തിരുവനന്തപുരം: ബിജെപിയുടെ ശ്രദ്ധ മുഴുവൻ കെ സുരേന്ദ്രന്റെ വിജയ യാത്രയിൽ മാത്രം. ഈ സാഹചര്യത്തിലാണ് പാർട്ടി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ സ്വയംപ്രഖ്യാപിച്ച് നടത്തുന്ന സമരത്തോട് അകലംപാലിച്ച് ബിജെപി. സംസ്ഥാന നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയിലും പ്രതികരിക്കില്ല.

പാലക്കാടും വർക്കലയും ശോഭാ സുരേന്ദ്രന് മാറ്റി വയ്ക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പദ്ധതി. കേന്ദ്രത്തിന്റെ നിലപാട് കൂടി മനസ്സിലാക്കി സീറ്റ് അനുവദിക്കാനായിരുന്നു നീക്കം. ഇതിനിടെ ശോഭ മത്സരിക്കില്ലെന്ന് മറുനാടൻ രണ്ടാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇത് ശരിവയ്ക്കും വിധം ശോഭ പരസ്യ പ്രതികരണവും നടത്തി. ഇതോടെ വർക്കലയിലും പലാക്കാട്ടും പുതിയ സ്ഥാനാർത്ഥികളെ സംസ്ഥാന നേതൃത്വം നിശ്ചയിക്കും. ടിപി സെൻകുമാർ മത്സരത്തിന് തയ്യാറായാൽ അദ്ദേഹത്തിന് വർക്കല നൽകും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ സുരേന്ദ്രനും വർക്കലയിൽ മത്സരിക്കാൻ സാധ്യതയുണ്ട്.

പാല്കാട്ടേക്ക് ഇ ശ്രീധരനേയും പരിഗണിക്കുന്നു. എന്നാൽ പൊന്നാനിയിൽ മത്സരിക്കാനാണ് ശ്രീധരന് താൽപ്പര്യം. അങ്ങനെ വന്നാൽ പാലക്കാട് സന്ദീപ് വാര്യർ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. ഇതിനിടെയിലും ശോഭ പൊതു രംഗത്ത് സജീവമാകും. സുരേന്ദ്രന്റെ വിജയ യാത്രയിൽ അവർ പങ്കെടുക്കുമോ എന്നതും നിർണ്ണായകമാണ്. അതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

പി എസ് സി റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ശോഭ 48 മണിക്കൂർ ഉപവാസം തുടങ്ങിയത്. ഈ സമരത്തിന് അഭിവാദനം അർപ്പിച്ച് യുവമോർച്ചയും സെക്രട്ടറിയേറ്റിൽ പ്രതിഷേധം നടത്തി. പക്ഷേ അവരും ശോഭയെ കണ്ടില്ലെന്ന് നടിച്ചു. ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തോട് പാർട്ടിയുടെകൂടി അനുഭാവം പ്രകടിപ്പിച്ചാണ് യുവമോർച്ച സമരം നടത്തിയത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയശേഷം പാർട്ടിയിൽ സജീവമായ ശോഭ സമരത്തിനിറങ്ങിയത്.

ബിജെപിയുടെ തിരുവനന്തപുരം ജില്ലാ നേതൃത്വം പോലും ശോഭയുടെ സമരത്തെ കണ്ടില്ലെന്ന് നടിച്ചു. സമരത്തിന് പാർട്ടിയുടെ പ്രത്യേക അനുമതി വേണ്ടെന്ന് ജനറൽ സെക്രട്ടറി ജോർജ് കുര്യൻ മാധ്യമങ്ങളോടു പറഞ്ഞെങ്കിലും സമരപ്പന്തലിലേക്ക് നേതാക്കളെത്തിയില്ല. എന്നാൽ, പത്തുമാസത്തോളം പാർട്ടിയുമായി സഹകരിക്കാതിരുന്ന ശോഭ നിലപാടുകളിൽ ഉറച്ചുനിന്ന് ജനകീയവിഷയങ്ങളിൽ ഇടപെടൽ നടത്തുമെന്നാണഅ സൂചന.

ശോഭയുടെ സമരം പാർട്ടിയറിഞ്ഞാണോ, അനുമതിയോടെയാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉദ്യോഗാർഥികളുടെ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിനൊന്നും പ്രത്യേകാനുമതി വേണ്ടെന്നുമാണ് പത്രസമ്മേളനത്തിൽ ജോർജ് കുര്യൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശോഭയുടെ പ്രഖ്യാപനത്തോട്, ത്യജിക്കുന്നതിന് അനുവാദം വേണ്ടെന്നും ത്യാഗം അച്ചടക്കലംഘനമാകില്ലെന്നുമായിരുന്നു പ്രതികരണം. അതായത് ശോഭയ്ക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ ആരും സമ്മർദ്ദം ചെലുത്തില്ലെന്നാണ് ജോർജ് കുര്യൻ പറയുന്നത്.

സ്വർണക്കള്ളക്കടത്തിൽ സർക്കാരിനെ മുൾമുനയിൽ നിർത്താൻ ശ്രമിച്ച ബിജെപി. നേതൃത്വം തദ്ദേശതിരഞ്ഞെടുപ്പിനുശേഷം നിലപാടുകളിൽ മാറ്റം വരുത്തി. ഈ സാഹചര്യത്തിൽ ഈ വിഷയങ്ങൾ സർക്കാരിനെതിരെ ചർച്ചയാക്കാനാണ് ശോഭയുടെ നീക്കം. ശോഭയുടെ പരാതിയിൽ കേന്ദ്രനേതൃത്വവും ആർ.എസ്.എസും ഇടപെട്ടതാണ്. അതുകൊണ്ട് തന്നെ എല്ലാ വിഷയത്തിലും കരുതലോടെ മാത്രമേ ബിജെപി നേതൃത്വം പ്രതികരിക്കൂ.