കണ്ണൂർ: കെ സുരേന്ദ്രന്റെ വിജയ് യാത്ര ഇരുട്ടിയിൽ എത്തുമ്പോൾ ബിജെപി നേതൃത്വം ആവേശത്തിലാണ്. പാർട്ടിയിലെ വിഭാഗീയത ഇനി ആർക്കും ചർച്ചയാക്കാൻ പറ്റില്ല. സുരേന്ദ്രന്റെ യാത്രയിൽ സജീവ സാന്നിധ്യമായി മാറുകയാണ് ശോഭാ സുരേന്ദ്രൻ. വിജയ യാത്രയുടെ ഉദ്ഘാടനത്തിൽ ശോഭ എത്തില്ലെന്നായിരുന്നു രാഷ്ട്രീയ എതിരാളികൾ കരുതിയത്. എന്നാൽ പ്രചരണങ്ങളെ എല്ലാം അപ്രസക്തമാക്കി യോഗി ആദിത്യനാഥിന് സമ്മാനവുമായി അവർ വേദിയിൽ എത്തി. പാർട്ടിയിൽ ആരുമായും പിണക്കമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ശോഭയുടെ വരവ്. ഇന്നിതാ കെ സുരേന്ദ്രന്റെ വിജയ യാത്രയിലും ശോഭ സജീവമായി. ഇരുട്ടിയിൽ തീപ്പൊരി പ്രസംഗം. മോദിയുടെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് വിമർശിക്കൽ. കെ സുരേനന്ദ്രന്റെ യാത്രയ്ക്ക് ആവേശം വിതറി ബിജെപിയുടെ താര പ്രചാരകയാവുകയാണ് ശോഭാ സുരേന്ദ്രൻ വീണ്ടും.

പരിവാർകാർക്കൊപ്പം താൻ നീങ്ങുമെന്ന സന്ദേശമാണ് ശോഭ നൽകുന്നത്. വിജയ് യാത്രയിൽ ശോഭ പങ്കെടുക്കില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇതെല്ലാം അപ്രസക്തമാക്കിയാണ് പ്രസംഗങ്ങളിലൂടെ പരിവാർ അണികളെ പിടിച്ചിരുത്തുന്നത്. ഇരുട്ടിയിൽ സുരേന്ദ്രന്റെ യാത്ര എത്തുമുമ്പേ ശോഭാ സുരേന്ദ്രൻ എത്തി. എല്ലാ പരിഭവവും പിണക്കവും മാറ്റി അത്യുഗ്രൻ പ്രസംഗം. മന്ത്രി മേഴ്‌സികുട്ടി അമ്മയേയും പിണറായി വിജയനേയും കടന്നാക്രമിച്ച് ചെന്നിത്തലയെ വിമർശിക്കുന്ന രീതി. മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണി എണ്ണി പറയുന്നു. ലൈഫ് മിഷൻ എന്ന പദ്ധതി കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ പേരുമാറ്റമെന്ന് വിശദീകരിക്കുന്നു. ഇതോടെ ബിജെപി രാഷ്ട്രീയത്തിൽ വീണ്ടും ശോഭാ സുരേന്ദ്രൻ നിറയുകയാണ്.

രാഷ്ട്രീയ യാത്രകളുടെ വിജയത്തിൽ അതിനിർണ്ണായകാണ് ഓപ്പണിങ് പ്രസംഗങ്ങൾ. അതിന് കേരളത്തിലെ ബിജെപിയിൽ ഇന്നുള്ളതിൽ ഏറ്റവും മിടുക്ക് ശോഭാ സുരേന്ദ്രുമാണ്. ഈ ദൗത്യം അവർ ഏറ്റെടുക്കുമോ എന്നത് നേതൃത്വത്തിന് മുന്നിൽ ചോദ്യമായി തന്നെ നിന്നിരുന്നു. ഇതിനൊപ്പം വിജയയാത്രയിലെ പങ്കാളിത്തം എങ്ങനെയാകുമെന്നതും. അത് മാറുകയാണ്. ബിജെപിക്കൊപ്പം ഇനി ശോഭയും ഉണ്ടാകും. അവരുടെ എല്ലാ വിഷയങ്ങൾക്കും പരിഹാരവും ഉറപ്പ്-ഇതായിരുന്നു ശോഭയുടെ ഇരുട്ടിയിലെ സാന്നിധ്യത്തെ കുറിച്ച് പ്രമുഖ ബിജെപി നേതാവിന്റെ പ്രതികരണം. പാർട്ടി പരിപാടികളുമായി സഹകരിക്കുന്ന നേതാക്കൾക്കെല്ലാം അർഹിക്കുന്ന പരിഗണന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും നൽകും.

സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണമാണ് നൽകിയത്. ശോഭാ സുരേന്ദ്രൻ യോഗി ആദിത്യനാഥിന് ആറന്മുള കണ്ണാടി നൽകുകയും ചെയ്തു. ഇതിന് ശേഷവും യാത്രയെ അനുഗമിക്കുകയാണ് ശോഭ. കണ്ണൂർ ജില്ലയിൽ ഉടനീളം അവർ പ്രസംഗിക്കും. ഇത് ബിജെപിക്കും ആവേശമാകുന്നുണ്ട്. പി എസ് സി വിഷയത്തിൽ സജീവ ഇടപെടൽ നടത്തിയാണ് പൊതു രംഗത്തേക്ക് വീണ്ടും ശോഭ സജീവമായത്. ബിജെപി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം കണക്കിലെടുത്തായിരുന്നു ഇത്. പ്രധാനമന്ത്രി മോദിയുമായും ശോഭ കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാരിന് എതിരെ ശോഭാ സുരേന്ദ്രൻ അതിശക്തമായ വിമർശനം ഫെയ്‌സ് ബുക്കിൽ ഉയർത്തിയിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യ അല്ലെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം സർക്കാർ പുനപരിശോധിക്കാനിരിക്കുകയാണ്. ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്: '' തങ്ങളുടെ ആവാസവ്യവസ്ഥ നശിക്കപ്പെട്ടാൽ ജീവിതം ഇല്ലാതായി പോകുന്ന രണ്ടു കൂട്ടം മനുഷ്യരാണ് ആദിവാസികളും മത്സ്യത്തൊഴിലാളികളും. അവരുടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിന്റെ ആഴക്കക്കടൽ അമേരിക്കൻ കമ്പനിക്ക് വിൽക്കുകയും അതിനെ ന്യായീകരിക്കുകയും കളവു പറയുകയും ചെയ്യുന്ന സംസ്ഥാന ഫിഷറീസ് മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല.

ഏക്കറു കണക്കിന് സ്ഥലവും സർക്കാർ ഒപ്പിട്ട ധാരണാപത്രവുമായി ഒരു അമേരിക്കൻ കമ്പനി കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനുമേൽ വാളോങ്ങി നിൽക്കുന്നത് അഭിമാനിക്കാവുന്ന ഒന്നാണ് എന്ന് കരുതുന്നത്, അതു പിആർഡി വഴി പരസ്യം ചെയ്യുന്നത് എത്ര വലിയ ദ്രോഹമാണെന്നോർക്കണം. നരസിംഹറാവു സർക്കാരിന്റെ കാലത്താണ് ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ രാജ്യത്ത് ക്ഷണിച്ചുവരുത്തിയത്. ഇതൊന്നും അറിയാത്ത ആളുകളല്ല അന്ന് പാർലമെന്റിൽ ഉണ്ടായിരുന്ന ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും. അതുകൊണ്ട് കോൺഗ്രസ് മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ ആരോപണമുന്നയിക്കുന്നത് ഇരുതല വാളുകൊണ്ട് ആഞ്ഞുവീശുന്നതിന് തുല്യമാണ്. ഈ വഞ്ചന തിരിച്ചറിയാൻ കഴിയാത്ത ജനമാണ് ഇവിടെയുള്ളത് എന്നത് വലിയ അണ്ടർ എസ്റ്റിമേഷനാണ്'' -അങ്ങനെ ഈ വിഷയത്തിലെ അജണ്ടയും പരിവാറിന് വേണ്ടി സെറ്റു ചെയ്യുകയാണ് ശോഭ.

സെക്രട്ടേറിയറ്റ് പടിക്കൽ ദിവസങ്ങളായി സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 48 മണിക്കൂർ ഉപവസിച്ച ശോഭ ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി ഗവർണറെ കണ്ടത് മടങ്ങിവരവിന് കരുത്തും ഊർജവും പകരുന്ന അപ്രതീക്ഷിത നീക്കമായി. ഇതിന് ശേഷമാണ് ബിജെപി വേദിയിലും ശോഭ സജീവ സാന്നിധ്യമാകുന്നത്.