കൊച്ചി: ഒടുവിൽ ശോഭാ സുരേന്ദ്രൻ ബിജെപിയിൽ താരമാവുകയാണ്. എവിടെ മത്സിച്ചാലും ബിജെപി പ്രതീക്ഷിക്കുന്നതിന്റെ മൂന്നിരട്ടി വോട്ട് കൂട്ടുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ. ആറ്റിങ്ങൽ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് തെളിഞ്ഞു. ജയിച്ചില്ലെങ്കിലും വലിയ വോട്ട് വിഹിതമാണ് ശോഭാ സുരേന്ദ്രൻ നേടിയത്. വലിയ ബഹളമോ പണക്കൊഴുപ്പോ ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് നടത്തിയ വോട്ട് പിടിത്തം. ഇതാണ് ഇനി കഴക്കൂട്ടത്ത് ത്രികോണ പോരിന് ചൂടു കൂട്ടുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടാൻ ശോഭാ സുരേന്ദ്രൻ എത്തുന്നു. ഇതോടെ ഈ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനും കടകംപള്ളി സുരേന്ദ്രനും തമ്മിലെ പോരായി മാറുകയാണ് കഴക്കൂട്ടം.

ശബരിമല കത്തിച്ചാകും ശോഭാ സുരേന്ദ്രൻ വോട്ടു പിടിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിലും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും ശേഷം ഏറ്റവും കൂടതൽ വോട്ട് അധികമായി നേടിയ ബിജെപി നേതാവായിരുന്നു ശോഭാ സുരേന്ദ്രൻ. ഒരു ഘട്ടത്തിൽ ശോഭാ സുരേന്ദ്രന് സീറ്റ് പോലും സംസ്ഥാന നേതൃത്വം നിഷേധിച്ചിരുന്നു. ഇതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കി. ഇതേ മാതൃകയിൽ ഇപ്പോൾ കഴക്കൂട്ടത്തും അവതരിക്കുകയാണ് ശോഭാ സുരേന്ദ്രൻ. ഗ്രൂപ്പുകളുടെ പിന്തുണയില്ലാത്തതിനാൽ ഏവരാലും ഒതുക്കപ്പെട്ട ബിജെപിയുടെ വനിതാ നേതാവിന് അംഗീകാരം കിട്ടുന്നത് കേന്ദ്ര നേതൃത്വത്തിൽ നിന്നാണ്.

കഞ്ഞിമാത്രം കുടിച്ച് അരവയർ നിറയ്ക്കുന്ന കുട്ടിക്കാലം. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛൻ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോൾ ദുരിതം പുതിയ തലത്തിലെത്തി. ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവർത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആർഎസ്എസിലെത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴെല്ലാം പരമാവധി വോട്ടുകൾ കീശയിലാക്കിയ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തുന്നത് അവസാന നിമിഷമാണ്. രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്ത്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസവുമായി ശോഭ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

പഠിക്കുമ്പോൾ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം വടക്കാഞ്ചേരിയിൽ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആറ് മക്കൾ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോൾ മോഡൽ. 2014ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തിയത്. അതും മികച്ച വോട്ടുയർത്തലിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതാണ് സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പും അവഗണിച്ച് കഴക്കൂട്ടത്തേക്ക് ശോഭാ സുരേന്ദ്രൻ എത്തിക്കുന്നത്.

ലോക്‌സഭയിൽ ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ നടത്തിയത് ഞെട്ടിക്കുന്ന പ്രകടനമായിരുന്നു. എപ്ലസ് മണ്ഡലമല്ല പണം വാരിയൊഴുക്കിയില്ല എന്നതും ശ്രദ്ധിക്കണം. സിപിഎം കോട്ടകളായ ആറ്റിങ്ങൽ ചിറയൻകീഴ് എന്നിവിടങ്ങളിൽ സിപിഎം സ്ഥാനാർത്ഥി എ സമ്പത്തിന്റെ വോട്ടുകൾ വളരെ വലിയ വിള്ളലുണ്ടാക്കിയതും ശോഭ സുരേന്ദ്രൻ നേടിയ വോട്ടുകളാണ്. നിയമസഭയിൽ 40000 വോട്ടിന് ബി സത്യൻ വിജയിച്ച മണ്ഡലത്തിൽ സമ്പത്ത് രണ്ടാമത് പോവുകയും ചെയ്തു. ശോഭ സുരേന്ദ്രനുമായുള്ള വ്യത്യാസമാകട്ടെ വെറും ആറായിരം വോട്ടുകളും. ശോഭ സുരേന്ദ്രന്റെ ഈ നേട്ടം കൂടുതൽ ശ്രദ്ധേയമാകുന്നത് അവർ ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ല എന്നത്കൊണ്ടും കൂടിയാണ്.

ഇതെല്ലാം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഇതെല്ലാം പരിഗണിച്ചാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയാക്കാൻ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചത്. ഏറെ ചർച്ചകൾക്ക് ഒടുവിൽ കഴക്കൂട്ടം മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു. ശബരിമല പ്രശ്‌നത്തിൽ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ശോഭാ സുരേന്ദ്രന്റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്.

ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേര് ഇല്ലായിരുന്നു. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദവും വിലപ്പോയില്ല. ഏറെ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാർത്ഥിയാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തിൽ പോയി പ്രചരണം തുടങ്ങാനും ഇതിനകം നിർദ്ദേശം കിട്ടിയിട്ടുണ്ട്. തുഷാർവെള്ളാപ്പള്ളിയെ ഇറക്കി ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അവസാന നീക്കവും ഇതോടെ പാളുകയാണ്.