- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെങ്ങന്നൂരിലെ പൊട്ടിത്തെറി പ്രതിഫലിച്ചത് കഴക്കൂട്ടത്ത്; ബാലശങ്കറിനെ വെട്ടിയൊതുക്കിയത് അറിഞ്ഞപ്പോൾ ശക്തമായി ഇടപെട്ട് പ്രധാനമന്ത്രി; ഇതോടെ പൊളിഞ്ഞത് കോൺഗ്രസിലെ യുവ നേതാവിനെ അടർത്തിയെടുത്ത് സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമം; എല്ലാ എതിർപ്പുകളേയും അതിജീവിച്ച് ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥി; കഴക്കൂട്ടത്തും പോരാട്ടം തീപാറും
തിരുവനന്തപുരം: ചെങ്ങന്നൂർ സീറ്റിലെ വിവാദത്തിനൊപ്പം ശോഭാ സുരേന്ദ്രനെ തഴയുന്നത് തിരിച്ചടിയാകുമെന്ന് പ്രധാനമന്ത്രി മോദി തിരിച്ചറിഞ്ഞു. അങ്ങനെ ശോഭയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്തു സ്ഥാനാർത്ഥിയാകും. ചെങ്ങന്നൂരിൽ ബാലശങ്കർ സ്ഥാനാർത്ഥിയാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത് അംഗീകരിച്ചില്ല. ഇതിൽ വിവാദവും തുടങ്ങി. ഇനിയൊരു പ്രശ്‌നം കൂടി കേരളത്തിൽ ബിജെപിക്ക് താങ്ങാനാകില്ലെന്ന് മനസ്സിലാക്കിയായിരുന്നു മോദിയുടെ ഇടപെടൽ. ആർ എസ് എസിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ബാലശങ്കർ. മോദിയുമായി അടുപ്പമുള്ള നേതാവ്.
ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചനയെന്ന് ബാലശങ്കർ ആരോപിച്ചിരുന്നു. ഇത് ഏറെ ചർച്ചയാകുകയും ചെയ്തു. ഇതിനെ സമർത്ഥമായി പ്രതിരോധിക്കാൻ കേരളത്തിലെ ബിജെപിക്കുമായി. എന്നാൽ ഇനിയും നേതാക്കൾ പിണങ്ങുന്നത് പ്രശ്‌നമാകുമെന്ന് മോദി മനസ്സിലാക്കി. ഇതോടെയാണ് കഴക്കൂട്ടത്ത് മോദി ഇടപെടൽ നടത്തിയതും. ശോഭ സ്ഥാനാർത്ഥിയാകുന്നതും.
മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണെന്നു കേന്ദ്ര നേതൃത്വം അറിയിച്ചതായി ശോഭ പറഞ്ഞു. വ്യാഴാഴ്ച ശോഭ മണ്ഡലത്തിൽ എത്തിയേക്കും. മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോൾ കഴക്കൂട്ടം ഒഴിച്ചിട്ടിരുന്നു. ശോഭയുടെ സ്ഥാനാർത്ഥിത്വത്തെ സംസ്ഥാന നേതൃത്വം എതിർത്തിരുന്നെന്നാണു റിപ്പോർട്ട്. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോടെയാണ് അന്തിമ തീരുമാനമുണ്ടായത്. നേരത്തെ പ്രധാനമന്ത്രി മോദി ശോഭാ സുരേന്ദ്രനെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. കഴക്കൂട്ടത്ത് ശോഭ എത്തുന്നതോടെ തീപാറും പോരാട്ടം ഉറപ്പായി.
അതേസമയം, കഴക്കൂട്ടത്തു കേന്ദ്ര നേതൃത്വം നിർദേശിച്ച ശോഭയെ വെട്ടാൻ സംസ്ഥാനനേതൃത്വം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ നിർബന്ധിച്ചെങ്കിലും ഒഴിഞ്ഞു മാറിയതോടെ വീണ്ടും കോൺഗ്രസ് നേതാക്കളെ വലയിലാക്കാൻ ശ്രമം തുടങ്ങിയെന്നാണ് ആരോപണം. യാതൊരു കാരണവശാലും ശോഭയ്ക്കു കഴക്കൂട്ടം നൽകില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണു സ്ഥാനാർത്ഥി പ്രഖ്യാപനം നീളാൻ കാരണം. വിജയൻ തോമസുമായി ചേർന്ന് നിന്ന യുവ നേതാവിനെ കോൺഗ്രസിൽ നിന്ന് എത്തിക്കാനായിരുന്നു ശ്രമം. അതും നടക്കാതെ പോയി.
കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് സ്ഥാനാർത്ഥിത്വം ഉറപ്പായത്. വ്യാഴാഴ്ച മുതൽ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. ഞായറാഴ്ചയാണ് ബിജെപിയുടെ സ്ഥാനാർത്ഥിപട്ടിക പുറത്തെത്തിയത്. അതിൽ കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ കഴക്കൂട്ടത്ത് ഒരു ''സസ്പെൻസ്'' ഉണ്ടെന്നായിരുന്നു ബിജെപി. നേതാക്കൾ പറഞ്ഞിരുന്നത്.എന്നാൽ ആ സസ്പെൻസ് നിലനിർത്താനോ അതിന് അനുസരിച്ച സ്ഥാനാർത്ഥിയെ കൊണ്ടുവരാനോ ബിജെപിക്ക് കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ശോഭ സ്ഥാനാർത്ഥിയാകുന്നത്. നേരത്തെ കഴക്കൂട്ടത്തിന് അവകാശവാദം ഉന്നയിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പരസ്യമായി ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
ആർഎസ്എസ് നേതൃത്വവും ശോഭയ്ക്കാണു വിജയ സാധ്യതയെന്നു ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു സംഘടനയ്ക്കകത്ത് ആഭ്യന്തര പ്രശ്‌നം രൂക്ഷമായി. വിജയസാധ്യത ഇല്ലാത്ത മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി ഒതുക്കാമെന്ന നിലപാടാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റേതെന്നാണു ശോഭ പക്ഷത്തിന്റെ ആരോപണം.
കേന്ദ്രമന്ത്രി വി.മുരളീധരനും സുരേന്ദ്രനെ വിളിച്ചു ശാസിച്ചതോടെയാണ് കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടിലേക്കു മാറിയതെന്നും ശോഭ പക്ഷത്തെ നേതാക്കൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ