. മാറി നിൽക്കാൻ സാധിക്കുന്നില്ല. ഞാൻ എന്തായാലും നിങ്ങൾക്കിടയിൽ വേണം എന്നാണ് മനസ്സിലാക്കാൻ ശ്രമം. അതുകൊണ്ട് ആക്ടീവ് ആകും. എന്റെ ഈ വരവ് സെൻസേഷണൽ ആകുന്നതും ആകാത്തരിക്കുന്നതും മാധ്യമ പ്രവർത്തകർ ആണ്. എന്ന് വിവാദങ്ങൾ വേണ്ട. ഇതുകഴിഞ്ഞ് എല്ലാത്തിനും മറുപടി നൽകാം. ശോഭാ സുരേന്ദ്രൻ എന്നു പറഞ്ഞാൽ സ്വാഭാവികമായും ബിജെപിയാണ്. പ്രത്യേകിച്ചൊരു രാഷ്ട്രീയ പാർട്ടിയോടും വിധേയത്വം ഇല്ലാത്തവരാണ് ഈ സമരത്തിന് പിന്നിലുള്ളത്. പോരാട്ടത്തിന് മനസ്സുള്ള എല്ലാ പാർട്ടിക്കാരും ഇവരെ പിന്തുണയ്ക്കണമെന്നും ശോഭാ സുരേന്ദ്രൻ അഭ്യർത്ഥിച്ചു.
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രൻ ഡൽഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള ബിജെപിയിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടൽ തേടിയാണ് ശോഭാ സുരേന്ദ്രൻ മോദിയെ കണ്ടത്. ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് മോദി ഉറപ്പു കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ശോഭയുടെ ബിജെപിയിലേക്കുള്ള മടങ്ങി വരവ്. കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ മോദിയെ ധരിപ്പിച്ചുവെന്നും ശോഭ പറഞ്ഞിരുന്നു.
വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന്- അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാൻ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നും ശോഭ കൂട്ടിച്ചേർത്തിരുന്നു. രാതികൾ അതേപടി നിലനിൽക്കുമ്പോഴും ദേശീയനേതൃത്വത്തിന്റെ കർശനമായ നിർദ്ദേശം ഉൾക്കൊണ്ടാണ് മടങ്ങിവരവ്.
പുനഃസംഘടനയിൽ അർഹമായ പരിഗണന ലഭിക്കാതെ വന്നതോടെയാണ് ശോഭസുരേന്ദ്രൻ ബിജെപി നേതൃത്വത്തിൽ നിന്ന് അകന്നത്. പാർട്ടി വേദികളിൽ നിന്ന് മാറി നിന്ന ശോഭ സംസ്ഥാന നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങിയില്ല. സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാതെ അന്നേ ദിവസം സംസ്ഥാന നേതാക്കൾക്കെതിരെ പരാതിയുമായി ശോഭ ഡൽഹിയിലേക്ക് പോയി. ശോഭ നേതൃത്വത്തിലേക്ക് തിരിച്ചെത്തണമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല.
അതേസമയം ശോഭയുടെ പ്രതിഷേധവും പരാതികളും കണക്കിലെടുക്കാൻ പോലും സംസ്ഥാന നേതൃത്വം തയാറായില്ല. പാർട്ടി വേദികളിൽ നിന്ന് വിട്ടു നിന്നുകൊണ്ടുള്ള പരസ്യപ്രതിഷേധത്തിൽ ആർഎസ്എസും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് മോദിയെ കണ്ടത്. ഇതോടെ പ്രശ്‌ന പരിഹാരത്തിൽ വ്യക്തമായ ഉറപ്പ് കിട്ടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ