തിരുവനന്തപുരം: ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അഞ്ച് ജില്ലകളിലായി ഏഴുതവണ മത്സരിച്ചിട്ടുണ്ട്. ഇത്തവണ ബിജെപി.യിൽനിന്ന് ഒരുപാടാളുകൾ ജയിക്കാൻ പോവുന്ന തിരഞെടുപ്പിൽ അവരെയൊക്കെ ജയിപ്പിച്ച് കൈപിടിച്ച് നിയമസഭയിൽ ഇരുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്-ശോഭ നിലപാട് വിശദീകരിക്കുകയാണ്. ബിജെപിക്കൊപ്പം നിൽക്കുമെന്ന ഉറച്ച നിലപാടാണ് ശോഭ പ്രഖ്യാപിക്കുന്നത്.

ബിജെപി. യിൽനിന്ന് പുറത്തുപോവുന്നു എന്ന വാർത്തകൾ ഈ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന ചോദ്യത്തിന് ശക്തമായ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ വാർത്തകൾ പ്രചരിച്ചത്. ഏതെങ്കിലും മാർക്സിസ്റ്റ് നേതാവുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ല. ഞാൻ ഇത്തരത്തിൽ ചിന്തിക്കുന്നു എന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിനുപിന്നിൽ ആസൂത്രണമുണ്ട്. ഈ ഗൂഢാലോചനയുടെ വ്യക്തമായ തെളിവുകൾ കിട്ടാത്തതുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ശോഭ പറയുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അവർ നിലപാട് വിശദീകരിക്കുന്നത്. പാർട്ടിയുടെ ദേശീയനിർവ്വാഹകസമിതിയിൽ ആറുവർഷമായി പ്രവർത്തിക്കുന്നു. ചില കണ്ണീരുകൾ നമ്മൾ തുറന്നുപറയാറില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീ പല ഘട്ടങ്ങളിലും കരയാറുണ്ട്. എന്നാൽ പല ഘട്ടത്തിലും അവൾ ആ കണ്ണീര് തുറന്നുപറയണമെന്നില്ല-ഇതാണ് വിശദീകരണം.

വരുന്ന നിയമസഭാതിരഞെടുപ്പിൽ മത്സരരംഗത്തുനിന്ന് മാറി പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാനാണ് താൽപര്യമെന്ന് പറയുന്നതിലൂടെ സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് ശോഭ സൂചിപ്പിക്കുന്നതെന്ന വാദം സജീവമാണ്. ഏഴ് തിരഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഇക്കുറി മത്സരിക്കുന്നില്ലെന്ന് നേരത്തെതന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഒരു പ്രതിഷേധവുമില്ല. സന്തോഷത്തോടെയാണ് ഈ തീരുമാനം അറിയിച്ചത്. 5000 വോട്ട് മാത്രം ലഭിച്ച കാലത്ത് മത്സരരംഗത്തുണ്ട്. ഇപ്പോൾ വിജയപ്രതീക്ഷയുള്ള സമയത്ത് എനിക്ക് ത്യാഗം ചെയ്യാൻ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാക്കിയത്.

കഴിഞ്ഞ എട്ടരമാസം പൊതുരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും ഞാൻ വീട്ടിലിരുന്നും മോദിജി നിർദ്ദേശിച്ചപ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ സമയത്ത് മൂന്ന് പുസ്തകങ്ങൾ എഴുതി. അത് ഉടനെ പുറത്തിറക്കും. 36 കോളനികളിൽ കോവിഡ് കാലത്ത് സഹായം എത്തിക്കുന്നതിനുൾപ്പെടെയുള്ള പ്രവർത്തനം നടത്തി. ഈ പരിപാടികൾക്ക് മാധ്യമപ്രചാരണം നൽകിയിട്ടില്ല എന്നു മാത്രം. പദവികൾക്ക് അധികാരത്തിനോ വേണ്ടിയല്ല ഞാൻ പ്രവർത്തിക്കുന്നത്. എട്ടരമാസം മാറിനിന്നിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട്. അത് പാർട്ടിയുടെ ആഭ്യന്തരപ്രശ്നമായതുകൊണ്ട് പൊതുചർച്ചക്ക് വിധേയമാക്കുന്നില്ല.33 കൊല്ലം പ്രവർത്തിച്ചതിനിടയിലാണല്ലോ എട്ടരമാസം വിട്ടുനിന്നത്-ശോഭ ചോദിക്കുന്നു.

ക്രൈസ്തവ,മുസ്ലിം സമുദായത്തോട് ബിജെപി.ക്ക് യാതൊരു വിരോധവുമില്ല. മുസ്ലിംലീഗിനെയുൾപ്പെടെയുള്ള പാർട്ടികളെ എൻ.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നു. മുസ്ലിംലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മുസ്ലിംലീഗ് ദേശീയധാര അംഗീകരിച്ച് എൻ.ഡി.എ യോടൊപ്പം വരാൻ തയ്യാറായാൽ സ്വീകരിക്കും. കശ്മീരിൽ ബിജെപി. അവിടുത്തെ നാഷണൽ കോൺഫ്രൻസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനർചിന്തനത്തിന് തയ്യാറായാൽ അത് മുസ്ലിംസമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക് െകാണ്ടുവരുകയെന്നതാണ് ബിജെപി.യുടെ ശ്രമം. അപ്പോൾ ലീഗ് വരാൻ തയ്യാറായാൽ അവർ ദേശീയത ഉൾക്കൊണ്ടുകൊണ്ടാവുമല്ലോ വരിക.

എന്നെ മാനസികമായി തകർക്കുന്ന രീതിയിൽ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വരുന്ന ചില തെറ്റായ പ്രചരണം ഏറെ വേദനിപ്പിച്ചു. കരഞ്ഞിട്ടുണ്ട്. ഇതിനുപിന്നിൽ ആരൊക്കെയാണെന്നതിന് വ്യക്തവും ശക്തവുമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരാണ് ഇതിനുപിന്നിലെന്ന് അറിയില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്ക് മുൻപ് നേതൃത്വത്തെ അറിയിച്ചിട്ടും ഞാൻ ഒരു സ്ഥാനമോഹിയാണെന്ന നിലയിൽ വിവാദം ഉണ്ടാക്കിയപ്പോൾ അതിന് വിരാമിടാനാണ് മത്സരിക്കാനില്ലെന്ന നിലപാട് തുറന്നുപറഞ്ഞത് എന്നും ശോഭ പറയുന്നു.

ശബരിമല കേസുകൾ പിൻവലിച്ചത് രാഷ്ട്രീയമായി സംഘപരിവാറിന്റെ വിജയമാണിത്. ശബരിമലസമയത്ത് എടുത്തതെല്ലാം കള്ളക്കേസാണെന്ന് ഇതോടെ ബോധ്യമായി. ഗോവിന്ദന്മാസ്റ്ററുടെ തുറന്നുപറച്ചിൽ ഭരണകൂടത്തിനകത്തും പ്രതിഫലിക്കുന്നുണ്ട്. വൈരുദ്ധ്യാത്മക ബൗദ്ധികവാദം മാത്രം മുന്നോട്ടുവെച്ച് പോയാൽ പ്രസ്ഥാനത്തെ നയിക്കാനാവില്ലെന്ന ബോധ്യം ആവാം ഇതിന് കാരണമെന്നും ശോഭാ സുരേന്ദ്രൻ വിശദീകരിക്കുന്നു.